Saturday, April 18, 2020

നോവലെറ്റ്--- ചാവോല



             വവ്വാല്കുഞ്ഞുങ്ങള്‍   ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.  വിഷണ്ണത അയാളുടെ കീഴ്ച്ചുണ്ടുകളെ കശക്കുമ്പോഴും കണ്ണുകള്‍ നിര്‍വികാരമായ ഇരുട്ടില്‍ അലിയുകയായിരുന്നു. ഒന്ന്....രണ്ട്....മൂന്ന്....  മൂന്നു  ബലിക്കാക്കകള്‍ അയാള്‍ക്ക്‌ ചുറ്റും കരഞ്ഞു നടന്നു. പിണ്ഡച്ചോറില്‍  അവ ചിക്കിച്ചികഞ്ഞു. വേലിക്കു മുകളില്‍ കയറിയിരുന്നു കൊക്കും തുടച്ചു മൂന്നുവട്ടം കരഞ്ഞു ജന്മാന്തരങ്ങളിലേക്ക് പറന്നുപോയി.
നാലാമത്തെ  ബലിക്കാക്ക..... ആരായിരിക്കുമത്? നാല് എന്ന അക്കത്തിന്റെ കോണുകളില്‍ കുമാരപിള്ളയുടെ കണ്ണുകള്‍ നിസ്സംഗമായി തട്ടിത്തടഞ്ഞു.
“ചെറിയച്ഛാ, ഞാന്‍ പറഞ്ഞത്...”
അയാള്‍ ഞെട്ടിയുണര്‍ന്നു.
“ഓഹോ, ദാ, എത്തിക്കഴിഞ്ഞു”
വരാന്ത വഴി  അയാള്‍ കിഴക്കോട്ടോടി.
കിളിവാതിലിലൂടെ  അകത്തേയ്ക്ക് നോക്കി. കാര്ത്തുവിനെ അവിടെയെങ്ങും കാണാനില്ല. നാശം. വേണ്ട സമയത്ത് കാണുകയില്ല. എവിടെപ്പോയി കിടക്കുന്നോ,ആവോ!” “കാര്‍ത്തൂ..” കിളിവാതിലിലൂടെ അയാള്‍ വിളിച്ചു. ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത്  അയാള്‍ മുഖം തുടച്ചു. വിറയലുണ്ടോ? എന്തിനാണ് വിറയ്ക്കുന്നത്?  അയാള്‍ തിരിഞ്ഞു നോക്കി. അനന്തന്‍  അവിടെയെങ്ങുമില്ല. അവന്റെ ആ നോട്ടം!  ആ ചെകുത്താന്‍ കണ്ണുകളില്‍ നിന്ന് ചോരയൊഴുകുകയാണോ? അയാള്‍ വിസ്മയിച്ചുപോയി.  എന്തൊക്കെയാണ് അവനു വേണമെന്ന് പറഞ്ഞത്? തോര്‍ത്ത്‌...സോപ്പ്....പിന്നെ...എണ്ണയുടെ പേര്..?..ദുരിതം പിടിച്ചവന്‍ തലയിലൊഴിക്കുന്നതിന്റെ പേര്......

 അകത്തു നിന്ന് സ്വകാര്യം പറയുന്നതു പോലെ കാര്ത്തുവമ്മ വിളികേട്ടു. ചകിതമായ ആ കണ്ണുകള്‍ അത്യാപത്തില്‍ പെട്ടിട്ടെ ന്നപോലെ തുറിച്ചു.
“തലേല്‍ തേക്കുന്ന എണ്ണ, തോര്‍ത്ത്‌, സോപ്പ്, വേഗം ഇങ്ങോ ട്ടെടുക്ക്.”  അയാള്‍ കണ്ണുരുട്ടി മന്ത്രിച്ചു. തന്റെ കറകറ കിറ്  കിറ്  ശബ്ദം കേ ട്ട് അയാള്‍ തന്നെ ഭയന്നു. നെഞ്ച് പൊങ്ങി ത്താഴുകയാണ്.
തോര്‍ത്തും സോപ്പും മറ്റും കൊണ്ട് മുറിയിലേക്ക് കയറിച്ചെല്ലു മ്പോള്‍ അനന്തന്‍ പുറംതിരിഞ്ഞു  നില്‍ക്കുകയായിരുന്നു. പെട്ടിയില്‍ എന്തോ ഒക്കെ അടുക്കി വയ്ക്കുകയാണ്.  ചുണ്ടില്‍ സിഗരട്ട് പുകയുന്നുണ്ട്. ഇടയ്ക്ക് നിവര്‍ന്നു നില്‍ക്കും. സിഗരട്ടു ആഞ്ഞു വലിക്കും.  വീണ്ടും പെട്ടിയില്‍ ഓരോന്ന് അടുക്കി വയ്ക്കും.  കുമാരപിള്ള വേഗം മുറിയില്‍ നിന്നിറങ്ങിപ്പോന്നു.  രാത്രിവണ്ടി യ്ക്ക് ഇനി നാലഞ്ചു മണിക്കൂര്‍ കൂടിയുണ്ട്. പതിനൊന്നിന്റെ എക്സ്പ്രസ്സിനാണ് അനന്തന്‍പോവുക.  അയാള്‍ വാച്ച് നോക്കി. രോമാവൃതമായ  കൈത്തണ്ടയില്‍ ഘടികാരം ചത്തു. ശപിക്കപ്പെട്ട ഒരവധിക്കാലത്തിന്റെ , അതിലേറെ ശപിക്കപ്പെട്ട  സൂക്ഷിപ്പുകാരന്‍!
തലവിധി എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതിതാണ്. അയാള്‍ കുനിഞ്ഞുനിന്നു തല അമര്ത്തിക്കുടഞ്ഞു. ചുവരില്‍ ഒരു ചുവന്ന ചിലന്തി ചുവടുകള്‍ വയ്ക്കുകയായിരുന്നു. അതിന്റെ കാലുകള്‍  നീണ്ടുനീണ്ടു വരുന്നു. ആ ചിലന്തിക്കാലുകള്‍ക്കിടയില്‍ കുമാര പിള്ള സ്വന്തം  മൃതദേഹം കണ്ടു. തൊണ്ടു  മാത്രം. വെറും  തൊണ്ട്. 
അയാള്‍ ഒരു ബീഡി ചുണ്ടത്ത് വെച്ചു തീപ്പെട്ടിയുരച്ചു.
പെട്ടെന്ന് വിളക്കുകളെല്ലാം കെട്ടു. പുറത്ത് വഴിവിളക്കും  കെട്ടു. ഉരച്ച തീപ്പെട്ടിക്കമ്പിലെ നാളം മാത്രം.
കറന്റു പോയി. ദുരിതം. ഇനി എപ്പോഴാണാവോ കെട്ടിയെടുക്കു ന്നത്?  അയാള്‍  പിറുപിറുത്തുകൊണ്ട് അനന്തന്റെ  മുറിയിലേ ക്ക് ചെന്നു. വാതിലിനടുത്ത് നിന്ന് അയാള്‍ വിളിച്ചുപറഞ്ഞു. “ശ്ശോ! കറണ്ടു പോയല്ലേ? അനന്തന്‍ തട്ടിവീഴാതെ അവിടെത്ത ന്നെയിരുന്നോ. ഞാനിപ്പോ വിളക്ക് കൊണ്ടുവരാം.”  അയാള്‍ പുറത്തേക്കു  നീങ്ങി  ഉറക്കെ വിളിച്ചു.  “സദാശിവാ”.... അകത്തെ ഇരുട്ടില്‍ നിന്ന്  പുറത്തെ ഇരുട്ടിലേക്ക് ഒരു കറുത്ത കുട്ടി ഇറ ങ്ങി വന്നു.  കുപ്പായത്തുമ്പില്‍ തിരുമ്മിക്കൊണ്ട് വിറയലോടെ നടന്നടുത്തു. അവനെ മാറ്റിവിളിച്ചു  അയാള്‍  അടക്കം പറഞ്ഞു.  “എടാ, ഒരു പെട്ടി മെഴുതിരി  വാങ്ങിച്ചോണ്ടുവാ.  പോ.പോടാ. കായി പിന്നെക്കൊടുക്കാമെന്നു പറ.”  കുട്ടി ഓടി. കുമാരപിള്ളയ്ക്ക് നേരിയ വിറയല്‍ തുടങ്ങി.  ഭഗവാനെ...രക്ഷിക്കണേ...ഇതെന്തിന്റെ തുടക്കമാണ്, ദേവീ... അനന്തന്റെ മുറിയിലേക്കയാള്‍   ഏന്തിവലിഞ്ഞു നോക്കി. മുറിയാകെ നീല ധൂമവലയങ്ങള്‍. ചുവരില്‍ ചോരക്കണ്ണുകളുമാ യി ആ ചിലന്തി.  കട്ടിലില്‍ കിടന്നു കാല്‍ വിറപ്പിക്കുന്ന അനന്ത ന്‍.  മുറിയില്‍ തലങ്ങും വിലങ്ങും ഉല്‍ക്കകള്‍ പോലെ പായുന്ന തീക്കൊള്ളികള്‍.
അപ്പോഴേക്കും കാര്ത്തുവമ്മ തിരികത്തിച്ച  നിലവിളക്കുമായി വന്നു. പൂമുഖത്തു  പതിവായ്‌  വയ്ക്കുന്നിടത്ത്   വെച്ചു. പെട്ടെന്നു കുമാരപിള്ള ഓടിച്ചെന്നു, അടിക്കാന്‍ കയ്യോങ്ങിയിട്ടു പറഞ്ഞു.
“കഴുതേ, അത് അവന്റെ മുറീക്കൊണ്ടോയി വെയ്ക്കെടീ.”
കാര്ത്തുവമ്മ ഭയന്ന് വിളക്കുമായി അനന്തന്റെ മുറിയിലേക്ക് ചെന്നു.  കുമാരപിള്ള വീണ്ടും ബീഡി ചുണ്ടത്ത് വെച്ചു.  പക്ഷെ , കത്തിക്കുന്നതിനുമുമ്പ്  കാര്ത്തുവമ്മ പോയപടി തിരിച്ചുവന്നു..
“അനന്തന്‍ പറയുവാ, വിളക്ക് പൂമുഖത്ത് തന്നെ വെച്ചാല്‍ മതിയെന്ന്‍.”
“ഏ.......ഏ....അതുമതിയല്ലേ?  അതുമതി....അതുമതി. വെളക്ക് ഉമ്മറത്ത്‌  തന്നെ  വെച്ചോ!”
കുമാരപിള്ള എത്രയും വിനീതനായി ഉറക്കെ പറഞ്ഞു. അടുത്ത നിമിഷം ഇരുട്ടിലേക്കൊതുങ്ങി ഭാര്യയോടു പറഞ്ഞു.
“ഒരുമ്പെട്ടോളെ,  -നിക്കൊന്നുമറിഞ്ഞുകൂടാ ഭഗവതീ.”
അയാള്‍ ബീഡി കത്തിച്ചു ഇരുത്തിവലിച്ചു. ചവിട്ടുകല്ലിലിരുന്നു  പടിക്കലേക്കു നോക്കി.
“സദാശിവന്‍ വന്നില്ലെടീ?”
“വന്നു. കട പൂട്ടിപ്പോയെന്ന്.”
അയാള്‍ നടുങ്ങി. ഇനിയെന്ത് ചെയ്യും?
“ഒരു മണ്ണെണ്ണ വിളക്കെങ്കിലും  കത്തിച്ചു വയ്ക്കെടീ.” കാര്ത്തുവമ്മ ഒരു ഓട്ടുവിളക്ക് കത്തിച്ചു പുറത്തേയ്ക്ക് നീട്ടി. അയാള്‍ അത് വാങ്ങി, ബീഡിക്കുറ്റി വലിച്ചെറിഞ്ഞു, അനന്ത ന്റെ   മുറിയിലേക്ക് ചെന്നു.  കൈ വിറയ്ക്കുന്നുണ്ടോ? അയാള്‍ വിളക്ക് മേശപ്പുറത്തു വെച്ചു. അനന്തന്‍ ഇരുട്ടില്‍ ചിരിച്ചോ?  അയാള്‍ വേഗം പുറത്തേയ്ക്ക് പോന്നു.
“എന്തൊരു ചൂട്! അല്ലെ ചെറിയച്ഛാ?”
കട്ടിലിലെ മങ്ങിയ വെളിച്ചത്തില്‍ നിന്നൊരു ചോദ്യം. “തന്നെ,തന്നെ.എന്തൊരു ചൂട്!. കറന്റോ  പോയി; കറുത്തപക്ഷോം!”
കുമാരപിള്ള  ക്ലേശം നടിച്ചു. പെട്ടെന്ന് ചോദിച്ചു: “അനന്തന് ഊണുകഴിക്കാറായില്ലേ?  ഊണെടുക്കാന്‍ പറയട്ടെ?”
“വേണ്ട,വേണ്ട. അല്പം കഴിഞ്ഞോട്ടെ. സമയമുണ്ട്. ഞാന്‍ പറയാം.”
“ഓ. സമയമൊണ്ട്. മണിയെട്ടരയൊമ്പതായെ. ഓ. സമയമൊണ്ട്.”
പകുതി പ്രകാശവും പകുതി സ്വഗതവുമായി പറഞ്ഞുകൊണ്ട് കുമാരപിള്ള വേഗം ഇറയത്തേക്കിറങ്ങി.  അയാളുടെ കണ്ണുകള്‍ ഉമ്മറത്ത്‌  ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിലേക്ക് നീണ്ടു. നിലവിളക്കിന്റെ പ്രകാശത്തില്‍ പേടിച്ചരണ്ട തന്റെ പ്രതിരൂപം അയാള്‍ കണ്ടു. പ്രേതം കണക്കെ.
കുമാരപിള്ളയുടെ വായ്‌ തുറന്നുപോയി. താന്‍ ഇത്ര വികൃതനാ ണോ? ഉറക്കെ നിലവിളിക്കണമെന്നു തോന്നി.
മഴ നനച്ച രാത്രി ചീവീടുകളും മാക്രികളുമായി കുമാരപിള്ളയ്ക്ക് ചുറ്റും ഒച്ചയെടുത്തു. പൂച്ചയെപ്പോലെ പതുങ്ങി അയാള്‍ മുന്നോട്ടു നീങ്ങി.
തെക്കേ ഇടനാഴിയിലേക്കു കുട്ടികളെയെല്ലാം വിളിച്ച്,  ഒച്ച താഴ്ത്തി  അയാള്‍ പറഞ്ഞു.
 “എല്ലാരും  ഇവിടെത്തന്നെ നിന്നോണം. ഏട്ടന്‍ ചെലപ്പം വിളി ക്കും. യാത്ര പറയാനാ. പേടിക്കാനൊന്നുമില്ല. ഒറ്റ വിളിക്ക് ചെ ന്നോണം. ഗീതമോളെ, നിന്നെയാ എനിക്ക് പേടി. ഒറക്കെ ച്ചിരിക്കരുത്. വള കിലുക്കീം കിണ്ണം മറിച്ചിട്ടും ഒച്ചേണ്ടാക്കരുത്. ബഹളമൊണ്ടാക്കരുത്. കേട്ടില്ലേ? നിങ്ങള്‍ക്കുവേണ്ടിയാ മാമനിത് പറയുന്നത്.”
കുട്ടികള്‍ ഒരു വിപത്തിലകപ്പെട്ടപോലെ വിറകൊണ്ടുനിന്നു. അവരുടെ അമ്മ അകം നൊന്തു വിളിച്ചു.
“ന്റീശ്വരാ! കുട്ട്യോള്‍ക്കൊരാപത്തും വരുത്തല്ലേ...”
       കുമാരപിള്ള  കാലുകള്‍ എടുത്തെടുത്തുവെച്ചു നടന്നുപോയി. ഇറയത്ത് വന്നു നെടുതായൊന്നു നിശ്വസിച്ചു. ഭദ്രം! എല്ലാം ഭദ്രം!  അവന്‍  ഇത്തവണ ആരുമായും കലഹിക്കാനിട വരില്ല. അമ്മേ! ആപത്തു വരുത്താതെ കാത്തുകൊള്ളേണമേ... അയാള്‍ അകത്തെ  ക്ലോക്കിലേക്ക് നോക്കി.                                          ഓ. സമയം നീങ്ങണില്യാ.
രണ്ട്
           ഇരുട്ടുമൂടിയ സര്‍പ്പക്കാവിലെ നാഗരാജാവിനെപ്പോലെ കുമാരപിള്ള  ചവിട്ടുകല്ലില്‍ ഇരുന്നു. ചുണ്ടില്‍ ബീഡി പുകഞ്ഞു. പുക ഊതിപ്പറത്തിക്കൊണ്ട്  അയാള്‍ സ്വയം ചോദിച്ചു.ഈശ്വരാ, എന്താണിതിനൊരു പരിഹാരം?   എന്ത് പരിഹാരം? ഒരു പരിഹാരവുമില്ല. ഇതുവരെയുണ്ടായിട്ടില്ല. എത്രകാലമായി ദൈവങ്ങളോട്   താന്‍ ഇത് ചോദിക്കുന്നു? ചോദിച്ചുചോദിച്ചു  പല്ലവിയായി.
അബോധമായും  വായില്‍  വന്നുപോകുന്നു. ഈശ്വരാ, എന്താ ണിതിനൊരു പോംവഴി?
കുമാരപിള്ള തല തടവി. ചെന്ന് പറഞ്ഞാലോ, പുന്നാരമോന്‍ ഇനി അവധിയ്ക്ക് വരണ്ടാന്ന്.
കുമാരപിള്ളയുടെ മുമ്പില്‍  അനന്തന്‍ ഒഴുകി വന്നു.
എന്താ, ചെറിയച്ഛാ, വിളിച്ചോ?
ഓ. ഒരു കാര്യം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എന്താ, പ്രത്യേകമായി?
അതേയ്...ഈ  അവധിയ്ക്കിങ്ങനെ  വരാന്‍...ഒത്തിരി രൂപാ  ചെലവു വരത്തില്ലേ?
വരും. കൊറേ രൂപാ വരും. കൊല്ലത്തിലൊരിക്കലല്ലേ?
അതെ. ശരി തന്നെ. അനന്തന് അവിടെത്തന്നെ  സെറ്റില് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവും...?
അതല്ലേ,  ഞാനിപ്പോള്‍  ചെയ്തിട്ടുള്ളത്? അല്ലാതെ  നിത്യവും പോയിവരുകയാണോ?
അല്ലാ...
കുമാരപിള്ള വാക്കുകള്‍ക്കായി ഒന്ന് പരതിയിട്ട് തുടര്‍ന്നു.
“ഒരുതരത്തില്‍ സെറ്റില് ചെയ്തിരിക്കുക തന്നാ... എങ്കിലും അവധി ഒഴിവാക്കിക്കൂടെ എന്നാണ്  ഞാന്‍ ഉദ്ദേശിച്ചത്...”
“അവധി ഒഴിവാക്കാനോ? എന്തിന്?”
അനന്തന്റെ പുരികമുയര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു.
കുമാരപിള്ള നെഞ്ച് വിരിച്ചു, ചുമലില്‍ കിടന്ന തോര്‍ത്ത്‌ കുടഞ്ഞു പൊട്ടിച്ചു കൊണ്ട് പറഞ്ഞു.
എന്തിനാണെന്നോ! നീയിങ്ങോട്ടു വരാതിരിക്കാന്‍. നീ വന്നാ ലിവിടെ മരണം സുനിശ്ചിതമല്ലേ? കഴിഞ്ഞ മൂന്നു തവണ ലീവില്‍ വന്നപ്പോഴും മൂന്നു പേര് മരിച്ചില്ലേ?  കൊല്ലാനല്ലേ, നീയിവിടെ വരുന്നത്?”
“ഹഹഹഹാ.....”
അനന്തന്‍ പൊട്ടിച്ചിരിച്ചു. കുമാരപിള്ള ഞെട്ടി വര്ത്തമാന ത്തിലേക്ക് കുത്തനെ വീണു.
മുന്നില്‍  അനന്തന്‍ അപ്രത്യക്ഷനായിരുന്നു. വേണ്ട. അവ നോടൊന്നും പറയാന്‍ പോകണ്ട. പറഞ്ഞാല്‍  ഇടയും.
ഇത്തവണ ഇടഞ്ഞാല്‍ അടുത്ത ലീവില്‍ വരുമ്പോള്‍ മരണം സുനിശ്ചിതം. എന്റെ ഈശ്വരാ! കുമാരപിള്ള ദീര്‍ഘമായി നിശ്വസിച്ചു.
സ്വന്തം അച്ഛനെ കൊന്നു. മുത്തച്ഛനെ കൊന്നു. തുഷാരയെ കൊന്നു. ഇനിയാര്? അടുത്തതാര്? വേണ്ടാ. ഭാഗ്യപരീക്ഷണം വേണ്ടാ.
അകത്തെ ഏതോ മുറിയില്‍ നിന്നൊരു  കരച്ചില്‍ കേട്ടു. കുമാര പിള്ള ഞെട്ടിയെണീറ്റു. ഒരു നിമിഷം കാതോര്‍ത്തു. വടക്കിനിയി ല്‍ നിന്നാണ്. അയാള്‍  ഇരുട്ടില്‍  ഓടി.
അനന്തന്റെ അമ്മ  കിടക്കയില്‍ എണീറ്റിരുന്നു തേങ്ങുകയാ ണ്. ചുളിവീണ മഞ്ഞക്കണ്ണുകളിലൂടെ കണ്ണുനീരൊഴുകുകയാ ണ്. ഇരു കൈകളും തലയില്‍ പൊത്തിവെച്ചിരിക്കുകയാണ്.
എന്റെ തള്ളെ, നിങ്ങളെന്താണീ കാണിക്കുന്നത്?ഒന്ന് നിര്‍ത്ത്. അവനെക്കൊണ്ട്‌ വല്ലതും പറയിക്കണ്ട. എന്താ, നിങ്ങള്‍ക്കും പോകാറായോ?
അമ്മയുടെ കരച്ചില്‍ പൊടുന്നനെ നിന്നു.
അവരുടെ കണ്ണുകള്‍ ഭയന്ന പടി തുറന്നിരുന്നു.  അനന്തന്‍ അവരുടെ മുന്നില്‍ ഒഴുകിവന്നു.  ചുറ്റും ഒഴുകി നടന്നു.   അവന്‍ ഉറക്കെ അട്ടഹസിച്ചപ്പോള്‍  വായില്‍ നിന്ന് തീ പുറത്തു ചാടി. തീക്കണ്ണുകള്‍  അവന്‍ വട്ടം കറക്കിക്കാണിച്ചു. നീണ്ട  നാവില്‍ നിന്ന് ചോരയൊഴുകി.  തലയില്‍ കൊമ്പുകളും    കഴുത്തില്‍ തല യോട്ടിമാലയും.  അസ്ഥികള്‍ കയ്യിലെടുത്ത്  അനന്തന്‍ നൃത്ത മാടി.
കുമാരപിള്ള തല ആഞ്ഞു കുടഞ്ഞു. 
ചേടത്തി കെടന്നേ. പറഞ്ഞിട്ട് ഒരു കാരിയവുമില്ല. ഒക്കെ തല വിദിയാ. മിണ്ടാണ്ട് ഒരിടത്ത് കെടന്നോ.
കുമാരപിള്ള വരാന്തയിലേക്ക്‌ പോന്നു.
ആരാണ് ശപിക്കപ്പെട്ടിരിക്കുന്നത്? അനന്തനാണോ?  ശാപ ത്തിന്റെ കാവല്‍ക്കാരനായ താനോ അതോ ഈ തറവാടോ    ? .
കുമാരപിള്ള ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട്  ഒരു ബീഡി കത്തിച്ചു. അയാള്‍ ഓര്‍ത്തു.
അനന്തന് ജോലി കിട്ടി ആദ്യമായി ജലന്ധറിലേക്ക് യാത്രയായ സമയം.   അവന്‍  അവന്റെ അച്ഛനുമായി പിണങ്ങി. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. കേശവേട്ടന്‍ എന്നും നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു.  ഏട്ടന്‍ ചോദിച്ചു.
“അനന്താ, ഈ വേഷത്തിലാണോ നീ ജോലിക്ക്  ചേരാന്‍  പോകുന്നത്?
കേശവേട്ടന്റെ ചോദ്യം കേട്ട, അനന്തനെ യാത്രയാക്കിക്കൊ ണ്ടിരുന്ന എല്ലാവരും വിസ്മയിച്ചു.   അനന്തന്‍ സ്വന്തം ദേഹത്ത് ഒരു മിന്നല്‍പരിശോധന  നടത്തിയിട്ടു ചോദിച്ചു.
“ എന്താണച്ഛാ, കുഴപ്പം, ഞാന്‍  വൃത്തിയായി ഡ്രസ്സ്‌  ധരിചിട്ടു ണ്ടല്ലോ !”
ഓ, വൃത്തിതന്നെ,വൃത്തിതന്നെ, നിന്റെ ആ കപ്പടാമീശ ഒന്ന് കത്രിച്ചുകൂടെ?  എന്തിനിത്ര വലിപ്പം? നീയ് ആരാച്ചാരാണോ?”
കുരുത്തംകെട്ട വാക്കുകള്‍!  കുമാരപിള്ള  ഭൂതകാലനദിയില്‍ തല പുറത്തിട്ടു മുങ്ങിക്കിടന്നു. നീയ് ആരാച്ചാരാണോ? അറം പറ്റിയ വാക്കുകള്‍. അനന്തന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. അവന്റെ മുഖം പ്രസന്നമല്ല
“പറഞ്ഞത് കേട്ടില്ലേ? നിന്റെ പോലീസുമീശ  ഇവിടെ പറിച്ചുവെച്ചിട്ടു മതി, ജോലിക്ക് പോക്ക്”
ഈരെഴത്തോര്‍ത്തു നീട്ടിക്കുടഞ്ഞു പൊട്ടിച്ചു  കേശവേട്ടന്‍ കല്പ നയായി. അനന്തന്‍ അനുസരിക്കാതിരിക്കുമോ? അനുസരി ക്കും. അങ്ങനെയാണവന്റെ ശീലം.
പക്ഷെ, ശീലങ്ങള്‍ മാറുകയായിരുന്നു.  ഉറച്ച  ശബ്ദത്തില്‍ അവന്‍ പറഞ്ഞു,
“ഞാനേ,  സര്‍ക്കാരിലേക്ക് ഫോട്ടോ അയച്ചുകൊടുത്തിട്ടു ള്ളതാ .  ഇനിയിപ്പോ മീശ വടിച്ചേച്ചു ചെന്നാല്‍  ആള്മാറാട്ട ത്തിനു അവര്  കേസെടുക്കും,”
ഒന്ന് നിര്‍ത്തിയിട്ടു  അവന്‍ തുടര്‍ന്നു.
“തന്നേമല്ല, എനിക്കിഷ്ടപ്പെട്ടിട്ടാ ഞാനീ മീശ വെച്ചത്. അതിനി വടിച്ചുകളയാനൊന്നും ഒക്കത്തില്ല. ഞാന്‍ പോവുകാ.”
അനന്തന്‍ അന്ന് ചാടിത്തുള്ളി പെട്ടിയുമെടുത്തിറങ്ങിപ്പോയ രംഗം  ഇന്നും കുമാരപിള്ളയുടെ കണ്മുന്നിലുണ്ട്. അനന്തന്‍ ഒന്നാമത് ലീവില്‍ വന്ന അവസരത്തില്‍ കേശവേട്ടന്‍ മരിച്ചു. ഒരസുഖവുമുണ്ടായിരുന്നില്ല. ഒരു മാനോദു:ഖവുമു ല്ല.മരിച്ചു. പെട്ടെന്നങ്ങ് മരിച്ചു. ആ ലീവും കഴിഞ്ഞു പോകും മുമ്പാണ് മുത്തച്ഛനുമായി തെറ്റിയത്.
“എടാ,എടാ,ധിക്കാരീ. നിന്റെ തന്ത്യോണ്ടായിരുന്ന കാലത്ത് പൊരയ്ക്കകത്തു നീ ചെരിപ്പിടുമായിരുന്നോടാ?  എന്തിനു? തറവാട്ടീപ്പിറന്ന  ആരെങ്കിലും ഇത് ചെയ്യുമോടാ? എന്തെടാ, കേട്ടില്ലേ, നീയ്യ്?”
അനന്തന്റെ ശബ്ദം കൂടുതല്‍ ദൃഡമായിരുന്നു.
“കേട്ടു, മുത്തച്ഛാ, കേട്ടു. ഞാന്‍ പിന്നെന്തോ ചെയ്യണം? ഷൂസഴിച്ചു തലേല്‍ ചൊമക്കണോ? എന്നെക്കൊണ്ടൊക്കത്തില്ല. എനിക്ക് തറവാടിത്തോം വേണ്ട. അതിന്റെ കേമം കൊണ്ടാണല്ലോ ഞാനിങ്ങനെ പരദേശത്ത് കിടക്കുന്നത്! തറവാടിത്തം!”
ഒടുക്കം എന്ത് പറ്റീ?  കുമാരപിള്ള ഗതകാലത്തിന്റെ
ഗര്‍ഭഗൃഹ നട തുറന്നു.
“ചത്തുപോയ കേയവംപിള്ളസാറിന്റെ അച്ഛനും ചത്തെന്നേയ്.”
“ഓ?”
“തെന്നെ. കേട്ടോ, ചങ്ങാതീ. അവിടത്തെ കൊച്ചുസാറിനു ഏതാണ്ടും ദോഷക്കേടോണ്ടത്രേ! അയാള്‍ക്ക് കാലന്‍റെ സേവയൊണ്ടെന്ന്!”
“തെന്നെ?”
“തെന്നെ,തെന്നെ. അയാളോടെടഞ്ഞാ, അയാള് കൊല്ലും. അതാണ്‌ സൊബാവം. അയാക്കു കോവം വരാന്‍ വല്യ കാരണോം വേണ്ടെനും.”
അയല്‍   പറമ്പിലെ   തൂമ്പാപ്പണിക്കാരുടെ  വാക്കുകള്‍.
അതില്‍പ്പിന്നെ അനന്തന്റെ  ശിരോലിഖിതം സകലരും ഗ്രഹിച്ചു. നാടുമുഴുവന്‍ സംസാരമായിക്കഴിഞ്ഞിരുന്നു. എന്താണ്  പ്രതിവിധിയെന്നു മാത്രം ആര്‍ക്കും അറിയില്ല. അങ്ങനെയിരിക്കെയാണ് കുമാരപിള്ളയെ തറവാട്ടു കാരണവത്തി വിളിപ്പിക്കുന്നത്.
കാരണവത്തി കുമാരപിള്ളയോട് ചോദിച്ചു
“കുമാരാ, യെന്ത് ചെയ്യുമെടാ, കുഞ്ഞൂട്ടനെ  ഇനിയെന്ത് ചെയ്യുമെടാ?”
പിറകില്‍ കയ്യും കെട്ടി, കുമാരപിള്ള കൂലങ്കഷമായി ആലോചിച്ചു. ഒരുമാതിരി കുഴഞ്ഞ കേസായിരിക്കുന്നു. അവനോടിടഞ്ഞവരൊക്കെ കണ്ണടച്ച ചരിത്രമേയുള്ളൂ.
“ഞാനെന്തു പറയാനാണ് ഏടത്തീ. എന്തൊക്കെ എങ്ങനൊക്കെ ആകുമെന്ന് ആര്‍ക്കറിയാം.?
“നമുക്കവനെയൊന്നു ഉഴിയിച്ചു കളഞ്ഞാലോ?”
“എന്തോന്ന്? വാതയോ?” അയാള്‍ ചോദിച്ചു.
“ആ. പിന്നെ, വാതയല്ലാതിതെന്തുവാ? നല്ലൊരു മന്ത്രവാദോം കഴിപ്പിക്കാം.”
“അതിനവന്‍ സമ്മതിക്കുമോ? അമ്പലോമില്ലാ, പള്ളീമില്ലാന്നും പറഞ്ഞു നടക്കുന്നവനോട് വാതയൊഴിപ്പിക്കാം എന്നു പറഞ്ഞാ...”
കുമാരപിള്ള അര്ധോക്തിയില്‍ നിര്‍ത്തി. മന്ത്രവാദച്ചുമതല  തന്നില്‍ വന്നു വീഴുമെന്നു  അയാള്‍ക്ക്‌ ശരിക്കറിയാം. അനന്ത നെ വിളിച്ചു കാര്യം പറയുന്ന രംഗം അയാള്‍  മനസ്സില്‍ കണ്ടു. 
“മോനെ, അനന്താ, അനന്തോ.”
“എന്താ ചെറിയച്ഛാ?”
“ ചെറിയച്ഛ ന്‍  ഒരു കാര്യം പറയട്ടെ?”
“ചെറിയച്ഛന് എന്നോട് എന്തെങ്കിലും പറയുവാന്‍ മുഖവുരയെന്തിനാ? പറഞ്ഞോളൂ.”
“ആളുകള്‍ അതുമിതും പറയുന്നു. അല്ല, അതിലൊട്ടും സത്യം ഇല്ല. എങ്കിലും...”
അനന്തന്റെ മുഖം ചുവക്കാന്‍ തുടങ്ങുന്നു. കണ്ണുകള്‍ വലുതാവുന്നു.
“മോന്‍ എന്റെ കൂടെയൊന്നു വരാവോ? ഒരു സലം വരെ?”
“എങ്ങോട്ടാ, ചെറിയച്ഛാ, എന്താ കാര്യം?”
“അഞ്ചുമിനിട്ടേ വേണ്ടൂ . ഒരു പൂജ. ഒക്കെ ചെറിയച്ഛന്‍ ഏറ്റു. മോന്‍ ഒന്നും അറിയണ്ടാ.”
“പൂജയോ, എന്ത് പൂജ?”
“ഒരു മന്ത്രവാദ......”
“എന്തെന്തു? മന്ത്രവാദത്തിനോ?” അനന്തന്‍
പൊട്ടിത്തെറിച്ചു. ഇടിമുഴക്കത്തോടെ.
കുമാരപിള്ള കണ്ണടച്ചുകളഞ്ഞു.
“ നായിന്റെ മോനെ, നിന്റെ തന്തയെ കൊണ്ടുപോയി മന്ത്രവാ ദം കഴിപ്പിക്ക്. എന്നെ നിനക്ക് അറിഞ്ഞൂടാ.  അറിയ്യോ, അറിയ്യോ നിനക്ക്?”
കുമാരപിള്ള ഞെട്ടിയുണര്‍ന്നു.   അയാള്‍ തല അമര്ത്തിക്കു ടഞ്ഞു.
“വേണ്ട,ചേടത്തീ. ഞാനില്ല. അവനോട് ഒന്നിനും ഞാനില്ല. അത് ശരിയാവൂല്ല.”
അയാള്‍ വിയര്ത്തു കുളിച്ചിരുന്നു.
തുഷാരയുടെ മരണം സംഭവങ്ങള്‍ക്കൊരു വഴിത്തിരിവായി. അനന്തന് പറഞ്ഞു വച്ച പെണ്ണായിരുന്നു..ഒരു പൂമ്പാറ്റ.
തടിച്ച കീഴ്ചുണ്ട് തടവിക്കൊണ്ട് കുമാരപിള്ള സ്വപ്നത്തിലെന്നപോലെ നിന്നു.  തുഷാര! ചോരക്കുഞ്ഞായി ജനിച്ചുവീണതു  മുതല്‍ അവളുടെ വളര്‍ച്ചയിലെ ഓരോ മുഹൂ ര്‍ത്തങ്ങളും  അയാള്‍ക്കു മന:പാഠമാണ്.
ആദ്യമായി ഫ്രോക്കണിഞ്ഞു പൂവില്‍ നിന്ന് പൂവിലേക്കവള്‍ പാറിനടന്നത്...... ആദ്യമായി ദാവണിയുടുത്തു ഊഞ്ഞാല്‍ പ്പടിയിലിരുന്നു  കിനാവ് കണ്ടത്.....
മറക്കുവാന്‍ കുമാരപിള്ളയ്ക്ക് അറിയില്ലായിരുന്നു.
പുറത്തെ  ഇരുട്ടിലേക്കയാള്‍  തുറിച്ചു നോക്കി. തുഷാര അയാളു ടെ മുന്നില്‍ വന്നു നിന്നു. പട്ടുപാവാടയുടെ  ഞൊറികള്‍ കാറ്റില്‍ പറന്നു. അയാള്‍ ആന്തലോടെ അവളെ അടിമുടി നോക്കി. തുഷാര! വാസ്തവമല്ലെന്നയാള്‍ക്കറിയാം. എങ്കിലും കൊതിച്ചു. അങ്ങനെയാകുവാന്‍.
തോര്‍ത്തുകൊണ്ട് നെറ്റി അമര്‍ത്തിത്തുടച്ചു അയാള്‍ നിയന്ത്രണം കാത്തു.
“എന്നെ കൊന്നു, മാമാ...” മുള ചീന്തുംപോലെ തുഷാര ഇരുട്ടില്‍ കരഞ്ഞു. പളുങ്കുമണികള്‍ ഉതിര്‍ന്നു വീഴുന്നത് അയാള്‍ അറിഞ്ഞു.
“തുഷാരക്കുഞ്ഞേ...?” അടക്കിയ ശബ്ദത്തില്‍ അയാള്‍ വിളിച്ചു.
“എന്തോ.” വിസ്തൃതമായ പാവാട ഞൊറികള്‍  ഇരുകൈകള്‍ കൊണ്ടും വിടര്‍ത്തിയെടുത്തു   അവള്‍ കുണുങ്ങി. തുഷാരമോ ള്‍ക്ക് എന്തഴകായിരുന്നു! ശ്രീയുള്ള കുട്ടി.  മാമാന്നു തികച്ചുവി ളിക്കില്ല. സ്നേഹത്തിന്റെ തുളുമ്പാത്ത നിറകുടം.  ഒരുവയസ്സുകാരി യായിരുന്ന  കാലത്ത്  അവള്‍  തന്നെ ഉമാരാ, എന്നാണു വിളിച്ചിരുന്നത്.
“ഉമാരാ അച്ച ...എന്ത്യേയ്..”
“ഉമാരാ..അച്ഛ ഫോയ്...”
ഉമാരാ...പാപ്പം.” ഭൂതകാലം ഊഞ്ഞാലാടി. ഊഞ്ഞാല്‍പ്പടിയിലിരുന്നു അയാള്‍ ആരോഹണാവരോഹ ണങ്ങളില്‍  സ്വയം  ഇല്ലാതായി.
“മോളെ...”  അയാള്‍ നീട്ടിവിളിച്ചു.
“എന്തോ.....” അവള്‍ വിളികേട്ടു.
“മോളേ.. അനന്തേട്ടന്‍  നിന്നെ ഉപദ്രവിക്കാറുണ്ടോ ?”  അവള്‍ മിണ്ടിയില്ല. നിശ്ശബ്ദയായി കളി നൃത്തം വെച്ചു. അവള്‍ ചിരിച്ചു കൊണ്ടിരുന്നു, ദീനയായി.
“നിന്റെ മുടിക്ക് കുത്തി പിടിച്ചെന്നും കന്നത്ത് തല്ലിയെന്നും  കേട്ടല്ലോ... നേരാണോ, മോളെ”
അവള്‍ വീണ്ടും കളിനൃത്തമാടുകയും ദീനയായി ചിരിക്കുകയും ചെയ്തു.
അയാള്‍ മറ്റെന്തോ ചിന്തിച്ച സമയത്ത് കേട്ടു.
“എന്നെ കൊന്നു, മാമാ.”
ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങിനെപ്പോലെ അവള്‍ പാറിപ്പാറി യകന്നു. തൂവെള്ള പ്പട്ടുപാവാട ഇരുട്ടിലേക്ക് പറന്നു പറന്നു പോകുന്നത് കാണാമായിരുന്നു. കുമാരപിള്ള കണ്ണ് കൂര്‍പ്പിച്ച് നോക്കി. അവള്‍ അകന്നുപോകുകയാണ്.
“എന്നെ കൊന്നു, മാമാ.” 
അയാള്‍ കണ്ണുകള്‍  പിന്‍വലിച്ചു തലവിലങ്ങനെയാട്ടി ക്കൊണ്ടി രുന്നു.  തുഷാരയുടെ മരണം എല്ലാം തകിടം മറിച്ചു. അതില്‍ പിന്നെ  ആ മുറിയില്‍ ആരും പോകില്ല. കണ്ണും വെട്ടത്തു പോലും ചെല്ലുകയില്ല. പണിക്കാരി മാളൂം  അവക്കടമ്മേം ഒഴിഞ്ഞു പോയി. വീട്ടുപണിയെടുക്കാന്‍ ആരുമില്ല. എല്ലാവര്ക്കും പേടി. ചാകാനാര്‍ക്കാ പേടിയില്ലാത്തത്?
എന്തൊരു ജന്മമപ്പാ!
ഇത്തവണ ഈ നിമിഷം വരെ ആര്‍ക്കും ആപത്തുണ്ടായിട്ടില്ല. എന്താ കാര്യം? കുമാരപിള്ള നെഞ്ചത്ത് കൈ വെച്ച് ആശ്വസി ച്ചു. അവന്‍ കഴിഞ്ഞ പ്രാവശ്യം അവധിക്കു വന്നപ്പോള്‍ ആരു മായും വഴക്കുണ്ടായില്ല. നശിച്ച അവധിക്കാലത്തിന്റെ ഗതികെ ട്ട കാവല്‍ക്കാരനായി താനിങ്ങനെ ഉള്ളതുകൊണ്ട്......
ഇത്തവണയും വഴക്കൊന്നുമുണ്ടാവല്ലേ, കൃഷ്ണാ, ഗുരുവായൂരപ്പാ, ദേവീ! അയാള്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു.
മൂന്ന്
ഭാര്യ വന്നു വിളിച്ചപ്പോള്‍ വാസ്തവത്തില്‍ കുമാരപിള്ള ഞെട്ടി പ്പോയി. കറന്റ് എപ്പോഴോ വന്നിരുന്നു. ചവിട്ടുകല്ലില്‍ തൂണും ചാരിയിരുന്നു താന്‍ ഉറങ്ങുകയായിരുന്നു. അയാള്‍ ചാടിയെ ണീറ്റു. ഉടനെ കേട്ടു.
“അമ്മേ, ഊണെടുത്തോളൂ പോകാറായി.”
ഘനഗംഭീരമായ ആ ശബ്ദം ഇടിമുഴക്കം പോലെ കുമാരപിള്ള കേട്ടു. പിന്നെ അപ്രകാരം ചെയ്യുവാന്‍ ഭാര്യയോട് ആംഗ്യം കാണിച്ചു.
“അനന്തന്‍ വരാത്ത താമസേള്ളൂ. ഒക്കെ വിളമ്പി.”
അത് പറഞ്ഞുകൊണ്ട് കാര്ത്തുവമ്മ  അടുക്കളയിലേക്കോടി. നിമിഷനേരം കൊണ്ട് മേശപ്പുറത്തു ഭക്ഷണം റെഡിയായി.
അനന്തന്റെ  മുറിയിലെ ലൈറ്റ് കെട്ടു. വാതില്‍ക്കല്‍  അനന്ത ന്‍ പ്രത്യക്ഷപ്പെട്ടു. നീണ്ടുനിവര്‍ന്നു സാവധാനം നടന്നടുക്കുക യാണ്. വരാന്ത ശൂന്യം. കുമാരപിള്ള വാല്‍ക്കിണ്ടി എടുത്തു നീട്ടി.
“ചെറിയച്ഛന്‍   ഉണ്ണുന്നില്ലേ?”
“ഉണ്ണാം. ഞാന്‍ പിന്നെ  ഉണ്ണാം.” മുഖത്ത് നോക്കാതെ അയാള്‍ പറഞ്ഞൊപ്പിച്ചു.
അനന്തന്‍  ഊണുമുറിയിലേക്ക് പ്രവേശിച്ചു. മേശയ്ക്കരികില്‍ ചെന്നിരുന്നു. രംഗം  ശൂന്യം.  അവന്‍  തല ചരിച്ചു നോക്കുന്നുണ്ട്.
“അമ്മയെവിടെ?”
അമ്മയെ വിളിക്കാന്‍ കുമാരപിള്ള ഭാര്യയോട് ആംഗ്യം കാണിച്ചു.
ഏടത്തി വരുന്നുണ്ടായിരുന്നു. വന്നപാടെ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. എന്തോ കഷായം കുടിച്ച മട്ടുണ്ടായിരുന്നു ഏടത്തിയുടെ മുഖത്തിന്‌! കുമാരപിള്ള തോര്‍ത്ത്‌ മടക്കി തോളത്തിട്ട്  ഒരു  പരിചാരകന്റെ ഭാവത്തില്‍ നിന്നതേയുള്ളൂ.
ഏടത്തി അനന്തന്റെ  നേര്‍ക്ക്‌ നോക്കുന്നു പോലുമില്ല.
“മോളെ, ഗീതെ.” അനന്തന്റെ മൃദുവായ ശബ്ദം.
“മോളെ, ഗീതെ.” കുമാരപിള്ള ഉറക്കെ വിളിച്ചു.
വാതില്‍പ്പടിക്കല്‍ ഗീതക്കുഞ്ഞിന്റെ മുഖം കണ്ടു. തികച്ചും പേടിച്ച രണ്ടിരിക്കുന്നു. അവള്‍ വിറച്ചിരുന്നു. കരിയെഴുതിയ കണ്ണുകള്‍ പിടച്ചു. ചുണ്ടുകള്‍ കൃത്രിമമായി വിടര്‍ന്നു. കുഞ്ഞിപ്പല്ലുകള്‍ നിരന്നു.  അവള്‍ പല്ലിളിക്കുകയാണോ! കുമാരപിള്ളയ്ക്ക് കലികയറി.
“എന്തുവേണം,അനന്താ-“ അയാള്‍ എത്രയും വിനീതനായി ചോദിച്ചു.
“ഒരു സ്പൂണ്. കറിയൊഴിക്കാന്‍.....”
അനന്തന്‍ മന്ത്രിച്ചു. അവന്‍ ഗീതക്കുഞ്ഞിനെ സൂക്ഷിച്ചു നോക്കുകയാണ്. കുമാരപിള്ളയുടെ ഞെഞ്ഞു പിടച്ചു.
ഗീത സ്പൂണ്‍  എടുക്കാന്‍  അടുക്കളയിലേക്കോടി.  അടുത്ത നിമിഷം സ്പൂണെത്തി. വന്നത് സ്പൂണായിരുന്നില്ല. കറിക്കത്തി. അവള്‍ തിരിച്ചോടി.
സ്പൂണ്‍ വന്നു,. അവളുടെ ചോര വാര്‍ന്ന മുഖത്ത് നോക്കി അനന്തന്‍  മന്ത്രിച്ചു.
“സാരമില്ല, മോളെ.....” അവള്‍ പിന്നോക്കം പിന്നോക്കം നടന്ന്   പടിതട്ടി ഉരുണ്ടു വീണു.  കുമാരപിള്ളയ്ക്ക് അവളെ അടിച്ചു തുട പൊട്ടിക്കാനുള്ള ദേഷ്യമുണ്ടായി.അനന്തന്‍ കൈ കുടഞ്ഞെ ണീക്കുകയാണ്. കുമാരപിള്ള വായ്‌ പൊളിച്ചുപോയി.  ഇടഞ്ഞോ? അനന്തന്‍ ഇടഞ്ഞോ? ആരോടാണ്? ഗീതക്കുഞ്ഞിനോടോ! എന്റെ മോളെ...
രോമാവൃതമായ തന്റെ നെഞ്ചില്‍  വട്ടത്തില്‍  തടവിക്കൊണ്ട്  അയാള്‍ ചോദിച്ചു.
“അനന്തന്‍ ഉണ്ണാതെ...?”
അനന്തന്‍ കൈ കഴുകുകയാണ്. വിളമ്പിയ ചോറും കറികളും അതുപടിയിരിക്കുന്നു. കൈ കഴുകിക്കഴിഞ്ഞു അനന്തന്‍ തിരിയുന്നില്ല. ഒരു പ്രതിമ കണക്കെ അവന്‍ പുറംതിരിഞ്ഞു നിന്നു.  
നിശ്ചലം.
കുമാരപിള്ളയ്ക്ക് തല ചുറ്റുന്നുവെന്നു തോന്നി. ഭഗവാനെ, ഇതെന്തിന്റെ തുടക്കമാണ് ദേവീ. ആരാണീശ്വരാ, അടുത്ത ഇര? ഇത്ര വരെ കാത്തുസൂക്ഷിച്ചിട്ടു   അവസാന നിമിഷത്തില്‍....
അനന്തന്‍ ജനലരികിലേക്ക് നീങ്ങി. ജനലഴികളില്‍  പിടിച്ചു അവന്‍ പുറത്തേക്കു നോക്കി നിന്നു.  പിന്നെ തല ജനലഴി കളില്‍ ചേര്‍ത്ത് വച്ചു. അവന്‍ തേങ്ങുകയാണോ...
കുമാരപിള്ള കണ്ണ് കൂര്‍പ്പിച്ച് നോക്കി.
അനന്തന്‍ കരയുകയാണ്. തേങ്ങിത്തേങ്ങിക്കരയുകയാണ്.
അത് കുമാരപിള്ളയ്ക്കൊരു പുതിയ കാഴ്ചയായിരുന്നു. ജനലഴി കളില്‍ തൂങ്ങി  അവന്‍ തിരിഞ്ഞു നിന്നു.
കണ്ണുനീര്‍ ധാരയായി ഒഴുകുകയാണ്. കുമാരപിള്ളയ്ക്ക് നാവിറങ്ങിപ്പോയി.
“അമ്മേ-” തേങ്ങലിനിടയില്‍  അയാള്‍ വിളിച്ചു.
ഏടത്തി ഞെട്ടിയെണീട്ടു. നരച്ച, പാറിപ്പറന്ന തലമുടി വാരിക്കെട്ടിക്കൊണ്ട്, ഏടത്തി  അനന്തനെ തുറിച്ചു നോക്കി.
“ഞാന്‍ പോകുന്നില്ലമ്മേ. ഞാനിനി ജോലിക്ക് പോകുന്നില്ലാ...” അനന്തന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
“എന്ത്? ഇനി പോകുന്നേയില്ലേ?”  ഏടത്തിയുടെ  ഞെട്ടിക്കൊ ണ്ടുള്ള ആ ചോദ്യം വീടിന്റെ തെക്കെ മുറിയില്‍ പ്രതിധ്വനിച്ചു. നടുമുറ്റത്ത്‌ പ്രതിധ്വനിച്ചു. ഇടനാഴിയിലും പിന്നെ വീട്ടിലെ ഇരുട്ടുകളിലെല്ലാം പ്രതിധ്വനിച്ചു.
കുമാരപിള്ളയുടെ സ്വതേ ചീര്‍ത്ത മുഖം  കുറേക്കൂടി ചീര്‍ത്തു. കറുത്തു.                                                                                                             എന്താണ് പറഞ്ഞത്? ഇനി പോകില്ലെന്നോ? ദുരിതം പിടിച്ചവന്‍ ഇവിടെ സ്ഥിരം താമസിച്ചു സകലരേയും കൊല്ലാന്‍ പോകുകയാണോ?                                                              കുമാരപിള്ളയുടെ തല മരവിച്ചു കഴിഞ്ഞിരുന്നു.
“അതെ. ഇനി ഞാന്‍ പോകുന്നില്ല. “
“ഞാന്‍ നിങ്ങള്‍ക്കാരാ? ആര്‍ക്കുവേണ്ടിയാണ് ഞാന്‍ അന്യ നാട്ടില്‍ കിടന്നു നരകിക്കുന്നത്? എന്നെ സ്നേഹിക്കാന്‍ ആരു മില്ലാതായിരിക്കുന്നു. ഒരാളെ ഞാന്‍ സൂക്ഷിച്ചു നോക്കാന്‍ പാടില്ല. ഒരാളെ നോക്കി ചിരിക്കാന്‍ പാടില്ല. ഒരു കുഞ്ഞിനെ യെടുത്തോമനിക്കാന്‍ പാടില്ല. ഞാന്‍ കാലനാണത്രേ!”
അനന്തന്റെ ശബ്ദം  ആ പഴയ വീടിനെ അകം പുറം മറിച്ചു. ഓരോന്ന് കേള്‍ക്കുമ്പോഴും കുമാരപിള്ളയുടെ തല താഴ്ന്നു താഴ്ന്നു പോയി.                                                                                                    ഇടഞ്ഞു. അനന്തന്‍ ഇടഞ്ഞു.                                                                                                പതുക്കെ രംഗത്ത്‌ നിന്ന് മാറിയാലോ?  തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.  അയാള്‍ വായുപോലുമിളകാതെ പുറത്തു കടന്നു. മാറിക്കളയാം. അവനൊന്നു തണുത്തിട്ട്  തിരിച്ചുവരാം. അവനോടു തല്ലു കൂടിയാലുള്ള അനുഭവം അറിയാമല്ലോ. പിന്നെ എന്തിനീ തള്ള ഇങ്ങനെ പുറപ്പെടുന്നു?
തടി രക്ഷിക്കുക തന്നെ.. മാറിക്കളയാം.
മറ്റെവിടെയെങ്കിലും പോയി ജീവിക്കുക എന്നത് ക്ലേശകരമാണ്. പാടവും പറമ്പും ആര് നോക്കും? ഇടയ്കൊന്നു  നാട്ടില്‍         വന്നുപോകണമെങ്കില്‍ അനന്തന്റെ കണ്ണ് വെട്ടിച്ചു വേണംതാനും. അതും അപകടമാണ്. ഏതായാലും പോവുക തന്നെ. ജീവനല്ലേ, പ്രധാനം?
കുമാരപിള്ള ഉറച്ചുകഴിഞ്ഞിരുന്നു. കാര്ത്തുവും പിള്ളേരും വീട്ടില്‍ തന്നെ നില്‍ക്കട്ടെ. ഒരു വീടോ മറ്റോ ശരിയായിക്കഴിഞ്ഞിട്ടു  അവരെയും കൊണ്ടുപോകാം.
പക്ഷെ, അത് ശരിയാണോ? കുമാരപിള്ള മറിച്ചും ആലോചിച്ചു. അവര്‍ക്കെന്തെങ്കിലും ആപത്തു പിണഞ്ഞാലോ?  കാര്ത്തു വിനെ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ല. അയാള്‍ ഏന്തിവലി ഞ്ഞു കിളിവാതിലിലൂടെ കാര്ത്തുവിനെ ആംഗ്യം കാണിച്ചു വിളിച്ചു. കാര്ത്തുവും  മക്കളും ഒരു പറ്റമായി മുറ്റത്തെത്തി. എല്ലാവരുമുണ്ട്. അനന്തന്റെ രണ്ടനുജത്തിമാരുമുണ്ട്. പോരട്ടെ. പോരട്ടെ. എല്ലാവരും പോരട്ടെ. അവനും അവന്റെ അമ്മയും കൂടി ഇവിടെക്കിടന്നു തുലയട്ടെ. ഓരോരുത്തരുടെ വിധി! അല്ലാതെന്നാ?
“മക്കളേ, നമുക്കൊരിടം വരെ പോകാം. എല്ലാവരും മുറ്റത്തോട്ടിറങ്ങി നിന്നോ.  ഞാനിതാ വന്നു.”
കുമാരപിള്ള മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. പിള്ളേരുടെ കുറെ ഉടുപ്പുകള്‍....ചിട്ടിപ്പുസ്തകങ്ങള്‍...മഹാലക്ഷ്മിയുടെ ചില്ലിട്ട ചെറിയ പടം...എല്ലാം കൂടി ഒരു തുണിസഞ്ചയില്‍ തിരുകിക്ക യറ്റി. ഇനി ഇറങ്ങാം. അയാള്‍ തെല്ലിട ആലോചിച്ചു.  ഭഗവാനെ, രക്ഷിക്കണേ! അയാള്‍ കതകു ചേര്‍ത്തടച്ചു പൂട്ടി. പെട്ടെന്ന്  പുറത്തു കൂട്ടനിലവിളി കേട്ടു. കുമാരപിള്ള പുറത്തേക്കു പാഞ്ഞു. ഉമ്മറത്ത്‌ കണ്ട കാഴ്ച കുമാരപിള്ളയെ നടുക്കി. കാര്ത്തുവും മക്കളും മുറ്റത്തു നിന്ന് വലിയ വായില്‍ നിലവിളി ക്കുന്നു. വാതില്‍പടിക്കല്‍ അനന്തന്‍ സംഹാരരുദ്രനായി നില്‍ക്കുന്നു.
“ചെറിയച്ഛാ, ഇതില്‍ ഭേദം എന്നെയങ്ങോട്ടു കൊന്നൂടായിരുന്നോ?”
കുമാരപിള്ള ഒരു നിമിഷത്തെയ്ക്ക് തപ്പിപ്പോയി. കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നത്? ഇവനില്‍ നിന്നു ആര്‍ക്കും മോചനമില്ലേ ഭഗവാനെ?
കുമാരപിള്ള നോക്കിനില്‍ക്കെ അനന്തന്‍ വാതില്‍പ്പടികള്‍ വലിയൊരു ചിലന്തിയായി. കണ്ണുകളില്‍ ചോരയൊഴുകുന്ന ഊക്കന്‍ ചിലന്തി.    അയാള്‍ രണ്ടടി പിന്നോട്ടു വച്ച്. ചിലന്തി ക്കാലുകള്‍ക്ക് നീളം വയ്ക്കുകയാണ്. കാലുകള്‍ നീണ്ടുനീണ്ടു വന്നു. പല്ലിളിക്കുന്ന ഒരു കിനാവള്ളിയായി അനന്തന്‍. ചുരുട്ടിപ്പിടിച്ച കിനാവള്ളിക്കാലുകളില്‍  കേശവേട്ടന്‍ ചിരിച്ചു. മുത്തച്ഛന്‍ ചിരിച്ചു. തുഷാരക്കുട്ടി ചിരിച്ചു. ചിരിക്കുന്നോ? അയാളുടെ വായ്‌ തുറന്നുപോയി. കൈകാലുകള്‍ തളരുന്നു. നാവു വരളുന്നു. മടിച്ചുമടിച്ച് അനന്തന്റെ കണ്ണുകളിലേക്കു നോക്കി.ക്ഷുഭിതനായ അനന്തന്റെ രൂപം അയാളെ വിറപ്പിച്ചു. എന്ത് സമാധാനം പറയണമെന്നറിയാതെ അയാള്‍ അല്‍പനേരം പല്ലിളിച്ചു നിന്നു. ഒരു മനുഷ്യനെക്കൊണ്ടാവുന്നതില്‍ ഏറ്റവും വിളറിയ ചിരി.
പെട്ടെന്ന് ഒരു ഉത്തമ പരിചാരകന്റെ ഭാവം പകര്‍ന്നു, കുമാരപിള്ള പറഞ്ഞു, “അനന്തന്‍ വേഗം പോയില്ലെങ്കില്‍  വണ്ടി തെറ്റും ഇനി എന്തിനാ താമസം? വേഗാവട്ടെ, കേട്ടോ...?
അയാള്‍ അനന്തന്റെ പെട്ടിയെടുത്തു ഇറയത്ത് കൊണ്ടുപോ യി വെച്ചു’.പുറം തിരിഞ്ഞു നിന്ന് തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു.        തിരിച്ചുവന്നു അയാള്‍ പറഞ്ഞു. 
“മോളെ, ഗീതെ, ആ പാല് മധുരമിട്ട് വേഗം കൊണ്ടുവാ.” ആരും അനങ്ങിയില്ല.
“അല്ലേല്‍, പാല്  ഞാന്‍ തന്നെ എടുത്തുകൊണ്ടു വരാം.” അയാള്‍ ധൃതി നടിച്ചു നടന്നു, രണ്ടടി. രണ്ടടി മാത്രം.
ഞരമ്പുകള്‍ വലിഞ്ഞു മുറുകിയ , തികച്ചും ഭയഗ്രസ്തമായ മുഖം തിരിച്ചു അനന്തനെയൊന്നു നോക്കി.
അനന്തന്‍ ചിരിക്കുകയാണ്.
അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു
കുമാരപിള്ള പാലെടുക്കാന്‍ പോയില്ല. തിരിച്ചു വന്നു, അവിശ്വാ സ്യതയോടെ, അനന്തന്റെ മുഖത്തയാള്‍ നോക്കി. ആ കണ്ണു കള്‍ വലുതാകുന്നത് അയാള്‍ കണ്ടു. ചോരഞരമ്പുകളിഴഞ്ഞ തിളങ്ങുന്ന  കണ്ണുകള്‍. ശിരസ്സില്‍ കൊമ്പുകള്‍ മുളച്ചു. വിരലുക ളില്‍ നഖങ്ങള്‍ നീണ്ടു.  അനന്തന്‍ അടിമുടി ഭീകരരൂപം പ്രാപിക്കുന്നതയാള്‍  കണ്ടു.  വായില്‍ നിന്ന് ചുടുചോരയൊഴുകുകയാണ്.
ആസന്നമായ മരണം കുമാരപിള്ള തൊട്ടുമുന്നില്‍ കണ്ടു. അയാള്‍ അനന്തന്റെ അടുത്തേയ്ക്ക് ചെന്ന്, തോളുകള്‍ പിടിച്ചു കുലുക്കി.
“എന്റെ പൊന്നനന്താ, എനിക്കാറും പൈതങ്ങളാണേ! അതുങ്ങളൊരു വഴിക്കാകുന്നതുവരെ...അതുവരെയെങ്കിലും..... എന്റെ പൊന്നനന്താ”
കുമാരപിള്ള കണ്ണുപൊത്തി, വിമ്മിക്കരഞ്ഞു കൊണ്ട് അനന്തന്റെ പാദങ്ങളില്‍ വീണു.
നിശ്ശബ്ദത നിമിഷങ്ങളെണ്ണി.
അയാളുടെ  കണ്ണുകള്‍ ദീനമായി യാചിച്ചുകൊണ്ടിരുന്നു.
തുറന്നിരുന്ന ആ കണ്ണുകള്‍  വെള്ളപുതക്കും വരെ യാചിച്ചുകൊണ്ടേയിരുന്നു.
------

വംശനാശം




  ഒരു  സ്വാശ്രയ   ബി.എഡ്ഡ്. കോഴ്സിലേയ്ക്ക് രണ്ടു ലക്ഷം തലവരി  കൊടുക്കാന്‍  ശേഷിയുള്ള  കുറേ  അപേക്ഷകരെ ഉടന്‍  സംഘടിപ്പിക്കുക. ഈ  ലക്ഷ്യവുമായി രാവിലെ ടൗണിലേക്കിറങ്ങിയപ്പോഴാണ്, ത്രിവേണി ടെയിലറിങ് ഷോപ്പ് പൊളിക്കുന്നു, എന്ന വാര്‍ത്ത  അടുത്ത ആരുടേയോ മരണം പോലെ   എന്നെ ഞെട്ടിച്ചത്.  എന്നെങ്കിലും ഒരിക്കല്‍സംഭവിക്കുമായിരുന്നത് അന്നു സംഭവിക്കുന്നു .   ലക്ഷ്യം പാതിവഴിയില്‍   മാറ്റി വച്ച് ഞാന്‍ ചെട്ടിയങ്ങാടിയി ലേക്ക് പറന്നു.            .
               പുരാതനമായ  ഒരു   ഒറ്റമുറിപ്പീടികയായിരുന്നു  തയ്യല്‍കട .   തയ്യല്‍ക്കട എന്നുപറഞ്ഞാല്‍കട്ടിത്തുണി കൊണ്ടുള്ള വരയന്‍സഞ്ചി,    വൃദ്ധ ജനങ്ങളുടെ കോറത്തുണിയുല്‍പ്പന്നങ്ങളായ കയ്യില്ലാ ബനിയന്‍വരയന്‍നിക്ക ര്‍,  ലെങ്കോട്ടി, റൗക്ക, ബോഡീസ്, ചെറിയ പെണ്‍കുട്ടികള്‍ക്കുള്ള ഷെമ്മി   എന്നീ ഐറ്റംസ്  ഉത്തര വാദിത്വത്തോടെ തയ്യ്ച്ചുകൊടുത്തിരുന്ന ഒരു വിശ്വസ്ത സ്ഥാപ നം. പ്രൊപ്രൈറ്റര്‍കാള ബാപ്പന്‍.  എന്നാല്‍അതിലുപരിഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച അവശേഷിപ്പായിരുന്നു,. ത്രിവേണി ടെയിലറിങ് ഷോപ്പ്. 
              ത്രിവേണി പൊളിച്ചുനീക്കിയാല്‍രണ്ടു പ്രധാന നഷ്ടങ്ങളാണ് ഉണ്ടാവു ക.  ഒന്ന്, ഏഴു പതിററാണ്ടു പഴക്കമുളള ഒരു ചരിത്ര സാക്ഷ്യം. രണ്ട്,  ഒരു അനാ ഥ  ഭ്രാന്തന്റെ കുപ്പമാടം.  ഈ നഷ്ടബോധം എല്ലാ ചെട്ടിയങ്ങാടിക്കാര്‍ക്കും  ഇല്ല.
                                            2
പഴമക്കാര്‍ക്കു മാത്രം.       ഞങ്ങളുടെ    പുതു തലമുറ   അവജ്ഞയോടെയാണ്  ഈ കെട്ടിടത്തെ കാണുന്നത്.    കാരണം    അവര്‍ക്കു പഴയ ചെട്ടിയങ്ങാടിയെ അറിയില്ല. 
                 പണ്ടത്തെ ചെട്ടിയങ്ങാടിയുടെ മനസ്സും കണ്ണും കാതും നാവും  ആ ചെറിയ സ്ഥാപനമായിരുന്നു. എന്നും വൈകുന്നേരമാകുമ്പോഴേയ്ക്കും    കടയി ല്‍  കുറേയേറെ  സീനിയര്‍സിറ്റിസണ്‍സ്  ഒന്നിച്ചുകൂടും. ബാപ്പന്റെ സമവയസ്ക്ക രും  ഉറ്റ തോഴന്മാരും. എല്ലാവര്‍ക്കും ഒരേ യൂണിഫോമായിരിക്കും വെള്ള ഷര്‍ട്ട്. കഴുത്തറ്റം കുടുക്കിട്ടത്. വെള്ള മുണ്ട് മര്യാദയായി  മടക്കിക്കുത്തിയത്. വെള്ളത്ത ലമുടി  അരികു വകച്ചില്‍ഇട്ട്  ചീകിയൊതുക്കിയത്.  ക്ളീന്‍ഷേവ്.
                  നാട്ടുവര്‍ത്തമാനത്തില്‍നിന്നു പതുക്കെപ്പതുക്കെ ലോക രാഷ്ട്രീയ പുസ്തകം തുറക്കപ്പെടുകയായി. ബാപ്പ‍‍‍‍ന്‍തയ്പ്പു മതിയാക്കി രാഷ്ട്രീയചര്‍ച്ചയിലേയ്ക്കു ചാടും. പിന്നെ അവിടെ നല്ല ഒരു സദസ്സാണ്.  അതില്‍എല്ലാ ജാതിക്കാരും ഉ ണ്ടാകും. ' കംണിസ്റ്റുകളും ' 'കാങ്ക്രസ്സനുകൂലികളുംരണ്ടിന്റേയും ഒറ്റുകാരും  ഉണ്ടാ കും.  ചൂടുള്ള വാദപ്രതിവാദങ്ങള്‍  ഉയരുകയായി.   ജര്‍മ്മനി, ജപ്പാന്‍, അമേരിക്കസഖ്യ കക്ഷികള്‍, ഒന്നാം വട്ടമേശസമ്മേളനം... തുടങ്ങി ചര്‍ച്ച കേരളവും  ഇന്ത്യ യും വിട്ടു  അന്താരാഷ്‌ട്രമാകും.  എന്തൊക്കെ പറഞ്ഞാലും പഴയ  ആളുകള്‍ക്ക് ലോക രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നു.  എല്ലാം കഴിഞ്ഞു പിരിയുമ്പോള്‍അവര്‍തമ്മിലുള്ള സ്നേഹത്തിന് ഒരു  കുറവുമില്ല  താനും.
                അന്ന് ആ കടയും പരിസരങ്ങളും ഒരുപാടു ജനത്തിരക്കേറിയതായി രുന്നു. ത്രിവേണിയുടെമുമ്പില്‍ചെന്ന്  ഇടത്തേയ്ക്ക്-  ത്രിവേണി കഴിഞ്ഞ് മൂന്നാമ ത്തേത്-  ഇവിടുന്നു  ത്രിവേണി വരെ  എന്നൊക്കെയാണ്   ഞങ്ങള്‍അടയാളം  പറഞ്ഞുകൊടുത്തിരുന്നത്..
               ഇന്ത്യന്‍സ്വാതന്ത്ര്യ സമരത്തിന്റെ വിദൂരമായ   ആരവങ്ങളും അല
                                                     3
യൊലികളും ആവേശങ്ങളും മുദ്രാവാക്യം വിളികളും പ്രഖ്യാപനങ്ങളും അപ്പപ്പോ ള്‍ചെട്ടിയങ്ങാടിക്കുഗ്രാമത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്ന ത് ത്രിവേണിയില്‍  സദാ മുരണ്ടു കൊണ്ടിരുന്ന ഒരു ചെറിയ മര്‍ഫിയും  അതി ല്‍താളം പിടിച്ചിരുന്ന ബാപ്പനുമായിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ കണ്ണു വെട്ടിച്ച്
മധ്യകേരളത്തിലെ നിരവധി സമരസേനാനികള്‍  ത്രിവേണിയുടെ തട്ടിന്‍പുറത്ത്  ബാപ്പന്റെ അനുവാദത്തോടെ ആഴ്ചകള്‍  ഒളിവില്‍  കഴിച്ചുകൂട്ടിയിട്ടുണ്ട്.   തികഞ്ഞ ഗാന്ധിയനായ ടെയ് ലര്‍ബാപ്പന്‍  തൂവെള്ള  ഖദര്‍ധരിച്ച് ഏവരോടും വളരെ കാര്യ ഗൗരവത്തോടെ  സമരമേഖലകളെക്കുറിച്ച് പ്രസംഗിച്ചു.  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം തന്നെത്ത  ന്നെ  കരുതിയിരുന്നത്.
                 ത്രിവേണിയുടെ സുവര്‍ണ്ണകാലം ഏറെനാള്‍  നീണ്ടു നിന്നില്ല. ഗ്രാമ ത്തിന്റെ തെക്കുഭാഗത്തായി റെയില്‍വേ സ്റ്റേഷനു സമീപം ഒരു  വമ്പന്‍സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി വന്നതോടെ ചെട്ടിയങ്ങാടിയുടെ അലകും പിടിയും മാറി പ്പോയി.  പണ്ടു സന്ദേശഹരന്‍നടന്നുപോയ കോകസന്ദേശത്തിലെ പുകണക്കാ വിലേക്കുള്ള പഴമ്പാതയും അത്യാവശ്യ സര്‍വ്വീസുകളായ    മരയ്ക്കാരുകുഞ്ഞിന്റെ പലവ്യഞ്ജനക്കട , റേഷന്‍കട ഡാക്ടര്‍കൈമളിന്റെ ഹോമിയോ ക്ളിനിക്ക്, ചാക്കോയുടെ ബാര്‍ബര്‍ഷാപ്പ്കറുത്ത കോട്ട് സാഹിബ്ബിന്റെ ജൗളിക്കട തുടങ്ങി യവയും ചേര്‍ന്ന്  പരമദാരിദ്ര്യത്തിലധിഷ്ടിതമായ പഴയ കുഗ്രാമം  പുതിയ റോഡു കളും പുതിയ വീടുകളും പുതിയ കടകമ്പോളങ്ങളും ജനത്തിരക്കും കൊണ്ട്പുനര്‍ജ്ജ നിച്ചു. ദൂരദേശത്തു നിന്നു ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും  താമസിക്കാന്‍കഴുത്തറപ്പന്‍ദിവസ വാടകയ്ക്കു വീടും മുറികളും  നല്‍കി ,ചെട്ടിയങ്ങാടിക്കാര്‍പെട്ടെന്നു പണക്കാരായി.  ഇപ്പോള്‍ഞങ്ങള്‍ഹാഫ് പട്ടണവാസികളാണ്. പരിഷ്കാരികളും. ചെട്ടിയങ്ങാടിയുടെ പേരു മാറ്റി, വിഷ്ണുപുര
                                               4
മെന്നാക്കി.  ആ പുതുപുത്തന്‍കെട്ടിടങ്ങളുടെ നടവാതില്‍ക്കലാണ്പഴകി ദ്രവിച്ച ഏതു സമയത്തും വീണടിയുമെന്നു തോന്നിപ്പിക്കുന്ന കുഷ്ടരോഗം പിടിച്ച ത്രിവേണി ടെയ്‍ലറിങ് ഷോപ്പ് .  ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് അത് പൊളി ച്ചു കളയേണ്ടതാണെന്ന്.
                  ത്രിവേണിയുടെ  കഷ്ടകാലത്തിന്റെ  അപായമണി മുഴക്കിക്കൊണ്ട് ടെയ്‍ലര്‍ബാപ്പന്‍പെട്ടെന്നു മരിച്ചു. അതോടെ  ഒന്ന്,രണ്ട്,മൂന്ന്എന്നിങ്ങനെ മുഷിഞ്ഞ പത്തു ചോക്കടയാളങ്ങള്‍ പതിഞ്ഞ  ത്രിവേണിയുടെ പുരാതന നിരപ്പല കകള്‍എന്നെന്നേയ്ക്കുമായി വീണു.                
               ബാപ്പന്‍ ചരിത്രമായ ഉടനെ ചിലര്‍   കടപൊളിച്ചുപണിയാന്‍ശ്രമിച്ചു വെങ്കിലും  ബാപ്പന്റെ വിശ്വസ്ത സേവകനായിരുന്ന  കൊച്ചുവക്കൊ, കട ഒഴിഞ്ഞു കൊടുക്കാന്‍  തയ്യാറായില്ല. അയാള്‍   കടയില്‍തന്നെ താമസമാക്കി. സഖാവ് , ഭ്രാന്തന്‍, നക്സല്‍, ഷിബുസോറന്‍എന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന അ യാളോട് അടുക്കാന്‍ആരും ധൈര്യം കാണിച്ചിരുന്നുമില്ല.  അയാളെ    എനിക്കും പേടിയായിരുന്നു.   ചുമല്‍  വരെ  നീണ്ടു വളര്‍ന്നു  കാടുപിടിച്ച തലമുടി.  മുഖം നിറ ഞ്ഞു വളര്‍ന്നു തിങ്ങിയ താടി. ഷിബുസോറന്‍എന്നു പേരു വാങ്ങിച്ച മീശ.  മെലി ഞ്ഞുണങ്ങിയ ദേഹം.   ചിലനേരം  ഒരുതരം തുളയ്ക്കുന്ന നോട്ടമുണ്ട്. പിന്നെയൊരു വെടലച്ചിരിയും. അത്തരം ചിരിയ്ക്ക് ഞങ്ങള്‍കൊച്ചുവക്കോച്ചിരി എന്നാണ്   പേരു കൊടുത്തിട്ടുള്ളത്.                             
               തയ്പു നിലച്ച ത്രിവേണിയില്‍ കനച്ച ഇരുട്ടും കൊച്ചുവക്കോയും കാവ ല്‍ആരംഭിച്ചു. സ്വന്തമായി ഒന്നുമില്ലായിരുന്ന കൊച്ചുവക്കോയുടെ ഈശ്വരനുള്‍പ്പടെ എല്ലാമായിരുന്നു ടെയ്‍ലര്‍ബാപ്പന്‍. യജമാനന്‍തിരോഭവിച്ചിട്ടും ത്രിവേണി വിട്ടു പോകുവാന്‍അയാള്‍ക്കു കഴിഞ്ഞില്ല. നീണ്ട തയ്പ്പു മേശപ്പുറത്ത് എപ്പോഴും സ്ഥി രപ്രജ്ഞനായ മുനിയെപ്പോലെ
                                               5
അയാള്‍ ഉറങ്ങിയോഉറങ്ങാതെയോ കിടപ്പുണ്ടാ കും.  ഗാന്ധിജി, ചാച്ചാജി, നേതാജി  തുടങ്ങിയ  വലിയ ചുവര്‍ദൈവങ്ങളോട് പരിതപിച്ച്, പൊറുക്കുവാന്‍അപേക്ഷിച്ച്......                                                     ചിലപ്പോഴൊക്കെ കൊച്ചുവക്കൊ വളരെ ധൃതിയില്‍എന്റെ വീട്ടിലേയ്ക്ക് ഓടിവരു മായിരുന്നു. ചോദ്യവും പറച്ചിലുമൊന്നും കൂടാതെ വരാന്തയിലെ സ്ററൂളില്‍കയ റിയിരുന്ന് അധികാരത്തില്‍ബീഡി വലിക്കും. ചോദിച്ചുവാങ്ങി ചായ കുടിക്കും.  കാല്‍വിറപ്പിക്കും. ഇതൊക്കെ ആ സുദാ.....കരന്‍പറ്റിച്ച പണിയാണെന്ന്  ഇട യ്ക്കിടെ മുറുമുറുക്കും.  ഷിബു സോറന്‍മീശ പിരിക്കും.   പിന്നീട്  ആരോടും പറയാതെ ഇറങ്ങിപ്പോകും.. പണ്ട് എന്റെ അച്ഛന്റെ സില്‍ബന്തിയായിരുന്നതിന്റെ അധികാ രമാണ്.  അച്ഛനോട് ചെട്ടിയങ്ങാടിയിലെ ഭ്രാന്തന്മാര്‍ക്ക് ഒരു പ്രത്യേക  അഭിനിവേശമായിരുന്നു.  അശാന്തമസ്തിഷ്ക്കങ്ങള്‍തീരെ  നിവൃത്തികേടാവുമ്പോള്‍ഓടിയണയുന്നത് എന്റെ അച്ഛന്റെ  സവിധത്തിലായിരുന്നു. അച്ഛന്‍വൈദ്യരോ മന്ത്രവാദിയോ ആയിരുന്നില്ല.  എങ്കിലും അവരോട് സൗമ്യമായി തരക്കാരോടെ ന്നപോലെ സംസാരിക്കുമായിരുന്നു. അച്ഛന്‍  അവര്‍ക്കൊക്കെയും ഒരു  സമാധാ നമായിരുന്നു.
                ത്രിവേണീ ടെയിലറിംഗ് ഷോപ്പ് പൊളിക്കുന്നതു തടയാന്‍ചെട്ടിയ ങ്ങാടിക്കാരായ ഞങ്ങള്‍ക്കാര്‍ക്കും കഴിയില്ലായിരുന്നു.  സ്ഥലമുടമയായ  പി .കെ. കോടതിയില്‍നിന്ന് അനുവാദം വാങ്ങിയിരിക്കുകയാണ്. നാട്ടിലെ രാഷ്ട്രീയ നേ താക്കളില്‍  കരുത്തനാണ് പി.കെ.  അദ്ദേഹത്തിന്റ  തിരുവായ്ക്കെതിര്‍വായില്ല. ഞാന്‍ ചെല്ലുമ്പോള്‍പൊളി തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു വലിയ ജനക്കൂട്ടം പൊളി കാണാനെത്തിയിട്ടുണ്ട്. പണിയെക്കാള്‍  ജനത്തിനു കാണാന്‍കൗതുകം പൊളിയാണ്. പ്രത്യേകിച്ച് അന്യമുതല്‍. അതില്‍ഒരു സംഹാരത്തിന്റെ കോരി ത്തരിപ്പുണ്ടല്ലോ. ജനക്കൂട്ടത്തില്‍‍ഒരിടത്തായി പി.കെ. ശാന്തഗംഭീരനായി നെഞ്ചി
                                              6
ല്‍കൈകള്‍പിണച്ച് പൊളി നോക്കി നില്‍ക്കുന്നു.  സമീപത്തായി നേതാവിന്റെ  അനുയായിവൃന്ദവും. സ്ഥിരം കൂളിപ്പട.
              പിക്കേയ്ക്കുമുമ്പില്‍ഞങ്ങള്‍ചെട്ടിയങ്ങാടിക്കാര്‍തികഞ്ഞ മര്യാദക്കുട്ടി കളാണ്. ഗ്രാമത്തിലെല്ലാ മുക്കിലും മൂലയിലും  പീക്കേയുടെ ചാരക്കണ്ണുകളുണ്ട്. വേണ്ടിവന്നാല്‍ഞാനും പീക്കേയ്ക്കു വേണ്ടി ചാരദൗത്യം നിര്‍വ്വഹിയ്ക്കും. അതെന്നെ പ്പോലെയുള്ളവരുടെ വിധിയാണ്.
               കെട്ടിടത്തിന്റെ മുകളിലേയ്ക്ക് അണ്ണാന്മാരെപ്പോലെ പണിക്കാര്‍തത്തി പ്പിടിച്ചു കയറുന്നു.  ഓടുകള്‍ലോറിയിലേയ്ക്കു പറപറക്കുന്നു. പട്ടിക കഴുക്കോലുകള്‍ശൂലങ്ങളായി താഴേയ്ക്കു പതിയ്ക്കുന്നു.തുടര്‍ന്ന്  അടഞ്ഞുകിടന്നിരുന്ന ത്രിവേണിയുടെ പുരാതന നിരപ്പലകകള്‍  ഓരോന്നായി എടുത്തുമാറ്റപ്പെടുന്നു.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഏവരുടേയും ശ്വാസം സ്തംഭിച്ച നെഞ്ചങ്ങള്‍മിഴിഞ്ഞ കണ്ണുകള്‍തൂര്‍ന്ന കാതുകള്‍ആ നിര പ്പലകകള്‍ക്കുള്ളിലേയ്ക്ക്... കൂടു തുറന്നാല്‍ഏതു നിമിഷവും പുറത്തുചാടിയേക്കാവുന്ന ഒരു ഹിംസ്ര മൃഗത്തെയെന്ന പോലെ ജനം നിരപ്പലകകള്‍ക്കുള്ളിലെ ആപത്തി ലേയ്ക്ക് വളഞ്ഞുചുഴിഞ്ഞു.  അതിനകത്ത്   കൊച്ചുവക്കോ എന്ന താമസക്കാരന്‍ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെവളഞ്ഞുകൂടിക്കിടക്കുകയാണ്.                                           ഒരു ചെറിയ യുദ്ധം  ഞാന്‍പ്രതീക്ഷിച്ചിരുന്നു. എന്നാല്‍രണ്ടുപേര്‍ചേര്‍ന്ന് കൊച്ചുവക്കോയെ പുഷ്പം പോലെ താങ്ങിയെടുത്തു പുറത്തെ വരാന്തയി ലിരുത്തുന്നതാണ് കണ്ടത്. അരയില്‍ഒരു മുഷിഞ്ഞ തുണിക്കഷ്ണം മാത്രം. ചലന ശേഷി നഷ്ടമായ ഒരെല്ലിന്‍കൂട്. കൊച്ചുവക്കോയുടെ പ്രേതം  വരാന്തയിലിരുന്നു വിറച്ചു. പീക്കേയുടെ നയനനിര്‍ദ്ദേശം വാങ്ങി ഒരാള്‍ഒരു വാഴയിലപ്പൊതി കൊച്ചു വക്കൊയുടെ മുന്നില്‍തുറന്നുവച്ചു.
ഒരു  ഗ്ലാസ്സ് ചായയും.     
"അന്ത്യത്താഴമാണ്. പാവം കഴിച്ചോട്ടെ....."

                                                      7
പീകെ കുലുങ്ങിച്ചിരിച്ചു. അവശമായി തളര്‍ന്നുകിടന്നിരുന്ന വലംകൈ  ആരോ    എടുത്തു  ഇലപ്പൊതിയില്‍ വെച്ചു. കൊച്ചുവക്കോ എല്ലാ ശക്തിയും സംഭരിച്ച്  ഇലപ്പൊതി തട്ടിയെറിഞ്ഞ് ചീറി -  " ബിട്‍റാ ......  ബിട്‍റാ........" .                                        കടയ്ക്കകത്തുനിന്ന് അയാളുടെ അന്ത്യകാല ചങ്ങാതികളും ആരാധനാ പാത്ര ങ്ങളുമായിരുന്ന  ഗാന്ധിജിചാച്ചാജി, നേതാജി എന്നിവര്‍  യഥാര്‍ത്ഥമായും മരണം ഏറ്റുവാങ്ങി  ലോറിക്കുള്ളിലേയ്ക്കു നടന്നു കയറി. .  കൊച്ചുവക്കോ പല്ലു കടിച്ച്  അലറി.  ബയ്ക്കടാ അവടേ .............ബയ്ക്കാന്‍............ നായിന്റ.........
                 തുടര്‍ന്ന് പുരാതനമായ ഒരു തയ്പ്പുമേശ , ഒരു മരബെഞ്ച്, രണ്ടു സ്റ്റൂളുകള്‍എന്നിവയും ലോറിക്കുള്ളിലേയ്ക്ക്.  കുമ്മായച്ചുവരുകളില്‍ ഇരുമ്പുകൂടങ്ങള്‍ഇടിമുഴക്കശബ്ദത്തില്‍മേട്ടം ആരംഭിച്ചപ്പോള്‍ കൊച്ചുവക്കൊ ദീനമായി ചുറ്റുപാടും  നോക്കുകയായിരുന്നു.  ഒരു സഹായഹസ്തം..?      ഇല്ല; ആരുമില്ല. അയാള്‍  എന്നെ കാണാതിരിക്കാന്‍     ഞാന്‍  ജനക്കൂട്ടത്തിലേയ്‍ക്ക് വലിഞ്ഞു   വിയര്‍പ്പും വിഷാദവും‍  കണങ്ങളായി ഉരുണ്ടുകൂടിയ  ആ ഉണങ്ങിയ  ശിരസ്സ്   മരിച്ചു തുടങ്ങി യിരുന്നു.
                 ഉടനെ ഒരു ഓട്ടോറിക്ഷ കൊണ്ടുവരപ്പെടുകയും കൊച്ചുവക്കോയുടെ ജീവച്ഛവാവസ്ഥയിലായ ദേഹം വളച്ചൊടിച്ചു മടക്കി അതിലേയ്ക്കു കയറ്റപ്പെടുകയും ചെയ്തു.  അതിനു നേതൃത്വം നല്‍കിയതും  ഓട്ടോ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം  കൊടു ത്തതും പീക്കേയായിരുന്നതിനാല്‍ എന്തിനാണ്- എങ്ങോട്ടാണ്- എവിടെയാ കൊണ്ടു പോണേ- എന്നും മറ്റും കാര്യമന്വേഷിക്കാന്‍ആരും ധൈര്യപ്പെട്ടില്ല . വള വെടുത്ത ഓട്ടോറിക്ഷ ടാര്‍നിരത്തിലൂടെ ചാട്ടുളി പോലെ പാഞ്ഞു പോയി. കൊച്ചുവക്കോയുടെ   കാര്യത്തില്‍ഒരു തീരുമാനമായപ്പോള്‍ചെട്ടിയങ്ങാടിക്കാര്‍ സിനിമാപ്രദര്‍ശനം കഴിഞ്ഞിട്ടെന്നപോലെ സന്തുഷ്ടി പ്രകടിപ്പിച്ച് പലവഴി ചിതറി.          ഏതോ ശവദാഹം കഴിഞ്ഞ അന്തരീക്ഷം. എനിക്കു ഒന്നു കരയാന്‍  തോന്നി. 
                                             8
കൊച്ചുവക്കൊ പോയി.  എന്റെ ആരുമല്ലാത്ത ഒരു ഭ്രാന്തന്‍. പക്ഷെ, അയാള്‍ക്കു  ഭ്രാന്തുണ്ടെന്ന് ഒരിക്കലും എനിക്കു തോന്നിയിരുന്നില്ല.  ഒരു ജോലി എന്നെ ഏ ല്‍പ്പിച്ചിട്ടാണ്  അയാള്‍പോയത്. ...മാഷിന്റെ മോന്‍ഈ കാര്യങ്ങളുടെ സത്യാവസ്ഥ നാലുപേരെ അറീക്കണം. പറ്റോ?  പറ്റോ?                      പറ്റുമെന്നോ, പറ്റില്ലെന്നോ അന്നു  ഞാന്‍പറഞ്ഞില്ല.
                 ത്രിവേണിയെ  കടിച്ചുപറിച്ചുതിന്ന് നൊട്ടി നുണച്ച് ആ കൂററന്‍ലോറി റോഡരുകില്‍വിറപൂണ്ടു നി്ന്നു. അല്‍പ്പസമയത്തിനുള്ളില്‍ത്രിവേണി നില്‍ക്കുന്ന സ്ഥാനത്ത്  ശുദ്ധശൂന്യത  വെയില്‍കായും..
                 വീട്ടില്‍  ഉടനെയെത്താന്‍ തിരിച്ചുനടന്ന എന്റെ തലയില്‍ ഒരു വലി യ പൊതിയുണ്ടായിരുന്നു.  മുമ്പൊരിക്കല്‍കൊച്ചുവക്കൊ വീട്ടില്‍ വന്ന  സമയ ത്ത് വായിച്ചു കേള്‍പ്പിച്ച് എന്നെ ഏല്‍പ്പിച്ചിട്ടുപോയ ഒരു കടലാസുപൊതി .  ഏതാനും  പത്രവാര്‍ത്തകളുടെ കളക്ഷന്‍........
               അതിലൂടെ ഒരിക്കല്‍കൂടി കടന്നുപോകണം.  ഇപ്പോഴല്ലെങ്കില്‍പിന്നൊരിക്കല്‍ഞാന്‍അത് വായിച്ചെന്നു വരില്ല. തീയതിക്രമത്തില്‍്‍  അടുക്കി വെച്ച  ആപത്രവാര്‍ത്തകള്‍അന്ന് ഒരു സന്ധ്യയ്ക്ക്  കൊച്ചുവക്കൊതന്നെ  വായി ച്ചു കേള്‍പ്പിക്കുകയായിരുന്നു.
                 ആ വാര്‍ത്തകള്‍ എന്റെ  മുമ്പില്‍പുനരവതരിക്കാന്‍വെമ്പി. വീട്ടി ലെത്തിയ ഉടനെ  മേശവലിപ്പു തുറന്ന് ‍ആ പേപ്പര്‍കട്ടിങ്ങുകളുമായി ഞാന്‍കിടക്കയില്‍കയറി ചമ്രം പടിഞ്ഞിരുന്നു.  ത്രിവേണി ടെക്സ്റ്റൈല്‍സിന്റെ അ ന്ത്യോപചാരകര്‍മ്മം നിര്‍വ്വഹിയ്ക്കുന്നതു പോലെആ വാര്‍ത്തകള്‍  ഒന്നൊന്നായി ഞാന്‍കൈകളിലെടുത്തു.  
രണ്ട്
                     നവംബര്‍7   വൃദ്ധന്‍കുഴഞ്ഞുവീണു മരിച്ചു
വരാപ്പുഴ'വലിയ പാലത്തിനു സമീപം അജ്ഞാതവൃദ്ധന്‍കുഴഞ്ഞുവീണു മരിച്ചു.  ഇന്നലെ മതസൗഹാര്‍ദ്ദമനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് വൃദ്ധന്‍കാനയിലേക്കു കുഴഞ്ഞു വീഴുന്നതു കണ്ടത്. ഉടന്‍ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷി്ക്കാനായില്ല. പ്രായം എണ്‍പതിനടുത്ത് . പോസ്ററുമോര്‍ട്ടം നടത്തി. ജഡം മോര്‍ച്ചറിയില്‍.
നവംബര്‍8 തിരിച്ചറിഞ്ഞു
വരാപ്പുഴ.  കഴിഞ്ഞ ദിവസം വലിയ പാലത്തിനു സമീപം  കുഴഞ്ഞു വീണുമരിച്ചത്  ചെട്ടിയങ്ങാടിയില്‍്‍ ത്രിവേണിടെയിലറിങ് ഷോപ്പ് നടത്തിയിരുന്ന കാളബാപ്പന്‍  എന്നയാളാണെന്ന്  തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ പേര്‍അറിയില്ല.    അവിവാ ഹിതന് മറ്റ് ബന്ധുക്കളും  ഇല്ല. ശവസംസ്കാരം  നടത്തി.
നവംബര്‍  9
കുഴഞ്ഞു വീണുമരിച്ചയാള്‍സ്വാതന്ത്ര്യ സമര സേനാനി
 വരാപ്പുഴ വലിയപാലത്തിനു സമീപം കുഴഞ്ഞു വീണു മരിച്ച കാളബാപ്പന്‍   പ്രമുഖ സ്വതന്ത്ര്യസമരസേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്ന കൃഷ്ണജി ആയിരു ന്നെന്ന് ഗാന്ധിഫോറം പ്രസിഡെന്റ്   ശ്രീ  ഹോര്‍മീസ് എടയക്കുന്നം പ്രസ്താവി ച്ചു സ്വാതന്ത്ര്യസമരത്തില്‍ചുറുചുറുക്കോടെ  ഏര്‍പ്പെട്ടിരുന്ന ബാപ്പന്‍ഏറെക്കാലം സബര്‍മതിയില്‍ ഗാന്ധിയോടൊപ്പം  ഉണ്ടായിരുന്നത് അദ്ദേഹം  അനുസ്മരിച്ചു അക്കാലത്ത് ഗാന്ധിജി ബാപ്പന് സമ്മാനിച്ച  ബാഡ് ജും  പിച്ചളപ്പിന്നും ജീവിതാ ന്ത്യംവരെ  അദ്ദേഹം  സൂക്ഷിച്ചിരുന്നു പിളര്‍പ്പിനുശേഷം കോ‍ണ്‍്ഗ്രസ്സിനു ലഭിച്ച  കാളച്ചിഹ്നം പ്രചരിപ്പിക്കാന്‍യത്നിച്ചവകയില്‍  കൃഷ്ണജിയ്ക്ക് കാള എന്ന് ഇരട്ടപ്പേരു  വീഴുകയായിരുന്നു.  .......
              (ത്രിവേണിയില്‍  ബാപ്പന്‍ ഇരുന്നു തയ്ച്ചിരുന്ന                                            മെഷീനും അതിനു പിന്നിലെ കറുത്തുപോയ    മരക്കസേരയും  ഞാന്‍നന്നായി ഓര്‍്മ്മിക്കുന്നുണ്ടായിരു ന്നു.  ഒപ്പം  തൂവെള്ള ഖദര്‍മുണ്ടും ജുബ്ബയുമിട്ട് ഏവരേയും നോക്കി നിഷ്കളങ്കമായി വെളുക്കെ ചിരിച്ച്  മെഷീനില്‍്താളം പിടിച്ചിരിക്കുന്ന  ബാപ്പനേയും.    )
നവംബര്‍10
നാടിന്റെ  കൃഷ്ണേട്ടനു ശ്രദ്ധാഞ്ജലി
ചെട്ടിയങ്ങാടിയുടെ  പ്രിയ പുത്രനും ഭാരത നാടിന്റെ  മോചനപ്പോരാളിയുമായ  കൃഷ്ണജിയുടെ (കാള ബാപ്പന്‍്)  നിര്യാണത്തില്‍ചെട്ടിയങ്ങാടി ഗ്രാമം  കണ്ണീരില്‍കുതിര്‍ന്ന ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.പഞ്ചായത്ത്പ്രസിഡന്റ്ശ്രീപി.കെ.സുധാകരന്‍   ബാപ്പന്റെ ഫോട്ടോയില്‍പുഷ്പമാല്യം ചാര്‍ത്തി,സര്‍വ്വ മത പ്രാര്‍ത്ഥന  ഉല്‍ഘാട  നം ചെയ്തു.  പ്രമുഖര്‍അനുസ്മരണ പ്രഭാഷണം നടത്തി.  ചെട്ടിയങ്ങാടിയില്‍  കൃഷ്ണജിയ്ക്ക്  സ്മാരകം  പണിയണമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രമേയം  പാസ്സാക്കി സര്‍ക്കാരിന്നയച്ചു.
( ഫ!   ...കൊച്ചുവക്കൊ  ഇതു വായിച്ചപ്പോള്‍അമറിയത് ഇപ്പോഴും  ഓര്‍മയുണ്ട്.)
നവംബര്‍  11
ഗാന്ധിയന്റെ ജഡം  ശവദാഹം  കാത്ത്
നാലു മണിക്കൂര്‍  തെരുവില്‍കിടന്നു.

വരാപ്പുഴ.  ഗാന്ധിയന്‍  കൃഷ്ണജിയുടെ മൃതദേഹം  ഏറ്റുവാങ്ങുവാന്‍ബന്ധുക്കല്‍  എത്താതിരുന്നതിനെത്തുടര്‍ന്ന് ശവസംസ്കാരത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാ യി.  പിന്നീട് കൊച്ചുവക്കൊ എന്ന ചങ്ങാതിയാണ് ജഡം ഏറ്റുവാങ്ങിയത് . എന്നാല്‍  സംസ്കരിക്കുവാന്‍പണമില്ലാതിരുന്നതിനാല്‍  കൃഷ്ണജിയുടെ  ജഡം  
                                                  11
നാലു മണിക്കൂറോളം  റോഡരുകില്‍  കിടത്തി  അയാല്‍  കാത്തിരുന്നുവത്രെ. പിന്നീട് രാത്രി , കേടുവന്ന സൈക്കിള്‍ടയറുകള്‍ കൂട്ടിയിട്ടു  കത്തിച്ചാണ് ശവദാ ഹം  നടത്തിയതെന്നും  അറിയുന്നു.  ശവം  പൂര്‍ണമായും ദഹിപ്പിക്ക പ്പെട്ടില്ലെന്നും അഭ്യൂഹമുണ്ട് പോലിസ്  അന്വേഷണമാരംഭിച്ചു.
               (............ഷെമിക്കെന്‍റെ  ബാപ്പാ....കൊച്ചുവക്കൊ  വായ്  തുറന്നു  പൊട്ടിക്കരഞ്ഞു. അയാള്‍  ചിരിക്കുകയാണെന്നാണ് എനിക്കാദ്യം  തോന്നിയത്.  പക്ഷെ. അയാള്‍  നെഞ്ഞിടറി കരയുകയായിരുന്നു.  ടയറെങ്കി, ടയറ്....  ഹല്ല പിന്നെ!.... അയാള്‍  പിന്നെയും കരഞ്ഞു. ടയറുകള്‍  വാശിയോടെ  നീല  ജ്വാല പായിച്ച് ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തഴപ്പായക്കെട്ട് എടുത്ത്  ഒരു  ശവദാ ഹക്കാന്റെ നിര്‍വ്വികാരതയോടെ കൊച്ചുവക്കൊ തീയില്‍ വെച്ചിരിക്കാം.    എന്നിട്ട് അതിന്നരികില്‍ കാവലിരുന്നിട്ടുണ്ടാകും.ആ രാത്രിയിലെ ടയര്‍ കരിഞ്ഞ   മണം ഇപ്പോഴും  എന്റെ മൂക്കിന്‍  തുമ്പത്തുള്ളതു പോലെ.   )
നവംബര്‍  12
കൃഷ്ണജിയുടെ  മരണം  കൊലപാതകം
പിന്നില്‍  ഭൂമാഫിയ 

ഗാന്ധിയന്‍കൃഷ്ണ്ണജിയുടെമരണംകൊലപാതകമാണെന്നും മത സൗഹാര്‍‍ദ്ദ  മനുഷ്യച്ചങ്ങലയില്‍  പങ്കെടുത്തു മടങ്ങിയവരാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസിന് വിവരം    ലഭിച്ചു. ഒന്നും രണ്ടും സാക്ഷികളായ സഹായി കൊച്ചു വക്കൊ,ശിഷ്യന്‍കുഞ്ഞപ്പന്‍എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. .
( കൊച്ചുവക്കോയുടെ കണ്ണുകള്‍നനഞ്ഞു. കണ്ണീരൊഴുകാന്‍തുടങ്ങി.
പുറംകൈ കൊണ്ട് കണ്ണീര്‍തുടച്ച് അയാള്‍വിതുമ്പി........ബാപ്പനെ  അവരു കൊന്നതാണ്. പീക്കെയുടെ ഗുണ്ടകള്‍കൊന്നതാണ്. ത്രിവേണീന്ന് ബാപ്പനെ അവരു  വലിച്ചെറക്കികൊണ്ടു പോയതാ. ബിഡൂ, ബിഡൂ എന്ന് കാക്കല്‍വീണു കരഞ്ഞു പറഞ്ഞതാ. പക്ഷെ, പീക്കേ കേട്ടില്ല..................
                                                     മൂന്ന്.    
                 കൊച്ചുവക്കൊ ഭൂതകാലത്തിലേയ്ക്ക് തല ചായ്ച്ചു.അയാളുടെ കണ്ണു കള്‍ക്ക് മുന്‍പില്‍ഒരു വലിയ ജനക്കൂട്ടം കടന്നു വന്നു. അവര്‍സംഘം ചേര്‍ന്ന് കൈ കൊട്ടിപ്പാടിക്കൊണ്ട് പോവുകയായിരുന്നു.
വരിക വരിക സഹജരെ, സഹനസമരസമയമായ്
കരളുറച്ച് കൈകള്‍  കോര്‍ത്ത് കാല്‍നടയ്ക്കു പോക നാം........
ഒരുഅനിഷ്ടസംഭവത്തിനുസാക്ഷിയാകേണ്ടിവന്നവന്റെനിസ്സഹായതയോടെ അയാള്‍കണ്‍തുറന്നിരുന്നു......
                അന്ന് എല്ലാവരും  മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയില്‍അണിചേരു വാന്‍കാല്‍നടയായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഇടപ്പള്ളിയിലേയ്ക്കു പോവുകയാ യിരുന്നു. കേരളം തെക്കു മുതല്‍വടക്കു വരെ കടകമ്പോളങ്ങളടച്ച് ദേശീയപാത യില്‍കൈകോര്‍ത്തു നില്‍ക്കുന്നു.ചെട്ടിയങ്ങാടി നിശ്ചലം
               പക്ഷെ,ത്രിവേണിമാത്രംഅന്നുംതുറന്നു.ബാപ്പന്‍അങ്ങനെയാണ്.ബന്തിനും ഹര്‍ത്താലിനും കടയടയ്ക്കില്ല. അതു മൂപ്പരുടെ ഒരു വാശിയാണ്.കട പൂട്ടിക്കാന്‍ആരു വന്നാലും ബാപ്പന്‍കൂട്ടാക്കുകയില്ല.ഖദര്‍ജുബ്ബയുടെ കൈകള്‍തെറുത്തു കയ റ്റി വീറോടു കൂടി ഗാന്ധിയന്‍ആദര്‍്‍ശങ്ങള്‍പ്രസംഗിയ്ക്കും. പണി മുടക്കാനല്ലാ
പണിയെടുക്കാനാണ് എന്റെ ഗുരു എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരതീ ജ്വാലകളുടെ പൊള്ളല്‍ആവാഹിക്കുന്ന വാക്കുകള്‍...അതു നേരിടാന്‍ ചെട്ടിയ ങ്ങാടിയിലെ നേതാക്കള്‍  പോരായിരുന്നു.
                  രാവിലെ രണ്ടു തവണ പീക്കെ ത്രിവേണിയില്‍കടന്നുചെന്നു.കട പൂട്ടണമെന്നു പറഞ്ഞു. ബാപ്പന്‍കൂട്ടാക്കിയില്ല. മൂന്നാമത്തെ തവണ പീക്കേ വന്നത് കൂടെ തന്റെ കൂളിപ്പടയുമായിട്ടാണ്. അവര്‍കടയ്ക്കുമുന്നില്‍കൂട്ടം കൂടിനിന്ന്  കൂവി.    ആഭാസമുദ്രകള്‍കാണിച്ച് ചുവടുവെച്ചു.

                                              13
ഒരു കൊടുങ്കാറ്റു പോലെ പീക്കെ കടയ്ക്കുള്ളിലേയ്ക്കുചീറിവന്നു. തയ്യല്‍ക്കാരന്‍ബാപ്പന്‍ മെഷീന്‍വിട്ട്എണീറ്റു,  ഉശിരന്‍യുവത്വവും  ദുര്‍ബ്ബലവാര്‍ധക്യവും കൊമ്പു കോര്‍ത്തു.   ബാപ്പന്റെ സാത്വികതേജസ്സാര്‍ന്ന   മുഖത്ത് അധികനേരം പിടിച്ചുനി ല്‍ക്കാന്‍ പീക്കേയ്ക്കു കഴിഞ്ഞില്ല.
-കട അടയ്ക്കണൊണ്ടോ, ഇല്ലേ?
പുറത്ത് കൂളിപ്പട   ശ്വാസം പിടിച്ചു
-സുധാകരാ നീ ചെല്ല്.നിന്റെ ഗുണ്ടായിസം എന്നോടു വേണ്ടാ.
നമ്മള് തരക്കാരല്ല
--അടയ്ക്കണൊണ്ടോ? ഇല്ലേ?
 --അടയ്ക്കില്ലാ.
--കെളവനാന്ന് ഞാന്‍നോക്കില്ല. വലിച്ചെറിയും ഞാന്‍.
--സുധാകരാ, നിന്‍റഛന്‍  തളപ്പില്‍പൊക്കനും ഞാനുമാടാ ഉപ്പു സത്യ ഗ്രഹ ത്തിന് ഇന്നാട്ടീന്ന് പോയിട്ടൊള്ളത്.  ഹിന്ദു മുസ്ളിം കൃസ്ത്യന്‍ മതമൈത്രിയുടെ പ്രതീകമായി  ഈ കടയ്ക്ക് ത്രിവേണി എന്നു  പേരിട്ടത് നിന്‍റഛന്‍തളപ്പില്‍
പൊക്കനാണ്.  ആ നീ തന്നെയാണോ എന്നോടിങ്ങനെ പറയുന്നത്?
പുറത്തു കൂളിപ്പട കൂവിയാര്‍ത്തു. 
--ഇങ്ങു പോരൂ സാറേ. മൂപ്പരു തയ്ച്ചോട്ടെ.   വള്ളിനിക്കറും     വരയന്‍സഞ്ചിം ഉച്ചയ്ക്കത്തെ വിമാനത്തില്‍ലണ്ടനിലേക്ക്    അയക്കാനുള്ളതല്ലേ?
--ആകെളവനെ ഇങ്ങോട്ടു താ    സുദാകരേട്ടാ...
--അടയ്ക്കണൊണ്ടോ?
--ഇല്ലെടാ. അടയ്ക്കണില്ല. നീ എന്തു ചെയ്യും?
  ഛി.  എറങ്ങിപ്പോടാഎന്റെ  കണ്‍മുന്നില്‍നിന്ന്.
പീക്കെ ബാപ്പനെ ജൂബ്ബായടക്കം കുത്തിപ്പിടിച്ചു പൊക്കി.
--താനാരാടോ പുല്ലെ, മഹാത്മാ ഗാന്ധിയോ?
ബാപ്പനെ വരാന്തയിലേക്കു പിടിച്ചുന്തി.  സിമന്റു തൂണില്‍ചുറ്റിപ്പിടിച്ച്ബാപ്പന്‍ആടി.
--എന്നൊന്നും ചെയ്യല്ലെടാ സുദാകരാ....
പീക്കേ കിഴവനെ വിട്ടു, പുറത്തേയ്ക്കിറങി.  കൂളിപ്പട കടയിലേയ്ക്കിരച്ചു  കയറി.  തയ്ച്ചിട്ട തുണികള്‍പുറത്തേയ്ക്കു പറന്നു.   രണ്ടു പേര്‍ചേര്‍ന്ന്തയ്യല്‍മെഷീന്‍   താങ്ങിയെടുത്ത് റോഡിനപ്പുറത്ത് കുഴിയില്‍മറിച്ചിട്ടു.
-സുധാകരാ ഇതൊന്നുംചെയ്യല്ലേന്നു പറയെടാ.
ബാപ്പന്‍വീണ്ടും വീണ്ടും  കരഞ്ഞു.  അവര്‍ ബാപ്പനെ മൊത്തത്തില്‍   പൊക്കി യെടുത്ത് വായുവില്‍ഉയര്‍ത്തിപ്പിടിച്ചു. പിന്നെ ആഘഷമായിട്ടു താഴേയ്ക്കിറക്കി. വീണ്ടും മേലേയ്ക്കെറിഞ്ഞു.  താഴേയ്ക്കിറക്കി. വീണ്ടും  മേലേയ്ക്ക്-  താഴേയ്ക്ക്.  മേലേയ്ക്ക്- താഴേയ്ക്ക്.  കൊല്ലങ്കോട്ടു തൂക്കക്കാരനെപ്പോലെ  ബാപ്പന്‍വായുവില്‍ഉയര്‍ന്നു  കളിച്ചു.  ഹൂ....ഹോ....ഹൂ...ഹോ   ബാപ്പന്റെ കരച്ചില്‍  ദുര്‍ബ്ബലമായ ഞരക്കമായ്
 ക്രമേണ മാര്‍ച്ച് സോങ്ങില്‍മരിച്ചു.
വരികവരികസഹജരേ സഹനസമരസമയമായ്..............................................
ബാപ്പനെ ചുമലില്‍കിടത്തി  താളം പിടിച്ച് ആ വിലാപയാത്ര കടന്നുപോയി...
                                         നാല്
                                                     
നവംബര്‍15
ഗാന്ധിയന്‍വധം ;
പി.കെ.സുധാകരന്‍  പോലീസ് നിരീക്ഷണത്തില്‍


ഗാന്ധിയന്‍കൃഷ്ണജിയുടെ ദുരൂഹ മരണത്തിനുപിന്നില്‍പഞ്ചായത്ത് പ്രസിഡന്റ്  പി.കെ.സുധാകരനാണെന്ന് വാര്‍ത്ത  ശക്തിപ്പെട്ടു.. പോലിസ് നിരീക്ഷണത്തി ലായ പി.കെ. കുറ്റം നിഷേധിച്ചു.  പി. കെ. ഉടനെ പോലിസ് കസ്റ്റഡിയിലായേ ക്കുമെന്ന് അറിയുന്നു.  ഒരു ഒറ്റമുറിപ്പീടിക ഒഴിപ്പിച്ചെടുക്കാനുള്ള ഗൂഢാലോചനയാ
                                            15
ണ് കൊലയില്‍കലാശിച്ചതെന്നും ഇതില്‍പല ഉന്നതന്മാര്‍ക്കും പങ്കുണ്ടെന്നും സംശയിക്കുന്നു.

നവംബര്‍  16
പി.കെ.സുധാകരന്‍  അറസ്റ്റില്‍.
നാടെങ്ങും പ്രതിഷേധം.     നാളെ ഹര്‍ത്താല്‍

ബാപ്പന്‍വധക്കേസില്‍പി.കെ.സുധാകരനെ പോലിസ് അറസ്റ്റു ചെയ്ത് കോടതി യില്‍ഹാജരാക്കി.  റിമാന്‍റിലേയ്ക്കു മാറ്റപ്പെട്ട പി.കെ. ജയിലില്‍  നിരാഹാരസമ രമാരംഭിച്ചു.  തന്റെ കൈകള്‍പരിശുദ്ധമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരി തവും കെട്ടിച്ചമച്ചതുമാണെന്നും പി.കെ. പ്രസ്താവിച്ചു.  അറസ്റ്റില്‍പ്രതിഷേധിച്ച് ചെട്ടിയങ്ങാടിയില്‍പന്തം കൊളുത്തിപ്രകടനം നടന്നു. സംഘര്‍ഷം നിറഞ്ഞ ചെട്ടിയങ്ങാടിയില്‍  കൂടുതല്‍പോലീസ് കാവലേര്‍പ്പെടുത്തി. നാളെ പകല്‍പന്ത്ര ണ്ടു മണിക്കൂര്‍ഹര്‍ത്താലിന്  പാര്‍ട്ടി  ആഹ്വാനം ചെയ്തു.
നവംബര്‍19
പി.കെ.യ്ക്കു ജാമ്യം- രണ്ടാം സാക്ഷി മൊഴിമാറ്റിപ്പറഞ്ഞു.

ബാപ്പന്‍വധക്കേസിലെ രണ്ടാംസാക്ഷി കുഞ്ഞപ്പന്‍മൊഴിമാറ്റിപ്പറഞ്ഞതിനെത്തു ടര്‍ന്ന് കോടതി പി.കെ.യ്ക്ക് ഇടക്കാലജാമ്യം   അനുവദിച്ചു.ത്രിവേണിയില്‍  ബാപ്പ ന്റെ ശിഷ്യനായിരുന്ന കുഞ്ഞപ്പന്‍  സംഭവദിവസം  കടയില്‍പോയിരുന്നില്ലെ ന്ന്  കോടതിയ്ക്കു മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു.
നവംബര്‍25
ഗാന്ധിയന്‍വധം- പി.കെ.സുധാകരന്‍കുറ്റവിമുക്തന്‍
ഗാന്ധിയന്‍വധക്കേസില്‍   ശ്രി. പി.കെ. സുധാകരനെ കോടതി കുറ്റവിമുക്തനാ ക്കി. ഒന്നാംസാക്ഷി കൊച്ചുവക്കൊ ദീര്‍ഘകാലമായി മനോരോഗിയായതിനാല്‍ടിയാന്റെ സാക്ഷിമൊഴി  സ്വീകരിക്കാനാവില്ലന്ന്കോടതി ചൂണ്ടിക്കാണിച്ചു. സാക്ഷികളുടേയും

മറ്റുതെളിവുകളുടേയും  അഭാവത്തില്‍പി.കെ.യെ കുറ്റവിമുക്ത നാക്കുകയായിരുന്നു . എങ്കിലും പോലീസിന്  അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.

നവംബര്‍26
കൃഷ്ണജി മരിച്ചത് ന്യൂമോണിയ ബാധിച്ച്-
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗാന്ധിയന്‍കൃഷ്ണജിയുടെ മരണത്തിനു കാരണം കടുത്ത ന്യൂമോണിയബാധയാ ണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതേത്തുടര്‍ന്ന് മരണത്തെക്കു റിച്ചുണ്ടായ അഭ്യൂഹങ്ങള്‍നിലനില്‍ക്കുന്നതല്ലെന്ന് പോലീസ് വൃത്തങ്ങള്‍അഭി പ്രായപ്പെട്ടു.

                  കൊച്ചുവക്കൊയുടെ സൂക്ഷിപ്പുപൊതിയിലെ ഉള്ളടക്കം  മുഴുവന്‍വാ യിച്ചു കഴിഞ്ഞപ്പോള്‍മുറിയില്‍ടയര്‍കരിഞ്ഞമണം അനുഭവപ്പെട്ടു. നോക്കിയിരി ക്കെ, എന്റെ മുന്നിലേയ്‍ക്ക് കൊച്ചുവക്കൊ  കയറിവന്നു.എന്റെ തൊട്ടുമുമ്പില്‍വന്ന്  നീണ്ടുനിവര്‍ന്നു നില്‍ക്കുകയാണ്. കയ്യില്‍രണ്ടുമൂന്നു സൈക്കിള്‍ടയറുകളു മുണ്ട്.
ഷിബുസൊറന്‍മീശ പിരിച്ച് അയാള്‍മുറുമുറുത്തു. "  എന്തെങ്കിലും ചെയ്യാമ്പറ്റൊങ്കി ചെയ്യൂ മാഷിന്റെ മോനേ. ഓനെപ്പോലൊള്ളൊവരുടെ തൊലി പൊളിച്ച് സമൂഹ മദ്ധ്യത്തില്‍തുറന്നു കാട്ടണം, പറ്റൊ?  പറ്റുവോ , ചങ്കൊറപ്പൊണ്ടൊ ?.......
ആ ചോദ്യങ്ങള്‍ക്കു മുമ്പില്‍  ഉത്തരം പറയാന്‍കഴിയാതെ   വിയര്‍ത്ത എന്റെ രക്ഷയ്ക്കായി കൊച്ചുവക്കൊ ഫാന്‍ഓണ്‍ചെയ്തു. കാറ്റ്. ശക്തമായ കാറ്റ്.  ആ കാറ്റില്‍എന്റെ മുന്നിലിരുന്ന പത്രക്കട്ടിങ്ങുകള്‍  പറന്നുയര്‍ന്നു.  ചിലത് ജന്നലി
                                              17
ലൂടെ പുറത്തേയ്ക്കു പോയി. ചിലത് ഫാമിലിക്കോട്ടിന്റെ അടിയിലേക്ക്.    രണ്ടെണ്ണം മേശയ്ക്കടിയിലേയ്ക്ക്.  ഒരെണ്ണം മാത്രം  കിടക്കയില്‍അള്ളിപ്പിടിച്ചിരുന്നു.  അതില്‍നിന്നു   സാക്ഷാല്‍കാളബാപ്പന്‍   ഉയിര്‍ത്തെണീറ്റു.  ബാപ്പന്‍ആ കടലാസു തുണ്ടെടുത്ത്  മൗനമായി വായിച്ചു. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു.                      " ഇക്കാലത്തിനിടയ്ക്കു ഒരു ജലദോഷം പോലും വന്നിട്ടില്ലാത്ത ഞാന്‍   ഒടുക്കം ന്യൂമോണിയ പിടിച്ചു മരിച്ചു."      ബാപ്പന്‍ആ കടലാസു കഷണം നാലാക്കി മടക്കി എന്റെ  പോക്കറ്റില്‍തിരുകിയിട്ടു പറഞ്ഞു. "   ഇതിരിക്കട്ടെ- ഈ ബാപ്പന്റെ ഓര്‍മ്മയ്ക് -" കൊച്ചുവക്കോയും  പൊട്ടിച്ചിരിച്ചു.
                  ബാപ്പനും  കൊച്ചുവക്കോയും തികഞ്ഞ സന്തോഷവാന്‍മാരായി  പൊട്ടിച്ചിരിച്ച് പരസ്പരം ആലിംഗനം ചെയ്ത്   ഉത്സാഹപൂര്‍വ്വം പുറത്തേയ്ക്കനടന്നു പോയി.  ഞാനും വാതില്‍ക്കലേയ്ക്ക് ചെന്നു.ഒന്നിനും കഴിയാതെ   ഞാന്‍  ചവിട്ടു പടിയില്‍കുത്തിയിരുന്നു.  അച്ഛനു ശേഷക്രിയ ചെയ്യാഞ്ഞ ഒരു മകനെപ്പോലെ യാണ് ഞാന്‍എന്നു തോന്നി.  ഒരു മരണം പോലും സ്വന്തമായി ലഭിക്കാതെയാ ണ് അവര്‍രണ്ടുപേരും പോയത്..   
                                            അഞ്ച് 
           പക്ഷെ, അധിക നേരം അങ്ങനെ വിഷാദിച്ചിരിക്കുവാന്‍എനിക്കു കഴിയി ല്ലായിരുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും എണീറ്റു. സ്വാശ്രയ ബീയെഡ്ഡ്  കോഴ്സില്‍  രണ്ടു ലക്ഷം കോഴ കൊടുക്കാന്‍കപ്പാസിറ്റിയുള്ള പന്ത്രണ്ടു അപേക്ഷ കരെ കണ്ടെത്തണം.  പീക്കെ  ഒരു കാര്യം  എന്നെ ഏല്‍പ്പിച്ചിട്ട് അത് ചെയ്തു കൊടുത്തില്ലെങ്കില്‍പിന്നെ അങ്ങേരുടെ മുഖത്തെങ്ങനെ നോക്കും?!
           മുന്നോട്ടു നടക്കുമ്പോള്‍   കാളബാപ്പനും, കൊച്ചുവക്കോയും ത്രിവേണി ടെയ്‍ലറിങ് ഷോപ്പും ചെട്ടിയങ്ങാടിയും  ചേര്‍ന്ന  ഒരു വലിയ  കണ്ണീര്‍ത്തുള്ളിയുടെ ഭാരവും താങ്ങി  പുറകോട്ടാണ്   ഞാന്‍   നടക്കുന്നതെന്നു തോന്നി.
                                             ---------------  





നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...