Saturday, April 18, 2020

നോവലെറ്റ്--- ചാവോല



             വവ്വാല്കുഞ്ഞുങ്ങള്‍   ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.  വിഷണ്ണത അയാളുടെ കീഴ്ച്ചുണ്ടുകളെ കശക്കുമ്പോഴും കണ്ണുകള്‍ നിര്‍വികാരമായ ഇരുട്ടില്‍ അലിയുകയായിരുന്നു. ഒന്ന്....രണ്ട്....മൂന്ന്....  മൂന്നു  ബലിക്കാക്കകള്‍ അയാള്‍ക്ക്‌ ചുറ്റും കരഞ്ഞു നടന്നു. പിണ്ഡച്ചോറില്‍  അവ ചിക്കിച്ചികഞ്ഞു. വേലിക്കു മുകളില്‍ കയറിയിരുന്നു കൊക്കും തുടച്ചു മൂന്നുവട്ടം കരഞ്ഞു ജന്മാന്തരങ്ങളിലേക്ക് പറന്നുപോയി.
നാലാമത്തെ  ബലിക്കാക്ക..... ആരായിരിക്കുമത്? നാല് എന്ന അക്കത്തിന്റെ കോണുകളില്‍ കുമാരപിള്ളയുടെ കണ്ണുകള്‍ നിസ്സംഗമായി തട്ടിത്തടഞ്ഞു.
“ചെറിയച്ഛാ, ഞാന്‍ പറഞ്ഞത്...”
അയാള്‍ ഞെട്ടിയുണര്‍ന്നു.
“ഓഹോ, ദാ, എത്തിക്കഴിഞ്ഞു”
വരാന്ത വഴി  അയാള്‍ കിഴക്കോട്ടോടി.
കിളിവാതിലിലൂടെ  അകത്തേയ്ക്ക് നോക്കി. കാര്ത്തുവിനെ അവിടെയെങ്ങും കാണാനില്ല. നാശം. വേണ്ട സമയത്ത് കാണുകയില്ല. എവിടെപ്പോയി കിടക്കുന്നോ,ആവോ!” “കാര്‍ത്തൂ..” കിളിവാതിലിലൂടെ അയാള്‍ വിളിച്ചു. ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത്  അയാള്‍ മുഖം തുടച്ചു. വിറയലുണ്ടോ? എന്തിനാണ് വിറയ്ക്കുന്നത്?  അയാള്‍ തിരിഞ്ഞു നോക്കി. അനന്തന്‍  അവിടെയെങ്ങുമില്ല. അവന്റെ ആ നോട്ടം!  ആ ചെകുത്താന്‍ കണ്ണുകളില്‍ നിന്ന് ചോരയൊഴുകുകയാണോ? അയാള്‍ വിസ്മയിച്ചുപോയി.  എന്തൊക്കെയാണ് അവനു വേണമെന്ന് പറഞ്ഞത്? തോര്‍ത്ത്‌...സോപ്പ്....പിന്നെ...എണ്ണയുടെ പേര്..?..ദുരിതം പിടിച്ചവന്‍ തലയിലൊഴിക്കുന്നതിന്റെ പേര്......

 അകത്തു നിന്ന് സ്വകാര്യം പറയുന്നതു പോലെ കാര്ത്തുവമ്മ വിളികേട്ടു. ചകിതമായ ആ കണ്ണുകള്‍ അത്യാപത്തില്‍ പെട്ടിട്ടെ ന്നപോലെ തുറിച്ചു.
“തലേല്‍ തേക്കുന്ന എണ്ണ, തോര്‍ത്ത്‌, സോപ്പ്, വേഗം ഇങ്ങോ ട്ടെടുക്ക്.”  അയാള്‍ കണ്ണുരുട്ടി മന്ത്രിച്ചു. തന്റെ കറകറ കിറ്  കിറ്  ശബ്ദം കേ ട്ട് അയാള്‍ തന്നെ ഭയന്നു. നെഞ്ച് പൊങ്ങി ത്താഴുകയാണ്.
തോര്‍ത്തും സോപ്പും മറ്റും കൊണ്ട് മുറിയിലേക്ക് കയറിച്ചെല്ലു മ്പോള്‍ അനന്തന്‍ പുറംതിരിഞ്ഞു  നില്‍ക്കുകയായിരുന്നു. പെട്ടിയില്‍ എന്തോ ഒക്കെ അടുക്കി വയ്ക്കുകയാണ്.  ചുണ്ടില്‍ സിഗരട്ട് പുകയുന്നുണ്ട്. ഇടയ്ക്ക് നിവര്‍ന്നു നില്‍ക്കും. സിഗരട്ടു ആഞ്ഞു വലിക്കും.  വീണ്ടും പെട്ടിയില്‍ ഓരോന്ന് അടുക്കി വയ്ക്കും.  കുമാരപിള്ള വേഗം മുറിയില്‍ നിന്നിറങ്ങിപ്പോന്നു.  രാത്രിവണ്ടി യ്ക്ക് ഇനി നാലഞ്ചു മണിക്കൂര്‍ കൂടിയുണ്ട്. പതിനൊന്നിന്റെ എക്സ്പ്രസ്സിനാണ് അനന്തന്‍പോവുക.  അയാള്‍ വാച്ച് നോക്കി. രോമാവൃതമായ  കൈത്തണ്ടയില്‍ ഘടികാരം ചത്തു. ശപിക്കപ്പെട്ട ഒരവധിക്കാലത്തിന്റെ , അതിലേറെ ശപിക്കപ്പെട്ട  സൂക്ഷിപ്പുകാരന്‍!
തലവിധി എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതിതാണ്. അയാള്‍ കുനിഞ്ഞുനിന്നു തല അമര്ത്തിക്കുടഞ്ഞു. ചുവരില്‍ ഒരു ചുവന്ന ചിലന്തി ചുവടുകള്‍ വയ്ക്കുകയായിരുന്നു. അതിന്റെ കാലുകള്‍  നീണ്ടുനീണ്ടു വരുന്നു. ആ ചിലന്തിക്കാലുകള്‍ക്കിടയില്‍ കുമാര പിള്ള സ്വന്തം  മൃതദേഹം കണ്ടു. തൊണ്ടു  മാത്രം. വെറും  തൊണ്ട്. 
അയാള്‍ ഒരു ബീഡി ചുണ്ടത്ത് വെച്ചു തീപ്പെട്ടിയുരച്ചു.
പെട്ടെന്ന് വിളക്കുകളെല്ലാം കെട്ടു. പുറത്ത് വഴിവിളക്കും  കെട്ടു. ഉരച്ച തീപ്പെട്ടിക്കമ്പിലെ നാളം മാത്രം.
കറന്റു പോയി. ദുരിതം. ഇനി എപ്പോഴാണാവോ കെട്ടിയെടുക്കു ന്നത്?  അയാള്‍  പിറുപിറുത്തുകൊണ്ട് അനന്തന്റെ  മുറിയിലേ ക്ക് ചെന്നു. വാതിലിനടുത്ത് നിന്ന് അയാള്‍ വിളിച്ചുപറഞ്ഞു. “ശ്ശോ! കറണ്ടു പോയല്ലേ? അനന്തന്‍ തട്ടിവീഴാതെ അവിടെത്ത ന്നെയിരുന്നോ. ഞാനിപ്പോ വിളക്ക് കൊണ്ടുവരാം.”  അയാള്‍ പുറത്തേക്കു  നീങ്ങി  ഉറക്കെ വിളിച്ചു.  “സദാശിവാ”.... അകത്തെ ഇരുട്ടില്‍ നിന്ന്  പുറത്തെ ഇരുട്ടിലേക്ക് ഒരു കറുത്ത കുട്ടി ഇറ ങ്ങി വന്നു.  കുപ്പായത്തുമ്പില്‍ തിരുമ്മിക്കൊണ്ട് വിറയലോടെ നടന്നടുത്തു. അവനെ മാറ്റിവിളിച്ചു  അയാള്‍  അടക്കം പറഞ്ഞു.  “എടാ, ഒരു പെട്ടി മെഴുതിരി  വാങ്ങിച്ചോണ്ടുവാ.  പോ.പോടാ. കായി പിന്നെക്കൊടുക്കാമെന്നു പറ.”  കുട്ടി ഓടി. കുമാരപിള്ളയ്ക്ക് നേരിയ വിറയല്‍ തുടങ്ങി.  ഭഗവാനെ...രക്ഷിക്കണേ...ഇതെന്തിന്റെ തുടക്കമാണ്, ദേവീ... അനന്തന്റെ മുറിയിലേക്കയാള്‍   ഏന്തിവലിഞ്ഞു നോക്കി. മുറിയാകെ നീല ധൂമവലയങ്ങള്‍. ചുവരില്‍ ചോരക്കണ്ണുകളുമാ യി ആ ചിലന്തി.  കട്ടിലില്‍ കിടന്നു കാല്‍ വിറപ്പിക്കുന്ന അനന്ത ന്‍.  മുറിയില്‍ തലങ്ങും വിലങ്ങും ഉല്‍ക്കകള്‍ പോലെ പായുന്ന തീക്കൊള്ളികള്‍.
അപ്പോഴേക്കും കാര്ത്തുവമ്മ തിരികത്തിച്ച  നിലവിളക്കുമായി വന്നു. പൂമുഖത്തു  പതിവായ്‌  വയ്ക്കുന്നിടത്ത്   വെച്ചു. പെട്ടെന്നു കുമാരപിള്ള ഓടിച്ചെന്നു, അടിക്കാന്‍ കയ്യോങ്ങിയിട്ടു പറഞ്ഞു.
“കഴുതേ, അത് അവന്റെ മുറീക്കൊണ്ടോയി വെയ്ക്കെടീ.”
കാര്ത്തുവമ്മ ഭയന്ന് വിളക്കുമായി അനന്തന്റെ മുറിയിലേക്ക് ചെന്നു.  കുമാരപിള്ള വീണ്ടും ബീഡി ചുണ്ടത്ത് വെച്ചു.  പക്ഷെ , കത്തിക്കുന്നതിനുമുമ്പ്  കാര്ത്തുവമ്മ പോയപടി തിരിച്ചുവന്നു..
“അനന്തന്‍ പറയുവാ, വിളക്ക് പൂമുഖത്ത് തന്നെ വെച്ചാല്‍ മതിയെന്ന്‍.”
“ഏ.......ഏ....അതുമതിയല്ലേ?  അതുമതി....അതുമതി. വെളക്ക് ഉമ്മറത്ത്‌  തന്നെ  വെച്ചോ!”
കുമാരപിള്ള എത്രയും വിനീതനായി ഉറക്കെ പറഞ്ഞു. അടുത്ത നിമിഷം ഇരുട്ടിലേക്കൊതുങ്ങി ഭാര്യയോടു പറഞ്ഞു.
“ഒരുമ്പെട്ടോളെ,  -നിക്കൊന്നുമറിഞ്ഞുകൂടാ ഭഗവതീ.”
അയാള്‍ ബീഡി കത്തിച്ചു ഇരുത്തിവലിച്ചു. ചവിട്ടുകല്ലിലിരുന്നു  പടിക്കലേക്കു നോക്കി.
“സദാശിവന്‍ വന്നില്ലെടീ?”
“വന്നു. കട പൂട്ടിപ്പോയെന്ന്.”
അയാള്‍ നടുങ്ങി. ഇനിയെന്ത് ചെയ്യും?
“ഒരു മണ്ണെണ്ണ വിളക്കെങ്കിലും  കത്തിച്ചു വയ്ക്കെടീ.” കാര്ത്തുവമ്മ ഒരു ഓട്ടുവിളക്ക് കത്തിച്ചു പുറത്തേയ്ക്ക് നീട്ടി. അയാള്‍ അത് വാങ്ങി, ബീഡിക്കുറ്റി വലിച്ചെറിഞ്ഞു, അനന്ത ന്റെ   മുറിയിലേക്ക് ചെന്നു.  കൈ വിറയ്ക്കുന്നുണ്ടോ? അയാള്‍ വിളക്ക് മേശപ്പുറത്തു വെച്ചു. അനന്തന്‍ ഇരുട്ടില്‍ ചിരിച്ചോ?  അയാള്‍ വേഗം പുറത്തേയ്ക്ക് പോന്നു.
“എന്തൊരു ചൂട്! അല്ലെ ചെറിയച്ഛാ?”
കട്ടിലിലെ മങ്ങിയ വെളിച്ചത്തില്‍ നിന്നൊരു ചോദ്യം. “തന്നെ,തന്നെ.എന്തൊരു ചൂട്!. കറന്റോ  പോയി; കറുത്തപക്ഷോം!”
കുമാരപിള്ള  ക്ലേശം നടിച്ചു. പെട്ടെന്ന് ചോദിച്ചു: “അനന്തന് ഊണുകഴിക്കാറായില്ലേ?  ഊണെടുക്കാന്‍ പറയട്ടെ?”
“വേണ്ട,വേണ്ട. അല്പം കഴിഞ്ഞോട്ടെ. സമയമുണ്ട്. ഞാന്‍ പറയാം.”
“ഓ. സമയമൊണ്ട്. മണിയെട്ടരയൊമ്പതായെ. ഓ. സമയമൊണ്ട്.”
പകുതി പ്രകാശവും പകുതി സ്വഗതവുമായി പറഞ്ഞുകൊണ്ട് കുമാരപിള്ള വേഗം ഇറയത്തേക്കിറങ്ങി.  അയാളുടെ കണ്ണുകള്‍ ഉമ്മറത്ത്‌  ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിലേക്ക് നീണ്ടു. നിലവിളക്കിന്റെ പ്രകാശത്തില്‍ പേടിച്ചരണ്ട തന്റെ പ്രതിരൂപം അയാള്‍ കണ്ടു. പ്രേതം കണക്കെ.
കുമാരപിള്ളയുടെ വായ്‌ തുറന്നുപോയി. താന്‍ ഇത്ര വികൃതനാ ണോ? ഉറക്കെ നിലവിളിക്കണമെന്നു തോന്നി.
മഴ നനച്ച രാത്രി ചീവീടുകളും മാക്രികളുമായി കുമാരപിള്ളയ്ക്ക് ചുറ്റും ഒച്ചയെടുത്തു. പൂച്ചയെപ്പോലെ പതുങ്ങി അയാള്‍ മുന്നോട്ടു നീങ്ങി.
തെക്കേ ഇടനാഴിയിലേക്കു കുട്ടികളെയെല്ലാം വിളിച്ച്,  ഒച്ച താഴ്ത്തി  അയാള്‍ പറഞ്ഞു.
 “എല്ലാരും  ഇവിടെത്തന്നെ നിന്നോണം. ഏട്ടന്‍ ചെലപ്പം വിളി ക്കും. യാത്ര പറയാനാ. പേടിക്കാനൊന്നുമില്ല. ഒറ്റ വിളിക്ക് ചെ ന്നോണം. ഗീതമോളെ, നിന്നെയാ എനിക്ക് പേടി. ഒറക്കെ ച്ചിരിക്കരുത്. വള കിലുക്കീം കിണ്ണം മറിച്ചിട്ടും ഒച്ചേണ്ടാക്കരുത്. ബഹളമൊണ്ടാക്കരുത്. കേട്ടില്ലേ? നിങ്ങള്‍ക്കുവേണ്ടിയാ മാമനിത് പറയുന്നത്.”
കുട്ടികള്‍ ഒരു വിപത്തിലകപ്പെട്ടപോലെ വിറകൊണ്ടുനിന്നു. അവരുടെ അമ്മ അകം നൊന്തു വിളിച്ചു.
“ന്റീശ്വരാ! കുട്ട്യോള്‍ക്കൊരാപത്തും വരുത്തല്ലേ...”
       കുമാരപിള്ള  കാലുകള്‍ എടുത്തെടുത്തുവെച്ചു നടന്നുപോയി. ഇറയത്ത് വന്നു നെടുതായൊന്നു നിശ്വസിച്ചു. ഭദ്രം! എല്ലാം ഭദ്രം!  അവന്‍  ഇത്തവണ ആരുമായും കലഹിക്കാനിട വരില്ല. അമ്മേ! ആപത്തു വരുത്താതെ കാത്തുകൊള്ളേണമേ... അയാള്‍ അകത്തെ  ക്ലോക്കിലേക്ക് നോക്കി.                                          ഓ. സമയം നീങ്ങണില്യാ.
രണ്ട്
           ഇരുട്ടുമൂടിയ സര്‍പ്പക്കാവിലെ നാഗരാജാവിനെപ്പോലെ കുമാരപിള്ള  ചവിട്ടുകല്ലില്‍ ഇരുന്നു. ചുണ്ടില്‍ ബീഡി പുകഞ്ഞു. പുക ഊതിപ്പറത്തിക്കൊണ്ട്  അയാള്‍ സ്വയം ചോദിച്ചു.ഈശ്വരാ, എന്താണിതിനൊരു പരിഹാരം?   എന്ത് പരിഹാരം? ഒരു പരിഹാരവുമില്ല. ഇതുവരെയുണ്ടായിട്ടില്ല. എത്രകാലമായി ദൈവങ്ങളോട്   താന്‍ ഇത് ചോദിക്കുന്നു? ചോദിച്ചുചോദിച്ചു  പല്ലവിയായി.
അബോധമായും  വായില്‍  വന്നുപോകുന്നു. ഈശ്വരാ, എന്താ ണിതിനൊരു പോംവഴി?
കുമാരപിള്ള തല തടവി. ചെന്ന് പറഞ്ഞാലോ, പുന്നാരമോന്‍ ഇനി അവധിയ്ക്ക് വരണ്ടാന്ന്.
കുമാരപിള്ളയുടെ മുമ്പില്‍  അനന്തന്‍ ഒഴുകി വന്നു.
എന്താ, ചെറിയച്ഛാ, വിളിച്ചോ?
ഓ. ഒരു കാര്യം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എന്താ, പ്രത്യേകമായി?
അതേയ്...ഈ  അവധിയ്ക്കിങ്ങനെ  വരാന്‍...ഒത്തിരി രൂപാ  ചെലവു വരത്തില്ലേ?
വരും. കൊറേ രൂപാ വരും. കൊല്ലത്തിലൊരിക്കലല്ലേ?
അതെ. ശരി തന്നെ. അനന്തന് അവിടെത്തന്നെ  സെറ്റില് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവും...?
അതല്ലേ,  ഞാനിപ്പോള്‍  ചെയ്തിട്ടുള്ളത്? അല്ലാതെ  നിത്യവും പോയിവരുകയാണോ?
അല്ലാ...
കുമാരപിള്ള വാക്കുകള്‍ക്കായി ഒന്ന് പരതിയിട്ട് തുടര്‍ന്നു.
“ഒരുതരത്തില്‍ സെറ്റില് ചെയ്തിരിക്കുക തന്നാ... എങ്കിലും അവധി ഒഴിവാക്കിക്കൂടെ എന്നാണ്  ഞാന്‍ ഉദ്ദേശിച്ചത്...”
“അവധി ഒഴിവാക്കാനോ? എന്തിന്?”
അനന്തന്റെ പുരികമുയര്‍ന്നു. കണ്ണുകള്‍ വിടര്‍ന്നു.
കുമാരപിള്ള നെഞ്ച് വിരിച്ചു, ചുമലില്‍ കിടന്ന തോര്‍ത്ത്‌ കുടഞ്ഞു പൊട്ടിച്ചു കൊണ്ട് പറഞ്ഞു.
എന്തിനാണെന്നോ! നീയിങ്ങോട്ടു വരാതിരിക്കാന്‍. നീ വന്നാ ലിവിടെ മരണം സുനിശ്ചിതമല്ലേ? കഴിഞ്ഞ മൂന്നു തവണ ലീവില്‍ വന്നപ്പോഴും മൂന്നു പേര് മരിച്ചില്ലേ?  കൊല്ലാനല്ലേ, നീയിവിടെ വരുന്നത്?”
“ഹഹഹഹാ.....”
അനന്തന്‍ പൊട്ടിച്ചിരിച്ചു. കുമാരപിള്ള ഞെട്ടി വര്ത്തമാന ത്തിലേക്ക് കുത്തനെ വീണു.
മുന്നില്‍  അനന്തന്‍ അപ്രത്യക്ഷനായിരുന്നു. വേണ്ട. അവ നോടൊന്നും പറയാന്‍ പോകണ്ട. പറഞ്ഞാല്‍  ഇടയും.
ഇത്തവണ ഇടഞ്ഞാല്‍ അടുത്ത ലീവില്‍ വരുമ്പോള്‍ മരണം സുനിശ്ചിതം. എന്റെ ഈശ്വരാ! കുമാരപിള്ള ദീര്‍ഘമായി നിശ്വസിച്ചു.
സ്വന്തം അച്ഛനെ കൊന്നു. മുത്തച്ഛനെ കൊന്നു. തുഷാരയെ കൊന്നു. ഇനിയാര്? അടുത്തതാര്? വേണ്ടാ. ഭാഗ്യപരീക്ഷണം വേണ്ടാ.
അകത്തെ ഏതോ മുറിയില്‍ നിന്നൊരു  കരച്ചില്‍ കേട്ടു. കുമാര പിള്ള ഞെട്ടിയെണീറ്റു. ഒരു നിമിഷം കാതോര്‍ത്തു. വടക്കിനിയി ല്‍ നിന്നാണ്. അയാള്‍  ഇരുട്ടില്‍  ഓടി.
അനന്തന്റെ അമ്മ  കിടക്കയില്‍ എണീറ്റിരുന്നു തേങ്ങുകയാ ണ്. ചുളിവീണ മഞ്ഞക്കണ്ണുകളിലൂടെ കണ്ണുനീരൊഴുകുകയാ ണ്. ഇരു കൈകളും തലയില്‍ പൊത്തിവെച്ചിരിക്കുകയാണ്.
എന്റെ തള്ളെ, നിങ്ങളെന്താണീ കാണിക്കുന്നത്?ഒന്ന് നിര്‍ത്ത്. അവനെക്കൊണ്ട്‌ വല്ലതും പറയിക്കണ്ട. എന്താ, നിങ്ങള്‍ക്കും പോകാറായോ?
അമ്മയുടെ കരച്ചില്‍ പൊടുന്നനെ നിന്നു.
അവരുടെ കണ്ണുകള്‍ ഭയന്ന പടി തുറന്നിരുന്നു.  അനന്തന്‍ അവരുടെ മുന്നില്‍ ഒഴുകിവന്നു.  ചുറ്റും ഒഴുകി നടന്നു.   അവന്‍ ഉറക്കെ അട്ടഹസിച്ചപ്പോള്‍  വായില്‍ നിന്ന് തീ പുറത്തു ചാടി. തീക്കണ്ണുകള്‍  അവന്‍ വട്ടം കറക്കിക്കാണിച്ചു. നീണ്ട  നാവില്‍ നിന്ന് ചോരയൊഴുകി.  തലയില്‍ കൊമ്പുകളും    കഴുത്തില്‍ തല യോട്ടിമാലയും.  അസ്ഥികള്‍ കയ്യിലെടുത്ത്  അനന്തന്‍ നൃത്ത മാടി.
കുമാരപിള്ള തല ആഞ്ഞു കുടഞ്ഞു. 
ചേടത്തി കെടന്നേ. പറഞ്ഞിട്ട് ഒരു കാരിയവുമില്ല. ഒക്കെ തല വിദിയാ. മിണ്ടാണ്ട് ഒരിടത്ത് കെടന്നോ.
കുമാരപിള്ള വരാന്തയിലേക്ക്‌ പോന്നു.
ആരാണ് ശപിക്കപ്പെട്ടിരിക്കുന്നത്? അനന്തനാണോ?  ശാപ ത്തിന്റെ കാവല്‍ക്കാരനായ താനോ അതോ ഈ തറവാടോ    ? .
കുമാരപിള്ള ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട്  ഒരു ബീഡി കത്തിച്ചു. അയാള്‍ ഓര്‍ത്തു.
അനന്തന് ജോലി കിട്ടി ആദ്യമായി ജലന്ധറിലേക്ക് യാത്രയായ സമയം.   അവന്‍  അവന്റെ അച്ഛനുമായി പിണങ്ങി. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. കേശവേട്ടന്‍ എന്നും നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു.  ഏട്ടന്‍ ചോദിച്ചു.
“അനന്താ, ഈ വേഷത്തിലാണോ നീ ജോലിക്ക്  ചേരാന്‍  പോകുന്നത്?
കേശവേട്ടന്റെ ചോദ്യം കേട്ട, അനന്തനെ യാത്രയാക്കിക്കൊ ണ്ടിരുന്ന എല്ലാവരും വിസ്മയിച്ചു.   അനന്തന്‍ സ്വന്തം ദേഹത്ത് ഒരു മിന്നല്‍പരിശോധന  നടത്തിയിട്ടു ചോദിച്ചു.
“ എന്താണച്ഛാ, കുഴപ്പം, ഞാന്‍  വൃത്തിയായി ഡ്രസ്സ്‌  ധരിചിട്ടു ണ്ടല്ലോ !”
ഓ, വൃത്തിതന്നെ,വൃത്തിതന്നെ, നിന്റെ ആ കപ്പടാമീശ ഒന്ന് കത്രിച്ചുകൂടെ?  എന്തിനിത്ര വലിപ്പം? നീയ് ആരാച്ചാരാണോ?”
കുരുത്തംകെട്ട വാക്കുകള്‍!  കുമാരപിള്ള  ഭൂതകാലനദിയില്‍ തല പുറത്തിട്ടു മുങ്ങിക്കിടന്നു. നീയ് ആരാച്ചാരാണോ? അറം പറ്റിയ വാക്കുകള്‍. അനന്തന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. അവന്റെ മുഖം പ്രസന്നമല്ല
“പറഞ്ഞത് കേട്ടില്ലേ? നിന്റെ പോലീസുമീശ  ഇവിടെ പറിച്ചുവെച്ചിട്ടു മതി, ജോലിക്ക് പോക്ക്”
ഈരെഴത്തോര്‍ത്തു നീട്ടിക്കുടഞ്ഞു പൊട്ടിച്ചു  കേശവേട്ടന്‍ കല്പ നയായി. അനന്തന്‍ അനുസരിക്കാതിരിക്കുമോ? അനുസരി ക്കും. അങ്ങനെയാണവന്റെ ശീലം.
പക്ഷെ, ശീലങ്ങള്‍ മാറുകയായിരുന്നു.  ഉറച്ച  ശബ്ദത്തില്‍ അവന്‍ പറഞ്ഞു,
“ഞാനേ,  സര്‍ക്കാരിലേക്ക് ഫോട്ടോ അയച്ചുകൊടുത്തിട്ടു ള്ളതാ .  ഇനിയിപ്പോ മീശ വടിച്ചേച്ചു ചെന്നാല്‍  ആള്മാറാട്ട ത്തിനു അവര്  കേസെടുക്കും,”
ഒന്ന് നിര്‍ത്തിയിട്ടു  അവന്‍ തുടര്‍ന്നു.
“തന്നേമല്ല, എനിക്കിഷ്ടപ്പെട്ടിട്ടാ ഞാനീ മീശ വെച്ചത്. അതിനി വടിച്ചുകളയാനൊന്നും ഒക്കത്തില്ല. ഞാന്‍ പോവുകാ.”
അനന്തന്‍ അന്ന് ചാടിത്തുള്ളി പെട്ടിയുമെടുത്തിറങ്ങിപ്പോയ രംഗം  ഇന്നും കുമാരപിള്ളയുടെ കണ്മുന്നിലുണ്ട്. അനന്തന്‍ ഒന്നാമത് ലീവില്‍ വന്ന അവസരത്തില്‍ കേശവേട്ടന്‍ മരിച്ചു. ഒരസുഖവുമുണ്ടായിരുന്നില്ല. ഒരു മാനോദു:ഖവുമു ല്ല.മരിച്ചു. പെട്ടെന്നങ്ങ് മരിച്ചു. ആ ലീവും കഴിഞ്ഞു പോകും മുമ്പാണ് മുത്തച്ഛനുമായി തെറ്റിയത്.
“എടാ,എടാ,ധിക്കാരീ. നിന്റെ തന്ത്യോണ്ടായിരുന്ന കാലത്ത് പൊരയ്ക്കകത്തു നീ ചെരിപ്പിടുമായിരുന്നോടാ?  എന്തിനു? തറവാട്ടീപ്പിറന്ന  ആരെങ്കിലും ഇത് ചെയ്യുമോടാ? എന്തെടാ, കേട്ടില്ലേ, നീയ്യ്?”
അനന്തന്റെ ശബ്ദം കൂടുതല്‍ ദൃഡമായിരുന്നു.
“കേട്ടു, മുത്തച്ഛാ, കേട്ടു. ഞാന്‍ പിന്നെന്തോ ചെയ്യണം? ഷൂസഴിച്ചു തലേല്‍ ചൊമക്കണോ? എന്നെക്കൊണ്ടൊക്കത്തില്ല. എനിക്ക് തറവാടിത്തോം വേണ്ട. അതിന്റെ കേമം കൊണ്ടാണല്ലോ ഞാനിങ്ങനെ പരദേശത്ത് കിടക്കുന്നത്! തറവാടിത്തം!”
ഒടുക്കം എന്ത് പറ്റീ?  കുമാരപിള്ള ഗതകാലത്തിന്റെ
ഗര്‍ഭഗൃഹ നട തുറന്നു.
“ചത്തുപോയ കേയവംപിള്ളസാറിന്റെ അച്ഛനും ചത്തെന്നേയ്.”
“ഓ?”
“തെന്നെ. കേട്ടോ, ചങ്ങാതീ. അവിടത്തെ കൊച്ചുസാറിനു ഏതാണ്ടും ദോഷക്കേടോണ്ടത്രേ! അയാള്‍ക്ക് കാലന്‍റെ സേവയൊണ്ടെന്ന്!”
“തെന്നെ?”
“തെന്നെ,തെന്നെ. അയാളോടെടഞ്ഞാ, അയാള് കൊല്ലും. അതാണ്‌ സൊബാവം. അയാക്കു കോവം വരാന്‍ വല്യ കാരണോം വേണ്ടെനും.”
അയല്‍   പറമ്പിലെ   തൂമ്പാപ്പണിക്കാരുടെ  വാക്കുകള്‍.
അതില്‍പ്പിന്നെ അനന്തന്റെ  ശിരോലിഖിതം സകലരും ഗ്രഹിച്ചു. നാടുമുഴുവന്‍ സംസാരമായിക്കഴിഞ്ഞിരുന്നു. എന്താണ്  പ്രതിവിധിയെന്നു മാത്രം ആര്‍ക്കും അറിയില്ല. അങ്ങനെയിരിക്കെയാണ് കുമാരപിള്ളയെ തറവാട്ടു കാരണവത്തി വിളിപ്പിക്കുന്നത്.
കാരണവത്തി കുമാരപിള്ളയോട് ചോദിച്ചു
“കുമാരാ, യെന്ത് ചെയ്യുമെടാ, കുഞ്ഞൂട്ടനെ  ഇനിയെന്ത് ചെയ്യുമെടാ?”
പിറകില്‍ കയ്യും കെട്ടി, കുമാരപിള്ള കൂലങ്കഷമായി ആലോചിച്ചു. ഒരുമാതിരി കുഴഞ്ഞ കേസായിരിക്കുന്നു. അവനോടിടഞ്ഞവരൊക്കെ കണ്ണടച്ച ചരിത്രമേയുള്ളൂ.
“ഞാനെന്തു പറയാനാണ് ഏടത്തീ. എന്തൊക്കെ എങ്ങനൊക്കെ ആകുമെന്ന് ആര്‍ക്കറിയാം.?
“നമുക്കവനെയൊന്നു ഉഴിയിച്ചു കളഞ്ഞാലോ?”
“എന്തോന്ന്? വാതയോ?” അയാള്‍ ചോദിച്ചു.
“ആ. പിന്നെ, വാതയല്ലാതിതെന്തുവാ? നല്ലൊരു മന്ത്രവാദോം കഴിപ്പിക്കാം.”
“അതിനവന്‍ സമ്മതിക്കുമോ? അമ്പലോമില്ലാ, പള്ളീമില്ലാന്നും പറഞ്ഞു നടക്കുന്നവനോട് വാതയൊഴിപ്പിക്കാം എന്നു പറഞ്ഞാ...”
കുമാരപിള്ള അര്ധോക്തിയില്‍ നിര്‍ത്തി. മന്ത്രവാദച്ചുമതല  തന്നില്‍ വന്നു വീഴുമെന്നു  അയാള്‍ക്ക്‌ ശരിക്കറിയാം. അനന്ത നെ വിളിച്ചു കാര്യം പറയുന്ന രംഗം അയാള്‍  മനസ്സില്‍ കണ്ടു. 
“മോനെ, അനന്താ, അനന്തോ.”
“എന്താ ചെറിയച്ഛാ?”
“ ചെറിയച്ഛ ന്‍  ഒരു കാര്യം പറയട്ടെ?”
“ചെറിയച്ഛന് എന്നോട് എന്തെങ്കിലും പറയുവാന്‍ മുഖവുരയെന്തിനാ? പറഞ്ഞോളൂ.”
“ആളുകള്‍ അതുമിതും പറയുന്നു. അല്ല, അതിലൊട്ടും സത്യം ഇല്ല. എങ്കിലും...”
അനന്തന്റെ മുഖം ചുവക്കാന്‍ തുടങ്ങുന്നു. കണ്ണുകള്‍ വലുതാവുന്നു.
“മോന്‍ എന്റെ കൂടെയൊന്നു വരാവോ? ഒരു സലം വരെ?”
“എങ്ങോട്ടാ, ചെറിയച്ഛാ, എന്താ കാര്യം?”
“അഞ്ചുമിനിട്ടേ വേണ്ടൂ . ഒരു പൂജ. ഒക്കെ ചെറിയച്ഛന്‍ ഏറ്റു. മോന്‍ ഒന്നും അറിയണ്ടാ.”
“പൂജയോ, എന്ത് പൂജ?”
“ഒരു മന്ത്രവാദ......”
“എന്തെന്തു? മന്ത്രവാദത്തിനോ?” അനന്തന്‍
പൊട്ടിത്തെറിച്ചു. ഇടിമുഴക്കത്തോടെ.
കുമാരപിള്ള കണ്ണടച്ചുകളഞ്ഞു.
“ നായിന്റെ മോനെ, നിന്റെ തന്തയെ കൊണ്ടുപോയി മന്ത്രവാ ദം കഴിപ്പിക്ക്. എന്നെ നിനക്ക് അറിഞ്ഞൂടാ.  അറിയ്യോ, അറിയ്യോ നിനക്ക്?”
കുമാരപിള്ള ഞെട്ടിയുണര്‍ന്നു.   അയാള്‍ തല അമര്ത്തിക്കു ടഞ്ഞു.
“വേണ്ട,ചേടത്തീ. ഞാനില്ല. അവനോട് ഒന്നിനും ഞാനില്ല. അത് ശരിയാവൂല്ല.”
അയാള്‍ വിയര്ത്തു കുളിച്ചിരുന്നു.
തുഷാരയുടെ മരണം സംഭവങ്ങള്‍ക്കൊരു വഴിത്തിരിവായി. അനന്തന് പറഞ്ഞു വച്ച പെണ്ണായിരുന്നു..ഒരു പൂമ്പാറ്റ.
തടിച്ച കീഴ്ചുണ്ട് തടവിക്കൊണ്ട് കുമാരപിള്ള സ്വപ്നത്തിലെന്നപോലെ നിന്നു.  തുഷാര! ചോരക്കുഞ്ഞായി ജനിച്ചുവീണതു  മുതല്‍ അവളുടെ വളര്‍ച്ചയിലെ ഓരോ മുഹൂ ര്‍ത്തങ്ങളും  അയാള്‍ക്കു മന:പാഠമാണ്.
ആദ്യമായി ഫ്രോക്കണിഞ്ഞു പൂവില്‍ നിന്ന് പൂവിലേക്കവള്‍ പാറിനടന്നത്...... ആദ്യമായി ദാവണിയുടുത്തു ഊഞ്ഞാല്‍ പ്പടിയിലിരുന്നു  കിനാവ് കണ്ടത്.....
മറക്കുവാന്‍ കുമാരപിള്ളയ്ക്ക് അറിയില്ലായിരുന്നു.
പുറത്തെ  ഇരുട്ടിലേക്കയാള്‍  തുറിച്ചു നോക്കി. തുഷാര അയാളു ടെ മുന്നില്‍ വന്നു നിന്നു. പട്ടുപാവാടയുടെ  ഞൊറികള്‍ കാറ്റില്‍ പറന്നു. അയാള്‍ ആന്തലോടെ അവളെ അടിമുടി നോക്കി. തുഷാര! വാസ്തവമല്ലെന്നയാള്‍ക്കറിയാം. എങ്കിലും കൊതിച്ചു. അങ്ങനെയാകുവാന്‍.
തോര്‍ത്തുകൊണ്ട് നെറ്റി അമര്‍ത്തിത്തുടച്ചു അയാള്‍ നിയന്ത്രണം കാത്തു.
“എന്നെ കൊന്നു, മാമാ...” മുള ചീന്തുംപോലെ തുഷാര ഇരുട്ടില്‍ കരഞ്ഞു. പളുങ്കുമണികള്‍ ഉതിര്‍ന്നു വീഴുന്നത് അയാള്‍ അറിഞ്ഞു.
“തുഷാരക്കുഞ്ഞേ...?” അടക്കിയ ശബ്ദത്തില്‍ അയാള്‍ വിളിച്ചു.
“എന്തോ.” വിസ്തൃതമായ പാവാട ഞൊറികള്‍  ഇരുകൈകള്‍ കൊണ്ടും വിടര്‍ത്തിയെടുത്തു   അവള്‍ കുണുങ്ങി. തുഷാരമോ ള്‍ക്ക് എന്തഴകായിരുന്നു! ശ്രീയുള്ള കുട്ടി.  മാമാന്നു തികച്ചുവി ളിക്കില്ല. സ്നേഹത്തിന്റെ തുളുമ്പാത്ത നിറകുടം.  ഒരുവയസ്സുകാരി യായിരുന്ന  കാലത്ത്  അവള്‍  തന്നെ ഉമാരാ, എന്നാണു വിളിച്ചിരുന്നത്.
“ഉമാരാ അച്ച ...എന്ത്യേയ്..”
“ഉമാരാ..അച്ഛ ഫോയ്...”
ഉമാരാ...പാപ്പം.” ഭൂതകാലം ഊഞ്ഞാലാടി. ഊഞ്ഞാല്‍പ്പടിയിലിരുന്നു അയാള്‍ ആരോഹണാവരോഹ ണങ്ങളില്‍  സ്വയം  ഇല്ലാതായി.
“മോളെ...”  അയാള്‍ നീട്ടിവിളിച്ചു.
“എന്തോ.....” അവള്‍ വിളികേട്ടു.
“മോളേ.. അനന്തേട്ടന്‍  നിന്നെ ഉപദ്രവിക്കാറുണ്ടോ ?”  അവള്‍ മിണ്ടിയില്ല. നിശ്ശബ്ദയായി കളി നൃത്തം വെച്ചു. അവള്‍ ചിരിച്ചു കൊണ്ടിരുന്നു, ദീനയായി.
“നിന്റെ മുടിക്ക് കുത്തി പിടിച്ചെന്നും കന്നത്ത് തല്ലിയെന്നും  കേട്ടല്ലോ... നേരാണോ, മോളെ”
അവള്‍ വീണ്ടും കളിനൃത്തമാടുകയും ദീനയായി ചിരിക്കുകയും ചെയ്തു.
അയാള്‍ മറ്റെന്തോ ചിന്തിച്ച സമയത്ത് കേട്ടു.
“എന്നെ കൊന്നു, മാമാ.”
ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങിനെപ്പോലെ അവള്‍ പാറിപ്പാറി യകന്നു. തൂവെള്ള പ്പട്ടുപാവാട ഇരുട്ടിലേക്ക് പറന്നു പറന്നു പോകുന്നത് കാണാമായിരുന്നു. കുമാരപിള്ള കണ്ണ് കൂര്‍പ്പിച്ച് നോക്കി. അവള്‍ അകന്നുപോകുകയാണ്.
“എന്നെ കൊന്നു, മാമാ.” 
അയാള്‍ കണ്ണുകള്‍  പിന്‍വലിച്ചു തലവിലങ്ങനെയാട്ടി ക്കൊണ്ടി രുന്നു.  തുഷാരയുടെ മരണം എല്ലാം തകിടം മറിച്ചു. അതില്‍ പിന്നെ  ആ മുറിയില്‍ ആരും പോകില്ല. കണ്ണും വെട്ടത്തു പോലും ചെല്ലുകയില്ല. പണിക്കാരി മാളൂം  അവക്കടമ്മേം ഒഴിഞ്ഞു പോയി. വീട്ടുപണിയെടുക്കാന്‍ ആരുമില്ല. എല്ലാവര്ക്കും പേടി. ചാകാനാര്‍ക്കാ പേടിയില്ലാത്തത്?
എന്തൊരു ജന്മമപ്പാ!
ഇത്തവണ ഈ നിമിഷം വരെ ആര്‍ക്കും ആപത്തുണ്ടായിട്ടില്ല. എന്താ കാര്യം? കുമാരപിള്ള നെഞ്ചത്ത് കൈ വെച്ച് ആശ്വസി ച്ചു. അവന്‍ കഴിഞ്ഞ പ്രാവശ്യം അവധിക്കു വന്നപ്പോള്‍ ആരു മായും വഴക്കുണ്ടായില്ല. നശിച്ച അവധിക്കാലത്തിന്റെ ഗതികെ ട്ട കാവല്‍ക്കാരനായി താനിങ്ങനെ ഉള്ളതുകൊണ്ട്......
ഇത്തവണയും വഴക്കൊന്നുമുണ്ടാവല്ലേ, കൃഷ്ണാ, ഗുരുവായൂരപ്പാ, ദേവീ! അയാള്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു.
മൂന്ന്
ഭാര്യ വന്നു വിളിച്ചപ്പോള്‍ വാസ്തവത്തില്‍ കുമാരപിള്ള ഞെട്ടി പ്പോയി. കറന്റ് എപ്പോഴോ വന്നിരുന്നു. ചവിട്ടുകല്ലില്‍ തൂണും ചാരിയിരുന്നു താന്‍ ഉറങ്ങുകയായിരുന്നു. അയാള്‍ ചാടിയെ ണീറ്റു. ഉടനെ കേട്ടു.
“അമ്മേ, ഊണെടുത്തോളൂ പോകാറായി.”
ഘനഗംഭീരമായ ആ ശബ്ദം ഇടിമുഴക്കം പോലെ കുമാരപിള്ള കേട്ടു. പിന്നെ അപ്രകാരം ചെയ്യുവാന്‍ ഭാര്യയോട് ആംഗ്യം കാണിച്ചു.
“അനന്തന്‍ വരാത്ത താമസേള്ളൂ. ഒക്കെ വിളമ്പി.”
അത് പറഞ്ഞുകൊണ്ട് കാര്ത്തുവമ്മ  അടുക്കളയിലേക്കോടി. നിമിഷനേരം കൊണ്ട് മേശപ്പുറത്തു ഭക്ഷണം റെഡിയായി.
അനന്തന്റെ  മുറിയിലെ ലൈറ്റ് കെട്ടു. വാതില്‍ക്കല്‍  അനന്ത ന്‍ പ്രത്യക്ഷപ്പെട്ടു. നീണ്ടുനിവര്‍ന്നു സാവധാനം നടന്നടുക്കുക യാണ്. വരാന്ത ശൂന്യം. കുമാരപിള്ള വാല്‍ക്കിണ്ടി എടുത്തു നീട്ടി.
“ചെറിയച്ഛന്‍   ഉണ്ണുന്നില്ലേ?”
“ഉണ്ണാം. ഞാന്‍ പിന്നെ  ഉണ്ണാം.” മുഖത്ത് നോക്കാതെ അയാള്‍ പറഞ്ഞൊപ്പിച്ചു.
അനന്തന്‍  ഊണുമുറിയിലേക്ക് പ്രവേശിച്ചു. മേശയ്ക്കരികില്‍ ചെന്നിരുന്നു. രംഗം  ശൂന്യം.  അവന്‍  തല ചരിച്ചു നോക്കുന്നുണ്ട്.
“അമ്മയെവിടെ?”
അമ്മയെ വിളിക്കാന്‍ കുമാരപിള്ള ഭാര്യയോട് ആംഗ്യം കാണിച്ചു.
ഏടത്തി വരുന്നുണ്ടായിരുന്നു. വന്നപാടെ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. എന്തോ കഷായം കുടിച്ച മട്ടുണ്ടായിരുന്നു ഏടത്തിയുടെ മുഖത്തിന്‌! കുമാരപിള്ള തോര്‍ത്ത്‌ മടക്കി തോളത്തിട്ട്  ഒരു  പരിചാരകന്റെ ഭാവത്തില്‍ നിന്നതേയുള്ളൂ.
ഏടത്തി അനന്തന്റെ  നേര്‍ക്ക്‌ നോക്കുന്നു പോലുമില്ല.
“മോളെ, ഗീതെ.” അനന്തന്റെ മൃദുവായ ശബ്ദം.
“മോളെ, ഗീതെ.” കുമാരപിള്ള ഉറക്കെ വിളിച്ചു.
വാതില്‍പ്പടിക്കല്‍ ഗീതക്കുഞ്ഞിന്റെ മുഖം കണ്ടു. തികച്ചും പേടിച്ച രണ്ടിരിക്കുന്നു. അവള്‍ വിറച്ചിരുന്നു. കരിയെഴുതിയ കണ്ണുകള്‍ പിടച്ചു. ചുണ്ടുകള്‍ കൃത്രിമമായി വിടര്‍ന്നു. കുഞ്ഞിപ്പല്ലുകള്‍ നിരന്നു.  അവള്‍ പല്ലിളിക്കുകയാണോ! കുമാരപിള്ളയ്ക്ക് കലികയറി.
“എന്തുവേണം,അനന്താ-“ അയാള്‍ എത്രയും വിനീതനായി ചോദിച്ചു.
“ഒരു സ്പൂണ്. കറിയൊഴിക്കാന്‍.....”
അനന്തന്‍ മന്ത്രിച്ചു. അവന്‍ ഗീതക്കുഞ്ഞിനെ സൂക്ഷിച്ചു നോക്കുകയാണ്. കുമാരപിള്ളയുടെ ഞെഞ്ഞു പിടച്ചു.
ഗീത സ്പൂണ്‍  എടുക്കാന്‍  അടുക്കളയിലേക്കോടി.  അടുത്ത നിമിഷം സ്പൂണെത്തി. വന്നത് സ്പൂണായിരുന്നില്ല. കറിക്കത്തി. അവള്‍ തിരിച്ചോടി.
സ്പൂണ്‍ വന്നു,. അവളുടെ ചോര വാര്‍ന്ന മുഖത്ത് നോക്കി അനന്തന്‍  മന്ത്രിച്ചു.
“സാരമില്ല, മോളെ.....” അവള്‍ പിന്നോക്കം പിന്നോക്കം നടന്ന്   പടിതട്ടി ഉരുണ്ടു വീണു.  കുമാരപിള്ളയ്ക്ക് അവളെ അടിച്ചു തുട പൊട്ടിക്കാനുള്ള ദേഷ്യമുണ്ടായി.അനന്തന്‍ കൈ കുടഞ്ഞെ ണീക്കുകയാണ്. കുമാരപിള്ള വായ്‌ പൊളിച്ചുപോയി.  ഇടഞ്ഞോ? അനന്തന്‍ ഇടഞ്ഞോ? ആരോടാണ്? ഗീതക്കുഞ്ഞിനോടോ! എന്റെ മോളെ...
രോമാവൃതമായ തന്റെ നെഞ്ചില്‍  വട്ടത്തില്‍  തടവിക്കൊണ്ട്  അയാള്‍ ചോദിച്ചു.
“അനന്തന്‍ ഉണ്ണാതെ...?”
അനന്തന്‍ കൈ കഴുകുകയാണ്. വിളമ്പിയ ചോറും കറികളും അതുപടിയിരിക്കുന്നു. കൈ കഴുകിക്കഴിഞ്ഞു അനന്തന്‍ തിരിയുന്നില്ല. ഒരു പ്രതിമ കണക്കെ അവന്‍ പുറംതിരിഞ്ഞു നിന്നു.  
നിശ്ചലം.
കുമാരപിള്ളയ്ക്ക് തല ചുറ്റുന്നുവെന്നു തോന്നി. ഭഗവാനെ, ഇതെന്തിന്റെ തുടക്കമാണ് ദേവീ. ആരാണീശ്വരാ, അടുത്ത ഇര? ഇത്ര വരെ കാത്തുസൂക്ഷിച്ചിട്ടു   അവസാന നിമിഷത്തില്‍....
അനന്തന്‍ ജനലരികിലേക്ക് നീങ്ങി. ജനലഴികളില്‍  പിടിച്ചു അവന്‍ പുറത്തേക്കു നോക്കി നിന്നു.  പിന്നെ തല ജനലഴി കളില്‍ ചേര്‍ത്ത് വച്ചു. അവന്‍ തേങ്ങുകയാണോ...
കുമാരപിള്ള കണ്ണ് കൂര്‍പ്പിച്ച് നോക്കി.
അനന്തന്‍ കരയുകയാണ്. തേങ്ങിത്തേങ്ങിക്കരയുകയാണ്.
അത് കുമാരപിള്ളയ്ക്കൊരു പുതിയ കാഴ്ചയായിരുന്നു. ജനലഴി കളില്‍ തൂങ്ങി  അവന്‍ തിരിഞ്ഞു നിന്നു.
കണ്ണുനീര്‍ ധാരയായി ഒഴുകുകയാണ്. കുമാരപിള്ളയ്ക്ക് നാവിറങ്ങിപ്പോയി.
“അമ്മേ-” തേങ്ങലിനിടയില്‍  അയാള്‍ വിളിച്ചു.
ഏടത്തി ഞെട്ടിയെണീട്ടു. നരച്ച, പാറിപ്പറന്ന തലമുടി വാരിക്കെട്ടിക്കൊണ്ട്, ഏടത്തി  അനന്തനെ തുറിച്ചു നോക്കി.
“ഞാന്‍ പോകുന്നില്ലമ്മേ. ഞാനിനി ജോലിക്ക് പോകുന്നില്ലാ...” അനന്തന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
“എന്ത്? ഇനി പോകുന്നേയില്ലേ?”  ഏടത്തിയുടെ  ഞെട്ടിക്കൊ ണ്ടുള്ള ആ ചോദ്യം വീടിന്റെ തെക്കെ മുറിയില്‍ പ്രതിധ്വനിച്ചു. നടുമുറ്റത്ത്‌ പ്രതിധ്വനിച്ചു. ഇടനാഴിയിലും പിന്നെ വീട്ടിലെ ഇരുട്ടുകളിലെല്ലാം പ്രതിധ്വനിച്ചു.
കുമാരപിള്ളയുടെ സ്വതേ ചീര്‍ത്ത മുഖം  കുറേക്കൂടി ചീര്‍ത്തു. കറുത്തു.                                                                                                             എന്താണ് പറഞ്ഞത്? ഇനി പോകില്ലെന്നോ? ദുരിതം പിടിച്ചവന്‍ ഇവിടെ സ്ഥിരം താമസിച്ചു സകലരേയും കൊല്ലാന്‍ പോകുകയാണോ?                                                              കുമാരപിള്ളയുടെ തല മരവിച്ചു കഴിഞ്ഞിരുന്നു.
“അതെ. ഇനി ഞാന്‍ പോകുന്നില്ല. “
“ഞാന്‍ നിങ്ങള്‍ക്കാരാ? ആര്‍ക്കുവേണ്ടിയാണ് ഞാന്‍ അന്യ നാട്ടില്‍ കിടന്നു നരകിക്കുന്നത്? എന്നെ സ്നേഹിക്കാന്‍ ആരു മില്ലാതായിരിക്കുന്നു. ഒരാളെ ഞാന്‍ സൂക്ഷിച്ചു നോക്കാന്‍ പാടില്ല. ഒരാളെ നോക്കി ചിരിക്കാന്‍ പാടില്ല. ഒരു കുഞ്ഞിനെ യെടുത്തോമനിക്കാന്‍ പാടില്ല. ഞാന്‍ കാലനാണത്രേ!”
അനന്തന്റെ ശബ്ദം  ആ പഴയ വീടിനെ അകം പുറം മറിച്ചു. ഓരോന്ന് കേള്‍ക്കുമ്പോഴും കുമാരപിള്ളയുടെ തല താഴ്ന്നു താഴ്ന്നു പോയി.                                                                                                    ഇടഞ്ഞു. അനന്തന്‍ ഇടഞ്ഞു.                                                                                                പതുക്കെ രംഗത്ത്‌ നിന്ന് മാറിയാലോ?  തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.  അയാള്‍ വായുപോലുമിളകാതെ പുറത്തു കടന്നു. മാറിക്കളയാം. അവനൊന്നു തണുത്തിട്ട്  തിരിച്ചുവരാം. അവനോടു തല്ലു കൂടിയാലുള്ള അനുഭവം അറിയാമല്ലോ. പിന്നെ എന്തിനീ തള്ള ഇങ്ങനെ പുറപ്പെടുന്നു?
തടി രക്ഷിക്കുക തന്നെ.. മാറിക്കളയാം.
മറ്റെവിടെയെങ്കിലും പോയി ജീവിക്കുക എന്നത് ക്ലേശകരമാണ്. പാടവും പറമ്പും ആര് നോക്കും? ഇടയ്കൊന്നു  നാട്ടില്‍         വന്നുപോകണമെങ്കില്‍ അനന്തന്റെ കണ്ണ് വെട്ടിച്ചു വേണംതാനും. അതും അപകടമാണ്. ഏതായാലും പോവുക തന്നെ. ജീവനല്ലേ, പ്രധാനം?
കുമാരപിള്ള ഉറച്ചുകഴിഞ്ഞിരുന്നു. കാര്ത്തുവും പിള്ളേരും വീട്ടില്‍ തന്നെ നില്‍ക്കട്ടെ. ഒരു വീടോ മറ്റോ ശരിയായിക്കഴിഞ്ഞിട്ടു  അവരെയും കൊണ്ടുപോകാം.
പക്ഷെ, അത് ശരിയാണോ? കുമാരപിള്ള മറിച്ചും ആലോചിച്ചു. അവര്‍ക്കെന്തെങ്കിലും ആപത്തു പിണഞ്ഞാലോ?  കാര്ത്തു വിനെ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ല. അയാള്‍ ഏന്തിവലി ഞ്ഞു കിളിവാതിലിലൂടെ കാര്ത്തുവിനെ ആംഗ്യം കാണിച്ചു വിളിച്ചു. കാര്ത്തുവും  മക്കളും ഒരു പറ്റമായി മുറ്റത്തെത്തി. എല്ലാവരുമുണ്ട്. അനന്തന്റെ രണ്ടനുജത്തിമാരുമുണ്ട്. പോരട്ടെ. പോരട്ടെ. എല്ലാവരും പോരട്ടെ. അവനും അവന്റെ അമ്മയും കൂടി ഇവിടെക്കിടന്നു തുലയട്ടെ. ഓരോരുത്തരുടെ വിധി! അല്ലാതെന്നാ?
“മക്കളേ, നമുക്കൊരിടം വരെ പോകാം. എല്ലാവരും മുറ്റത്തോട്ടിറങ്ങി നിന്നോ.  ഞാനിതാ വന്നു.”
കുമാരപിള്ള മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. പിള്ളേരുടെ കുറെ ഉടുപ്പുകള്‍....ചിട്ടിപ്പുസ്തകങ്ങള്‍...മഹാലക്ഷ്മിയുടെ ചില്ലിട്ട ചെറിയ പടം...എല്ലാം കൂടി ഒരു തുണിസഞ്ചയില്‍ തിരുകിക്ക യറ്റി. ഇനി ഇറങ്ങാം. അയാള്‍ തെല്ലിട ആലോചിച്ചു.  ഭഗവാനെ, രക്ഷിക്കണേ! അയാള്‍ കതകു ചേര്‍ത്തടച്ചു പൂട്ടി. പെട്ടെന്ന്  പുറത്തു കൂട്ടനിലവിളി കേട്ടു. കുമാരപിള്ള പുറത്തേക്കു പാഞ്ഞു. ഉമ്മറത്ത്‌ കണ്ട കാഴ്ച കുമാരപിള്ളയെ നടുക്കി. കാര്ത്തുവും മക്കളും മുറ്റത്തു നിന്ന് വലിയ വായില്‍ നിലവിളി ക്കുന്നു. വാതില്‍പടിക്കല്‍ അനന്തന്‍ സംഹാരരുദ്രനായി നില്‍ക്കുന്നു.
“ചെറിയച്ഛാ, ഇതില്‍ ഭേദം എന്നെയങ്ങോട്ടു കൊന്നൂടായിരുന്നോ?”
കുമാരപിള്ള ഒരു നിമിഷത്തെയ്ക്ക് തപ്പിപ്പോയി. കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നത്? ഇവനില്‍ നിന്നു ആര്‍ക്കും മോചനമില്ലേ ഭഗവാനെ?
കുമാരപിള്ള നോക്കിനില്‍ക്കെ അനന്തന്‍ വാതില്‍പ്പടികള്‍ വലിയൊരു ചിലന്തിയായി. കണ്ണുകളില്‍ ചോരയൊഴുകുന്ന ഊക്കന്‍ ചിലന്തി.    അയാള്‍ രണ്ടടി പിന്നോട്ടു വച്ച്. ചിലന്തി ക്കാലുകള്‍ക്ക് നീളം വയ്ക്കുകയാണ്. കാലുകള്‍ നീണ്ടുനീണ്ടു വന്നു. പല്ലിളിക്കുന്ന ഒരു കിനാവള്ളിയായി അനന്തന്‍. ചുരുട്ടിപ്പിടിച്ച കിനാവള്ളിക്കാലുകളില്‍  കേശവേട്ടന്‍ ചിരിച്ചു. മുത്തച്ഛന്‍ ചിരിച്ചു. തുഷാരക്കുട്ടി ചിരിച്ചു. ചിരിക്കുന്നോ? അയാളുടെ വായ്‌ തുറന്നുപോയി. കൈകാലുകള്‍ തളരുന്നു. നാവു വരളുന്നു. മടിച്ചുമടിച്ച് അനന്തന്റെ കണ്ണുകളിലേക്കു നോക്കി.ക്ഷുഭിതനായ അനന്തന്റെ രൂപം അയാളെ വിറപ്പിച്ചു. എന്ത് സമാധാനം പറയണമെന്നറിയാതെ അയാള്‍ അല്‍പനേരം പല്ലിളിച്ചു നിന്നു. ഒരു മനുഷ്യനെക്കൊണ്ടാവുന്നതില്‍ ഏറ്റവും വിളറിയ ചിരി.
പെട്ടെന്ന് ഒരു ഉത്തമ പരിചാരകന്റെ ഭാവം പകര്‍ന്നു, കുമാരപിള്ള പറഞ്ഞു, “അനന്തന്‍ വേഗം പോയില്ലെങ്കില്‍  വണ്ടി തെറ്റും ഇനി എന്തിനാ താമസം? വേഗാവട്ടെ, കേട്ടോ...?
അയാള്‍ അനന്തന്റെ പെട്ടിയെടുത്തു ഇറയത്ത് കൊണ്ടുപോ യി വെച്ചു’.പുറം തിരിഞ്ഞു നിന്ന് തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു.        തിരിച്ചുവന്നു അയാള്‍ പറഞ്ഞു. 
“മോളെ, ഗീതെ, ആ പാല് മധുരമിട്ട് വേഗം കൊണ്ടുവാ.” ആരും അനങ്ങിയില്ല.
“അല്ലേല്‍, പാല്  ഞാന്‍ തന്നെ എടുത്തുകൊണ്ടു വരാം.” അയാള്‍ ധൃതി നടിച്ചു നടന്നു, രണ്ടടി. രണ്ടടി മാത്രം.
ഞരമ്പുകള്‍ വലിഞ്ഞു മുറുകിയ , തികച്ചും ഭയഗ്രസ്തമായ മുഖം തിരിച്ചു അനന്തനെയൊന്നു നോക്കി.
അനന്തന്‍ ചിരിക്കുകയാണ്.
അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു
കുമാരപിള്ള പാലെടുക്കാന്‍ പോയില്ല. തിരിച്ചു വന്നു, അവിശ്വാ സ്യതയോടെ, അനന്തന്റെ മുഖത്തയാള്‍ നോക്കി. ആ കണ്ണു കള്‍ വലുതാകുന്നത് അയാള്‍ കണ്ടു. ചോരഞരമ്പുകളിഴഞ്ഞ തിളങ്ങുന്ന  കണ്ണുകള്‍. ശിരസ്സില്‍ കൊമ്പുകള്‍ മുളച്ചു. വിരലുക ളില്‍ നഖങ്ങള്‍ നീണ്ടു.  അനന്തന്‍ അടിമുടി ഭീകരരൂപം പ്രാപിക്കുന്നതയാള്‍  കണ്ടു.  വായില്‍ നിന്ന് ചുടുചോരയൊഴുകുകയാണ്.
ആസന്നമായ മരണം കുമാരപിള്ള തൊട്ടുമുന്നില്‍ കണ്ടു. അയാള്‍ അനന്തന്റെ അടുത്തേയ്ക്ക് ചെന്ന്, തോളുകള്‍ പിടിച്ചു കുലുക്കി.
“എന്റെ പൊന്നനന്താ, എനിക്കാറും പൈതങ്ങളാണേ! അതുങ്ങളൊരു വഴിക്കാകുന്നതുവരെ...അതുവരെയെങ്കിലും..... എന്റെ പൊന്നനന്താ”
കുമാരപിള്ള കണ്ണുപൊത്തി, വിമ്മിക്കരഞ്ഞു കൊണ്ട് അനന്തന്റെ പാദങ്ങളില്‍ വീണു.
നിശ്ശബ്ദത നിമിഷങ്ങളെണ്ണി.
അയാളുടെ  കണ്ണുകള്‍ ദീനമായി യാചിച്ചുകൊണ്ടിരുന്നു.
തുറന്നിരുന്ന ആ കണ്ണുകള്‍  വെള്ളപുതക്കും വരെ യാചിച്ചുകൊണ്ടേയിരുന്നു.
------

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...