പകല്‍ പത്തു മണിയോടെ യാണ് ആ
കറുത്ത ചെക്കന്‍ ചെട്ടി യങ്ങാടിക്കവലയില്‍
എത്തിയത്. അവനെ പുറത്തേയ്ക്ക് ഉന്തിയിട്ട ശേഷം അപരിചിതമായ ആ ഓട്ടോറിക്ഷ
വെപ്രാളത്തോടെ റൗണ്ട് എടുത്തു മടങ്ങിപ്പോയി. പത്തുവയസ്സ് പ്രായം. കറുത്തുമെലിഞ്ഞ
പട്ടിണി ക്കോലം. കൂര്‍ത്ത മുഖം. മഞ്ഞപ്പുകലര്‍ന്ന വലിയ കണ്ണുകള്‍. നീണ്ട കൈകള്‍
തൂക്കിയിട്ട് പ്രത്യാശയോടെ അവന്‍ ചുറ്റും തിരിഞ്ഞുനോക്കി. ഹോട്ടല്‍ ബോള്‍ഗാട്ടിയിലെ മൊതലാളിയും തൊഴിലാളിയുമായ പുരുഷനും
ഏറുമാടം പോലുള്ള പെട്ടിക്കടയിലിരുന്നു
നാടന്‍ ബീഡി തെറുക്കുന്ന ‘അംസക്കായും’,
ചായക്കടയിലെ തിരക്കൊഴിഞ്ഞ നേരം
ചിന്താധീനനായിരുന്ന ‘രാമൂപ്പനും’ തയ്യല്‍ക്കാരന്‍ അപ്പു ആശാനും, ബാര്‍ബര്‍
ചാക്കോയും പലവ്യഞ്ജനക്കടയിലെ
കാദിരുകുഞ്ഞും ഒരേസമയം ചോദിച്ചിരിക്കാം,
“അതാ, കുഞ്ഞന്റെ മോനല്ലേ?”
ഓരോ
കടയിലെയും പതിവ് സില്‍ബന്തികളും
ഏറ്റുപറഞ്ഞിരിക്കാം, “നേരാണല്ലോ, ലോറിമുട്ടിച്ചത്ത.....നമ്മട കുഞ്ഞന്റെ ...” കുഞ്ഞന്‍
വെറുതെ ലോറി മുട്ടി ചത്തതല്ല. നൂല്‍ക്കമ്പനിയിലെ
നെയ്തു കാരി റോസി ഭര്‍ത്താവിനെ ഉപേക്ഷിച്ചു
പറക്കമുറ്റാത്ത രണ്ടു കുഞ്ഞു ങ്ങളുമായി ഓട്ടോ ഡ്രൈവര്‍ ഉസൈന്റെ
കൂടെ പൊറുതിക്ക് പോയി. എന്നിട്ടും കുഞ്ഞന്‍ ഏറെനാള്‍ ചെട്ടിയങ്ങാടി
പരിസരത്ത് തന്നെ കഴിഞ്ഞുകൂടി. ഇനി അഥവാ റോസി തന്റെ അടുക്കലേക്കു മടങ്ങിവ ന്നാലോ? സ്നേഹപൂര്‍വ്വം സ്വീകരിക്കണ്ടേ?
താന്‍ നാട് വിട്ട് വല്ല വഴിയ്ക്കും പോയാല്‍ റോസിയേയും കുഞ്ഞുങ്ങളെയും ആര് സംരക്ഷിയ്ക്കും? മറ്റുള്ളവരുടെ
‘നല്ലതിനായിക്കൊണ്ടുള്ള’ ഉപദേശങ്ങളൊന്നും സ്വീകരിക്കാതെ കുഞ്ഞന്‍ റോസിയ്ക്കും മക്കള്‍ക്കും വേണ്ടിയുള്ള കാത്തി രിപ്പുമായി ജീവിതാന്ത്യത്തിലേക്കു
നടന്നു നീങ്ങുമ്പോള്‍ ഒരുദിവസം കവലതിരിഞ്ഞു വന്ന ലോറി അയാളെ
ലക്ഷ്യത്തിലെത്തിക്കുകയായി രുന്നു.
അംസക്കാ ഏറുമാടത്തിനെക്കാള്‍ ചെറിയ പെട്ടിക്കടയില്‍ നിന്നിറങ്ങി, മറ്റെന്തോ
ആവശ്യത്തിനെന്നപോലെ കവലയിലൂടെ നടന്നു.
അടുത്തെത്തിയപ്പോള്‍ ചെക്കന്‍
അംസക്കായോടും ചോദിച്ചു. “എടോ, എന്റപ്പന്‍
കുഞ്ഞനെ കണ്ടോ?” അംസക്കാ
ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍
മുന്നോട്ടു നീങ്ങി. അല്പദൂരം ചെന്ന്, റോഡിന്റെ മറുഭാഗത്തുകൂടി അയാള്‍ തന്റെ ഏറുമാടത്തിലേ ക്ക്
തിരിച്ചു നടന്നു. അപ്പോഴും വഴിപോക്കരോട് ആ
ചെക്കന്
“കുഞ്ഞനെ കണ്ടോ, കുഞ്ഞന്‍ എവിടെയാണെന്നറിയാമോ” എന്നൊക്കെ ചോദിക്കുന്നത് അംസക്കാ
കേള്‍ക്കാതെ കേട്ടു. അല്‍ഹംദുലില്ലാ. അപ്പോള്‍, കുഞ്ഞന്‍ മയ്യത്തായ ശംഗതി
ചെക്കനറി ഞ്ഞിട്ടില്ലാ. അയാള്‍
രാമൂപ്പന്റെ ചായക്കടയിലേക്കു കയറി. കാലിളകിയ ബെഞ്ചില്‍ ഒരറ്റത്ത് ഒടിഞ്ഞു
മടങ്ങിയിരുന്നു കടുപ്പത്തില്‍ വെള്ളം കുറച്ച്
ഒരു ചായയ്ക്ക് പറഞ്ഞു. രാമൂപ്പന്‍ വേറൊരു ലോകത്താ യിരുന്നു. സമോവറിന്റെ
മുകളില്‍ ആ ചെക്കനിരുന്നു പുകയുന്ന കാഴ്ച യാണ് അയാള്‍ കണ്ടത്. അംസക്കയ്ക്ക് വേണ്ടി
ചായയുണ്ടാക്കു മ്പോള്‍ മൂപ്പന്‍
ആലോചിച്ചത് ആ ചെക്കന് ഇത്രയും നേരമായിട്ടും ഒരു വസ്തു
കഴിച്ചിട്ടില്ലല്ലോ എന്നാണ്. എന്തെങ്കിലും
വിളിച്ചു കൊടുക്കാമായിരുന്നു. രാവിലത്തെ
പുട്ട് ഇനിയും ബാക്കിയുണ്ട്. കടലക്കറിയുടെ
ചാറും ഒഴിച്ച് കൊടുത്താല്‍ അവന്റെ വിശപ്പ് മാറും.അല്ലെങ്കില്‍ പഴം
പൊരിക്ക് കരുതിയ നേന്ത്രപ്പഴത്തില്‍ ഒന്ന് കൊടുത്താ ലും മതി.കുഞ്ഞന്റെ
ഭാര്യയായിരുന്ന കാലത്ത് റോസി പുഴുങ്ങിക്കൊണ്ടുവന്നിരുന്ന പുട്ടും
വെള്ളെപ്പവുമായിരുന്നു മൂപ്പന്റെ
അലമാരയില്‍ പ്രഭാതങ്ങളില്‍ ആവി
നിറച്ചത്. മൂപ്പന് റോസിയോട് ഒരുപാട് കടപ്പാടുണ്ട്. ചായക്കടയുടെ പിന്നാമ്പുറത്തെ
ഇത്തിരിക്കോലായയില്‍ വെച്ച് റോസി ഒരുപാട് സങ്കടങ്ങള്‍ പറഞ്ഞിട്ടുണ്ട്. പകരമായി
കാര്യമായി ഒന്നും കൊടുക്കാന്‍ മൂപ്പന്
കഴിഞ്ഞിരുന്നില്ല. ഒരു ദിവസം മൂപ്പന്റെ മകന്‍
റോസിയെ ആ ഇത്തിരിക്കോലായയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. പഴയ വ്രണങ്ങള്‍
ഉണങ്ങിവരുന്നതേയുള്ളൂ. വേണ്ട. നടുറോഡില്‍
വിയര്‍ത്തൊലിച്ചു കുഞ്ഞന്‍ എന്ന
അപ്പനെക്കാത്ത് നില്‍ക്കുന്ന റോസിയുടെ മകനെ ദൈവത്തെയേല്പിച്ചു മൂപ്പന്‍ വടയ്ക്ക് പരിപ്പരയ്ക്കാന്‍ തുടങ്ങി. ഉച്ചയാകുന്നു. ചെക്കന്റെ മുഖം
കൂടുതല്‍ കറുത്തു. നെറ്റിയില്‍ വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞു. അംസക്കാ ഒളിഞ്ഞു നിന്ന് ശ്രദ്ധിച്ചു. ചില
അലവലാതികള്‍ ചുറ്റും കൂടി ചെക്കനെ ചോദ്യം ചെയ്യുന്നുണ്ട്. ചെക്കന്ടെ ഒരു കയ്യില്‍ ഒരു ഗ്ലാസ് ചായയും മറ്റേ കയ്യില്‍ ഒരു പഴംപൊരിയും കാണുന്നുണ്ട്. ഏതോ മനുഷ്യസ്നേഹി
വാങ്ങിക്കൊടുത്ത താണ്. ചെക്കന്‍ ആരുടെ തലയിലാ
കുടുങ്ങുന്നതെന്ന് നോക്കാം. ഇക്ക ഒരു ബീഡി കത്തിച്ചു കാദിരുകുഞ്ഞിന്റെ പലവ്യഞ്ജനക്കടയുടെ ചവിട്ടു കല്ലിലിരുന്നു. അവിടെയും വിഷയം കുഞ്ഞന്‍
റോസി ദാമ്പത്യ പരാജയം തന്നെ. സഹതാപം
കരകവിയുകയും അമര്‍ഷം പൊട്ടി ത്തെറിക്കുകയും മാറിമാറി നടക്കുന്നു. ‘അരക്ലാസ്സു ‘
ചായേന്റ വെള്ളം ആ ചെക്കന്
വാങ്ങിക്കൊടുക്കാതെ സഹതപിക്കുന്നു. ത്ഫൂ!
ഇക്ക കാര്‍ക്കിച്ചു തുപ്പി. തെക്കുനിന്നു
പോലീസ് ജീപ്പ് അലറി വിളിച്ചു വരുന്നത് കണ്ട് ഇക്ക ബീഡി ഒളിച്ചുപിടിച്ചു.
വായിലെടുത്ത പുക പുറത്തുവിട്ടില്ല. പോലീസ്
ജീപ്പ് പോയിക്കഴിഞ്ഞപ്പോള്‍ ധീരതയോടെ അയാള്‍ അമര്‍ത്തി വലിച്ചു പുകവിട്ടു. ഒരുദിവസം
മുമ്പാണ് കവലയിലെ ഒരു മുസ്ലിമിന്റെ കൂള്‍ബാര്‍
ബോംബു പൊട്ടി തകര്‍ന്നത്. അതില്‍ പിന്നെ ആ ഭാഗത്തു പോലീസ് സ്ഥിരമായി റോന്തുണ്ട്. കൂള്‍ബാര്‍ സംഭവത്തില്‍ ഹോട്ടല്‍ ബോള്‍ഗാട്ടിയിലെ പുരുഷന്
കാര്യമായ പങ്കുണ്ടെന്നാണ്
അംസക്കയുടെ ബോദ്ധ്യം. പുരുഷന് ചെട്ടിയങ്ങാടിയിലെ മുഴുവന്‍ ഹിന്ദുക്കളുടെയും
പിന്തുണയുണ്ട്.
പുരുഷന്‍ ഇറങ്ങിവന്നു കുഞ്ഞന്റെ മകനെ
കൈക്ക് പിടിച്ചു കടയി ലേക്ക് കൊണ്ടുപോകുന്ന
കാഴ്ച കണ്ട്, അങ്ങാടി മുഴുവന്‍ ഞെട്ടി. അംസക്കാ ബീഡി വലിച്ചെറിഞ്ഞു ഹോട്ടലിലേക്ക്
വെച്ചുപിടിച്ചു. ‘ബോള്‍ഗാട്ടി’യില്‍
ഊണിന്റെ നേരമായിരുന്നു. ചെക്കന്‍ ഒരരുകില്‍ തിരക്കൊഴിയാന്‍ കാത്തു നില്‍ക്കുകയാണ്.
പുരുഷന്‍ അല്ലെങ്കിലും ‘പഴേത്’മറക്കുന്ന
സ്വഭാവക്കാനല്ല. പുരുഷനും കുഞ്ഞനും ഒന്ന്
മുതല്‍ നാല് വരെ ഒരേക്ളാസ്സില്‍ ഒരേ ബെഞ്ചിലിരുന്നാണ് വളര്‍ന്നത്. ഇപ്പോഴും
കുഞ്ഞനെ മറക്കാത്തതിനു ഒരു കാരണമുണ്ട്. അനാഥാലയത്തിലെ കുട്ടിയായിരുന്ന കുഞ്ഞനെ
പുരുഷന്‍ പരപ്രേരണയാല്‍ ഒന്ന്
ഞോണ്ടി. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരൊറ്റ ചോദ്യം .
നിന്റെ അച്ഛനാരാ? കുഞ്ഞന്
മറുപടിയുണ്ടായില്ല. പുരുഷന്‍
വിശദീകരിച്ചു. “എന്റച്ഛന്‍ ഗോയിന്ദന്‍. അപ്പൂപ്പന്‍ ലെഷ്മണന്‍ .
മുത്തപ്പന്‍ ബപ്പി. ഇനിപ്പറ. നിന്റച്ഛനാരാ?”
കുഞ്ഞന്റെ കൊച്ചകണ്ണുകള്‍ നിറഞ്ഞു
തുളുമ്പിയപ്പോള്‍ പുരുഷന് കുളിര്‍ത്തു.
പക്ഷെ, പിറ്റേന്ന്, കുഞ്ഞന്‍ പുരുഷനെ തോല്‍പ്പിച്ചു
കളഞ്ഞു. കുഞ്ഞന്‍ തന്റെ അച്ഛന്റെ പേര്
പറഞ്ഞു. മിശിഹ . യേശുമിശിഹ. ഗബ്രിയേലച്ചനാണ് പറഞ്ഞു കൊടുത്തത്.
പുരുഷന്റെ കാര്യം പരുങ്ങലിലായി. കുഞ്ഞന്റെ
അച്ഛന്‍ മിശിഹയാണ്. ദൈവം. തന്റെ അച്ഛനോ?
ഗോയിന്ദന്‍. ഏതു ഗോയിന്ദന്‍? ഒരു ഗോയിന്ദന്‍. ഓര്‍ക്കുന്തോറും അയാള്‍ക്ക്
മനസ്സ് നീറി. പുരുഷന്‍ ചെക്കന്റെ
മുമ്പില്‍ ഇല വെച്ചു. ചോറ് വിളമ്പി. ഹോട്ടലിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട്
അംസക്കാ വിളിച്ചുപറഞ്ഞു.
“ങ്ങനെ വേണം. പുരുഷാ, നീ മനുഷനാ.
ഒരെലച്ചോറു ആ കൊച്ചിന് നീ കൊടുത്തല്ലോ! നിനക്ക് പുണ്യം കിട്ടും.”
ചോറില്‍ തവി കൊണ്ട് കുഴിച്ചു നിറയെ സാമ്പാര്‍
പകരുമ്പോള്‍ പുരുഷന്‍ മറുപടി
പറഞ്ഞു. “ഇയാളിയാക്കട പണി നോക്കിപ്പോടോ.
പുണ്യത്തിന്റെ ലെവല് കൂട്ടാനല്ല,
എന്റെ ദിനേശന്റെ പ്രായല്ലേന്നു
കരുതിയാ.”
തന്റെ മുമ്പില്‍ കൂമ്പാരം പോലെ വിളമ്പിയ വെളുത്ത ചോറിനെ ആദരവോടെ കണ്ണു
നിറച്ചു കണ്ട് ഒരരുകില്‍ നിന്നു തിന്നു
തുടങ്ങിയ പട്ടിണിച്ചെക്കന്റെ ഒരു
പിടിച്ചോറു വായിലെത്തും മുമ്പേ, ഭൂമി പൊട്ടിത്തെറിച്ചു. ഭീകരമായ ശബ്ദത്തോടെ
ഹോട്ടലിന്റെ മേല്‍ക്കൂര മുകളിലേക്ക് ചിതറി.
തീയും, പുകയും, പൊടിപടലവും ഹോട്ടല്‍ ബോള്‍ഗാട്ടിയും എല്ലാം ഒന്നായി മാറി. ഉള്ളിലെ
തീയെ ഒളിച്ചുപിടിച്ച് കരിമ്പുകയുടെ
തീക്കണ്ണുകള്‍ പുറത്തേക്കു തള്ളിത്തള്ളി വന്നു. അംസക്കാ തന്റെ ഏറുമാടത്തിലേക്ക് ഓടിക്കയറി പലക താഴ്ത്തുമ്പോള്‍ അങ്ങാടിയിലെ കടകളെല്ലാം ഷട്ടറിടുന്ന
ഇരുമ്പന്‍ മുരള്‍ച്ച നിശ്ശബ്ദതയെ
മുറിച്ചു. ചെട്ടിയങ്ങാടിയി ല്‍ ദിവസ ങ്ങളുടെ വ്യത്യാസത്തില്‍ വീണ്ടും ഗ്രഹണം.
അംസക്കാ രണ്ടു കണ്ണിന്റെ വലിപ്പത്തില്‍ പലക പൊക്കിയപ്പോള്‍ രാമൂപ്പന്റെ
കടയുടെ പിറകില്‍ നിന്ന് ആ ചെക്കന്‍
പതുങ്ങിപ്പതുങ്ങി റോഡിലേക്ക് വരുന്നുണ്ടായിരുന്നു.തലയിലും ദേഹത്തും ചാരം
വാരിപ്പുരട്ടി, നെറ്റിയിലൊരു മുഴയും ചോരക്കട്ടയുമായി പ്രച്ഛഹ്ന വേഷക്കാരനെപ്പോലെ.
പേടിയായിരുന്നു ആ വലിയ കണ്ണുകളില്‍.
രക്ഷാപ്രവര്‍ത്തനം വരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഹോട്ടല്‍ ബോള്‍ഗാട്ടി
പൊടിഞ്ഞമര്‍ന്നപ്പോള്‍ അതിനടിയില്‍
പെട്ടുപോയ ഒരില ചോറിനെക്കുറിച്ച്
അവന്‍ അപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാവില്ല. അവന്റെ കൊച്ചു കണ്ണുകള്‍ ജനമെല്ലാം ഓടിയൊളിച്ച റോഡില്‍ തമ്പടിച്ചു
നിന്നു. അല്‍ ഹംദുലില്ലാ. അംസക്കാ പലക
താഴ്ത്തി. ഒന്നിലേറെ പോലീസ് ജീപ്പുകള്‍ വന്നു പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പലക പൊക്കി നോക്കി. ചെക്കനെ കണ്ടില്ല. പലക
നന്നായി പൊക്കി . ആ ഭാഗത്തെങ്ങും ഇല്ല. അംസക്കയുടെ ബുദ്ധിശക്തിയില്‍ തെളിഞ്ഞു.
ചെക്കനെ പോലീസുകാര്‍ തൂക്കിയെടുത്ത്
ജീപ്പിലിട്ട് കൊണ്ടുപോയിരിക്കുന്നു. അവിടന്നവനെ അനാഥാലയത്തില്‍ എത്തിക്കും. അവന്‍ രക്ഷപ്പെടും. ബോംബു
പൊട്ടിയതും ‘ദൈവാതീനം.’ അല്ലെങ്കിലോ? രാത്രിവരെ
തിരഞ്ഞാലും ചത്ത തന്ത
തിരിച്ചുവരില്ല. ആരെങ്കിലും വിളിച്ചു വീട്ടില്‍
കൊണ്ടുപോകുമോ? ഒരു രാത്രി
കൊണ്ടുപോയാല്‍ പിന്നെ ചെക്കന്‍ തലേലാകും. ഒഴിവാകുകയില്ല. അതിനു ഇന്നത്തെ കാലത്ത് ആരെങ്കിലും നില്‍ക്കുമോ? അങ്ങനെ ആരും ഏറ്റെടുക്കാതെ
വന്നാല്‍ രാത്രി ചെക്കന്‍ എന്ത് ചെയ്യും?
ഒറ്റപ്പെട്ട ഒരു ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ വളരെ അകലെ എവിടെയോ കേട്ട് അംസക്കാ
ഉണര്‍ന്നു. കുഞ്ഞാടിന്റെ കരച്ചില്‍ വീണ്ടും കേട്ടു. അകലെയല്ല. റോഡില്‍ തന്നെയാണ്.
ആളൊഴിഞ്ഞ ചെട്ടിയങ്ങാടിക്കവലയില്‍ ഇനി
നേരം ഇരുട്ടിപ്പുലരും വരെ ഒരു ജീവി കടന്നുവരില്ല. അതിനെ മറ്റാരും
തട്ടിയെടുക്കരുത്. കൂട്ടം തെറ്റി വന്ന കുഞ്ഞാട് ...ഒരു സ്കൂള്‍
കുട്ടിയെപ്പോലെ അത് ചാടിച്ചാടി വന്നു
അംസക്കയുടെ മടിയില്‍ കയറി.
ആകപ്പാടെ കറുത്ത നിറം. എന്ത് മിനുപ്പ്! അംസക്കാ അതിനെ കെട്ടിപ്പിടിച്ചു തലോടി. അംസക്കാ...കുഞ്ഞാട്
വിളിച്ചു. എന്തേടാ...അയാള്‍ തിരിച്ചു വിളിച്ചു. വാത്സല്യത്തോടെ ഊറിച്ചിരിച്ചു
കൊണ്ട് അയാള്‍ കടയില്‍ നിന്നിറങ്ങി. പക്ഷെ,
അവിടെയെങ്ങും അങ്ങനെയൊരാടിനെ കണ്ടില്ല. വെറുതെ തോന്നിയതാവും എന്ന് വിശ്വസിക്കാതെ വിശ്വസിച്ചുകൊണ്ട് അയാള്‍
തിരികെ ഏറുമാടത്തിലേക്കു
കയറുമ്പോള്‍ വീണ്ടും കേട്ടു, ആടുകരച്ചില്‍.
ഇത്തവണ കണ്ടുപിടിച്ചു. കടയുടെ അടിയില്‍
നിന്നാണ്. അമ്പട, കള്ളാ! അംസക്കാ കടയുടെ
മൂട്ടില്‍ ഭൂമിയോളം താഴ്ന്നു കുത്തിയിരു ന്ന്
കുമ്പിട്ടു നോക്കി. ഒന്നേ നോക്കിയുള്ളൂ. പെട്ടെന്ന് തന്നെ എഴുന്നേ റ്റ്
അയാള്‍ ധൃതിയില്‍ കടയ്ക്കുള്ളില്‍ കയറി ഇരിപ്പായി. കുറച്ച് കഴിഞ്ഞ പ്പോള്‍ കടയുടെ അടിയില്‍ നിന്ന് ആ ചെക്കന്‍ നൂണ്ടിറങ്ങി
റോഡിലേ ക്ക് നടക്കുന്നത് പലക വിടവിലൂടെ
അയാള്‍ കണ്ടു. എന്തൊക്കെയാ ണ് വിചാരിച്ചത്? വഴിതെറ്റി വന്നൊരു കുഞ്ഞാട്... കറുത്ത്,മിനുത്ത്... .ത്ഫൂ! അറാം
പെറപ്പ്. അമര്‍ഷം വിരലുകളിലൂടെ
കുറ്റിത്തലമുടിയില്‍ ഓടിനടന്നു. ചെക്കന്റെ
ആടുകരച്ചില്‍ ചുരുങ്ങിച്ചുരുങ്ങി
നേര്‍ത്ത കുറുകലായി മാറിയിരുന്നു. ചെക്കന്‍ മുന്നോട്ടു
നടക്കുകയായിരുന്നു. നാലുപാടുനിന്നും
ഇരുട്ടും വലിച്ചുകൊണ്ട് അവനെ മൂടാന്‍
രാത്രി വെമ്പി. ഈ
ചെക്കന്‍ ഇനി എന്റെ തലേ ല്‍
കുടുങ്ങുമോ? പടച്ചോനേ!
ചിന്തയിലാണ്ട അംസക്കായുടെ
കാഴ്ചയിലേക്ക് അങ്ങാടിക്കവല തിരിഞ്ഞ്,
മന്തുള്ള വലതു കാല്‍ ഒരു താളക്രമത്തില്‍ വലിച്ചു വലിച്ചു, മറിയം ഭ്രാന്തി
കടന്നുവന്നു. ചുറ്റും നോക്കി
സന്തോഷവതിയായി വലിയ മഞ്ഞച്ച പൊന്തമ്പല്ലുകള്‍ വെളിക്കു കാട്ടിച്ചിരിച്ചു കൊണ്ട്,
ഉറക്കെ പായാരങ്ങള്‍ പറഞ്ഞു കൊണ്ട്...കരിമെഴുക് പുരണ്ടപോലെ
മുഷിഞ്ഞുലഞ്ഞ ചട്ടയും ഞൊറിമുണ്ടുമാണ് മറിയം ഭ്രാന്തിയുടെ വേഷം. അഭി മുഖമായി നടന്നു
വന്ന കുട്ടിയും ഭ്രാന്തിയും
അടുത്തെത്തിയപ്പോള്‍ നിന്നു. മറിയം അവനെ നോക്കി ചിരിച്ചു. ഒരവസാന ശ്രമം എന്ന നിലയ്ക്ക് ആ കുട്ടി
ചോദിച്ചു: “എന്റപ്പന്‍ കുഞ്ഞന്‍
എവിടെയാണെ ന്നറിയാമോ?” കുഞ്ഞന്‍ എന്ന
പേരിലൂടെ ഒരു മനുഷ്യനെ നെയ്തെടുക്കാന്‍ കഴിയാതെ
ഭ്രാന്തി ചിരിച്ചു. കൈകള്‍ എളിയില്‍
തിരുകി ചെക്കനെ നോക്കി വിടര്‍ന്നു
ചിരിച്ചു. “എന്റപ്പന്‍ കുഞ്ഞനെ
കണ്ടോ, ചേച്ചീ-“ ചെക്കന്‍ വീണ്ടും ചോദിച്ചു. അവനെ ശാസിക്കുന്നത്
പോലെ ഭ്രാന്തി തിരുത്തി. “ കുഞ്ഞന്‍ നിന്റപ്പനല്ലെടാ. എന്റപ്പനാണ് .
നീയെന്റെ മോനല്ലേടാ?” ഭ്രാന്തി
അവനെ അടുപ്പിച്ചു പിടിച്ചു. “ഞാന്‍ നിന്റമ്മയാടാ.” രാമൂപ്പന്റെ അടഞ്ഞു കിടന്നിരുന്ന ചായക്കടയുടെ വരാന്തയില്‍ മറിയം
ഭാണ്ഡക്കെട്ടഴിച്ചു. തറയില്‍ തുണികള്‍
വിരിച്ചു. അരയില്‍ കെട്ടിപ്പിടിച്ചു
വാടിക്കിടന്നിരുന്ന കുട്ടിയെ അതില്‍
കിടത്തി. പിന്നെ മറിയം അവന്റെ അരികില്‍ കിടന്നു.
എന്നിട്ട് മുഷിഞ്ഞ ചട്ട മേലോട്ട് കയറ്റി, കുട്ടിയുടെ മുഖത്തോട് ചേര്‍ത്ത് പറഞ്ഞു: “കുടിച്ചോടാ മോനേ,
വയറു നെറച്ചും കുടിച്ചോ.”
ചെട്ടിയങ്ങാടിക്ക്
മുകളില്‍ നിറഞ്ഞു പരന്ന ഇരുട്ടിലേക്ക്
നോക്കി അംസക്കാ പിറുപിറുത്തു. അല്‍ഹംദുലില്ലാ.....
................
No comments:
Post a Comment