Thursday, April 16, 2020

കീപ്‌ ഡിസ്റ്റന്‍സ്



മനുഷ്യന്  ആര്ത്തിയുണ്ടാവുക  സാധാരണമാണ്.  എന്നാലുമില്ലേ, ഒരു പരിധി?  ഇനിയും കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍  ശരിയാവില്ലെന്ന്  അദ്രമാന് തോന്നി.  കടപ്പുറത്തുള്ള  ആ മീന്‍കാരന്റെ വീട് അന്വേഷിച്ചു അയാള്‍ പോയി. അവനോടു രണ്ടു പറയണം.  
                കഴിഞ്ഞയാഴ്ച  അദ്രമാന്റെ മകളും മരുമകനും കുഞ്ഞും യാത്ര ചെയ്തി രുന്ന കാര്‍ ഒരു ഹമ്പിനു മുന്നില്‍ ബ്രേക്ക്‌ ചെയ്തപ്പോള്‍ ആ മീന്‍കാരന്റെ ബൈക്കു പിന്നിലിടിച്ചു.  ബൈക്കിന്റെ ചക്രം കോടി.  അയാളുടെ കൈ ഒടിഞ്ഞു. കാറിന്റെ നിതംബം ചളുങ്ങി.  അകലം പാലിക്കാതെ  പിന്നിലിടിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.  എന്നിട്ടും മജീദ്‌  ആയിരം  രൂപ കൊടുത്തു. സന്തോഷമായിട്ട് പോയ ആള്‍ പിറ്റേന്ന് ഒരു പോലീസ് കാരനെ പറഞ്ഞുവിട്ടിരിക്കുന്നു. ആയിരം  രൂപ കൂടി വേണമെന്ന്. പ്രശ്നം തീരട്ടെയെന്ന് കരുതി മജീദ്‌ അത് കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞില്ല, പോലീസുകാരന്‍ വീണ്ടും വന്നു. ബൈക്ക് വര്‍ക്ക് ഷോപ്പിലാണ്. പണിക്കു പോയിട്ടില്ല. പിള്ളേര് പട്ടിണിയാ ണ്.ആയിരം രൂപ കൂടി വേണമെന്ന് പറയുന്നു.
അത് വേണോ?
അദ്രമാന്‍ പോലീസുകാരനോട്‌ ചോദിച്ചു.
ആയിരം കൊടുത്തില്ലെങ്കിലും  ഒരു ഏഴുനൂറ്റന്പതെങ്കിലും കൊടുക്കാമെന്നു തോന്നുന്നു.  കാരണം, ഞാന്‍ അവന്‍റെ വീട്ടില്‍ പോയന്വേഷിച്ചു. സംഗതി ശരിയാണ്. വീട്ടിലാകെ കഷ്ടപ്പാടാണ്. പോലീസുകാരന്‍ പറഞ്ഞു.                                                                            അതുകേട്ടപ്പോള്‍ വിഷമം തോന്നി ആയിരം രൂപ തന്നെ കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പിന്നെയും പോലീസുകാരനെ പറഞ്ഞുവിട്ടിരിക്കുന്നു. വണ്ടി വര്‍ക്ക് ഷോപ്പില്‍ നിന്നിറക്കി യപ്പോള്‍ പതിനായിരം കൂടി ചെലവായി.  അതിന്റെ പകുതി മജീദ്‌  വഹിക്കണ മെന്നാണത്രേ, അവന്റെ വാശി. ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്ന്. കടപ്പൊറങ്കാരോട് കളിച്ചാല്‍ സാറിന്‍റെ കാറു വഴിയിലിറക്കാന്‍  സമ്മതിക്കി ല്ലത്രേ. അദ്രമാന്‍ അന്തം വിട്ടിരുന്നു പോയി.   
ഇനി ഒരു രൂപ പോലും കൊടുത്തുപോകരുതെന്ന് പോലീസുകാരന്‍ അയാളെ ഓര്‍മ്മിപ്പിച്ചു.
അവന്‍  കൊണ്ടുപോയി കേസ് കൊടുക്കട്ടെ. സാറ് പേടിക്കണ്ട.  ഇതൊക്കെ ഇവമ്മാരുടെ വെരട്ടല്ലേ? കേസ് കൊടുത്താല്‍ തന്നെ, എന്ന് വിളിക്കാനാണ്? ചുരുങ്ങിയത് രണ്ടു കൊല്ലം കഴിഞ്ഞേ  കോടതി  കേസെടുക്കൂ. സമന്‍സ്  അപ്പോഴേ വരൂ. 
പെട്ടെന്ന് അകത്തെ മുറിയില്‍ നിന്ന് ഭാര്യ പുറത്തുവന്നു. പോലീസുകാരനെ  കേള്‍പ്പിക്കാതെ അദ്രമാനോട് കുശുകുശുത്തു.
(ഈ പോലീസുകാരന്‍ പറഞ്ഞ കാശ് കൊടുത്തു പ്രശ്നം സോള്‍വ് ചെയ്. അതാ ബുദ്ധി. ഈ കോടതീം കേസുമോന്നും നുമ്മാക്ക് ചേര്‍ന്നതല്ല. നിങ്ങാക്ക്  ഏതെങ്കി ലും കോടതീക്കേറി കൂട്ടില്‍ നിക്കാനുള്ള ദൈര്യമുണ്ടാ? ) 
അത്രയുംനേരം ആര്‍ക്കോ  ഫോണ്‍ ചെയ്യുകയായിരുന്ന പോലീസുകാരന്‍   അദ്ര മാന്റെ അടുത്ത് വന്നു പറഞ്ഞു.
അല്ലെങ്കില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് കോമ്പ്രമൈസാക്കാമെന്ന് അവന്‍ പറയുന്നു. ഇനി സാറിന്റിഷ്ടം.
ഭാര്യ വീണ്ടും സ്വകാര്യം പറഞ്ഞു.
(ഗോള്‍ഡന്‍ ചാന്സാടോ . സമ്മതിക്ക്‌, ഉം, ഉം ഭാര്യ അദ്രമാനെ പിച്ചാനും  നുള്ളാനും ഉന്താനും തുടങ്ങി.) പോലീസുകാരന്  അദ്രമാന്‍ അഞ്ഞൂറ് രൂപ   കൊടുത്തു. ഇതിരിക്കട്ടെ.മൂന്നു നാല് തവണയായി സാര്‍  അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതല്ലേ?     പക്ഷെ, പോലീസുകാരന്‍ വാങ്ങിയില്ല. (പിന്നെ ഒരു കണക്കില്‍ കയ്യില്‍ പിടിപ്പിച്ചു.)  
ഇനി അവനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം. നേരിട്ട് പറയണം. ഒരു രൂപ പോലും ഇനി തരില്ലാന്നു മുഖത്ത്നോക്കി പറയണം. മനുഷ്യനായാല്‍  ഇത്രയ്ക്ക്   ആര്‍ത്തി പാടില്ലല്ലോ. അങ്ങനെയാണ് അദ്രമാന്‍ മീന്‍കാരന്റെ വീടന്വേഷിച്ച്‌   പോയത്.
കടപ്പുറത്ത് മീന്‍കാരന്റെ വീട് കണ്ടു. ആളെ കണ്ടു. പിന്നെ അങ്ങ് ‘കത്തിക്കയറി’.  ഉണ്ടായ ചരിത്രവും കൊടുത്ത കാശും എല്ലാം പറഞ്ഞു.
ഇനി നീ പോയി കേസ് കൊട് ,അല്ലെങ്കി, കാറ്  വഴീല്‍ തടയ്. അപ്പൊ കാണാം.
അദ്രമാന്‍ വെല്ലുവിളിച്ചിട്ടു മടങ്ങി.
അതുവരെ നിശ്ശബ്ദനായിരുന്ന മീന്‍കാരന്‍  പറഞ്ഞു.
സാര്‍. ഒന്ന് നിന്നേ. എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്റെ വണ്ടി സാറിന്റെ കാറിന്‍റെ പുറകിലിടിച്ചു. കുറ്റം എന്റെയാ. സമ്മതിച്ചു.  സാര്‍ എനിക്ക്  ആയിരം രൂപയും തന്നു. വണ്ടി നന്നാക്കാനും  എന്റെ  ചികിത്സയ്ക്കുമായി  ഇരുപതിനായിരം രൂപ ചെലവായി. പക്ഷെ,   ഞാനൊന്നും സാറിനോട് ചോദിച്ചില്ലല്ലോ? ബാര്യേടെ നാലുവള പണയം വെച്ചാ ഞാന്‍ ആ കാശുണ്ടാക്കിയത്. എന്റെ കുഞ്ഞുമക്കളാണെ സത്യം. എന്‍റെ അച്ഛനമ്മമാരാണെ സത്യം.
                                       ******************** 
 -ഐന്‍സ്റ്റീന്‍ക്രിശോ.                                                                                                    

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...